കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പലവുരു ആവർത്തിച്ചതാണ്. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുറന്നുപറയണമെന്ന് പോലും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോടതി ചോദിക്കുകയുണ്ടായി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ അന്ന് പുതിയ കൊടിതോരണങ്ങൾ സംസ്ഥാനത്ത് ഉയർന്നുവന്നിരുന്നു. ഇതൊക്കെ അധികാരികൾ കണ്ണുതുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്ന് സർക്കാരിനെ വിമർശിച്ചിരുന്നു. പൊതുനിരത്തിലെ കൊടിമരങ്ങൾ അപകടം ഉണ്ടാക്കുന്നുവെന്നും കോടതികൾ ഓർമിപ്പിച്ചിട്ടുണ്ട്. പൊതുനിരത്ത് ഏതെങ്കിലും പാർട്ടിയുടെ കുത്തകയല്ല എന്നതാണ് മറ്റൊരു കാര്യം. അത് പൊതുമരാമത്ത് വകുപ്പിന്റെയോ, പഞ്ചായത്തിന്റെയോ, നഗരസഭയുടെയോ കീഴിൽ വരുന്നതാണ്. ഇങ്ങനെ അനധികൃതമായി സ്ഥാപിക്കുന്ന കൊടിതോരണങ്ങൾ പലവിധ അപകടങ്ങൾ ഉണ്ടാക്കുന്നു. എന്നിട്ടും ഒരുകൊടിതോരണം പോലും മാറ്റിയിട്ടില്ല എന്നുകാണാം. അതിനിടെയാണ് എറണാകുളത്ത് പനങ്ങാട് താമസിക്കുന്ന മുൻസിഫ് കോടതി മജിസ്‌ട്രേറ്റിന് ഉണ്ടായ ദുരനുഭവം.

വടക്കാഞ്ചേരി കോടതിയിലെ മജിസ്‌ട്രേറ്റായ ടികെ അനിരുദ്ധൻ തന്റെ സ്ഥലം കൈയേറി സിപിഎം അനധികൃതമായി കൊടിമരം സ്ഥാപിച്ചതിന് എതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്. വടക്കാഞ്ചേരിയിലാണ് ഔദ്യോഗിക വസതിയെങ്കിലും, മജിസ്‌ട്രേറ്റിന്റെ സ്ഥിരം മേൽവിലാസം പനങ്ങാടാണ്. അവിടെ പ്രായമായ അമ്മയും, ഭാര്യയും, മകനുമാണ് താമസം. അമ്മയെ കാണാനും സ്ഥ്വലം നോക്കാനുമായി മജിസ്‌ട്രേറ്റ് ഇടയ്ക്കിടെ പനങ്ങാട് വരാറുണ്ട്. അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ സിപിഎമ്മുകാർ സ്ഥലം കൈയേറി കൊടിമരം സ്ഥാപിച്ചിരിക്കുകയാണ്.

വീട്ടിൽ പ്രായമായ അമ്മ മാത്രമുള്ളപ്പോഴായിരുന്നു കൈയേറ്റവും കൊടിമരം സ്ഥാപിക്കലും. അമ്മ കയ്യേറ്റം ചോദ്യം ചെയ്തപ്പോൾ ആരും തങ്ങളെ ചോദ്യം ചെയ്യില്ലെന്നായിരുന്നു വാർഡ് മെമ്പർ അടക്കമുള്ള സിപിഎമ്മുകാരുടെ മറുപടി. മജിസ്‌ട്രേറ്റിന്റെ പിതാവിന് വീടിന്റെ മുമ്പിലായി ഒരു പലചരക്ക് കട ഉണ്ടായിരുന്നു. 2021 ൽ പിതാവ് അന്തരിച്ചു. ആ കട ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. അതിന് തൊട്ടുമുമ്പുള്ള വീടിന്റെ മുൻഭാഗത്ത് ഇടയ്ക്കിടെ ഇങ്ങനെ കയ്യേറ്റങ്ങൾ നടക്കാറുണ്ട്. പരാതി കൊടുക്കും, കയ്യേറ്റങ്ങൾ ഒഴിച്ചിടും, പിന്നെയും അത് തുടരും. അടുത്തകാലത്ത് അവിടെ ചെടിയൊക്കെ വച്ച് ചെറിയ തോതിൽ ഭംഗിയാക്കാൻ തുടങ്ങിയിരുന്നു. അതിനിടയിൽ, പനങ്ങാട്ടെ വീട്ടിൽ മജിസ്‌ട്രേറ്റ് ഇല്ലാത്ത ദിവസം, സിപിഎമ്മുകാർ അവിടെ കൊടി നാട്ടുകയായിരുന്നു.

ഇക്കാര്യങ്ങൾ കാട്ടി മജിസ്‌ട്രേറ്റായ ടികെ അനിരുദ്ധൻ കഴിഞ്ഞ മാസം 20 ന് പൊലീസിൽ പരാതി നൽകിയെങ്കിലും, ഇതുവരെയും ഒരുനടപടിയും സ്വകരിച്ചിട്ടില്ല. മജിസ്‌ട്രേറ്റിന്റെ വീടിന് മുമ്പിൽ കൊടി ഉയർത്തിയതായി പരാതി കിട്ടിയിട്ടും, പൊതുനിരത്തിൽ, കൊടിതോരണം പാടില്ലെന്ന കോടതി വിധി നിലനിൽക്കുമ്പോൾ അനധികൃത കയ്യേറ്റം നടത്തിയിട്ടും, നടപടി എടുക്കാൻ പൊലീസിന് കഴിയുന്നില്ല. പൊലീസിന് സഖാക്കളെ ഭയമാണെന്ന് കരുതേണ്ടി വരും. വേണു, മിനി ( നാലാം വാർഡ് അംഗം, പനങ്ങാട്) എന്നിവരുടെ നേതൃത്വത്തിലാണ് ഈ കയ്യേറ്റം നടത്തിയതെന്ന് പരാതിയിൽ എടുത്തു പറഞ്ഞിട്ടും, പൊലീസ് ഇവരെ ചോദ്യം ചെയ്യുകയോ, മൊഴിയെടുക്കുകയോ, എഫ്‌ഐആറിടുകയോ ചെയ്തിട്ടില്ല. മജിസ്‌ട്രേറ്റായ തന്റെ സ്ഥിതി ഇതാണെങ്കിൽ, സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഒരു മജിസ്‌ട്രേറ്റിന്റെ വീടിന് മുമ്പിൽ തടസ്സം സൃഷ്ടിച്ച് സിപിഎം കൊടി ഉയർത്തിയിട്ടും നടപടിയില്ലെങ്കിൽ സാധാരണക്കാർ എങ്ങനെ ജീവിക്കും എന്ന ചോദ്യവും ഉയരുന്നു.

അനധികൃതകൊടിയും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ടായിട്ടും, അതെല്ലാം ലംഘിച്ച് തന്റെ സ്ഥലം കയ്യേറി നിയമം ലംഘിച്ചിരിക്കുകയാണ് സിപിഎമ്മുകാർ എന്നും മജിസ്‌ട്രേറ്റിന്റെ പരാതിയിൽ പറയുന്നു.