തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ കൊലക്കേസ് പ്രതിയും. ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ജയിൽ സൂപ്രണ്ടിന്റെ കത്ത് വിവാദങ്ങളിൽ നിറയുമ്പോഴാണ് ഈ വിവരവും പുറത്തു വരുന്നത്.

കൊലക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച കാലാവധി സർവീസായി പരിഗണിക്കണമെന്ന ശിശുക്ഷേമസമിതിയിലെ ജീവനക്കാരന്റെ അതിവിചിത്ര ആവശ്യമാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നത്. സിപിഎമ്മിന്റെ വഞ്ചിയൂരിലെ പ്രാദേശികനേതാവായ അജികുമാറാണ് ശിശുക്ഷേമ സമിതിയിൽ ഇപ്പോഴും ജോലി ചെയ്യുന്നത്. ഉദ്യോഗത്തിൽ പ്രെമോഷൻ കിട്ടാൻ വേണ്ടിയാണ് വിചിത്രമായ അപേക്ഷയുമായി സമിതിയെ സമീപിച്ചത്. അപേക്ഷ രാഷ്ട്രീയ ഇടപെടലിലൂടെ നടപ്പാക്കിയെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. സിപിഎം ജില്ലാ നേതൃത്വവുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് അജികുമാർ.

ആർ.എസ്.എസ്. പ്രവർത്തകനായ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അജികുമാർ ഒരുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. സിപിഎം. പ്രവർത്തകനായ വഞ്ചിയൂർ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്. ഇതിനുള്ള പ്രതികാരാമായിരുന്നു രഞ്ജിതുകൊലയെന്നാണ് ആക്ഷേപം. വിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജികുമാർ.

2008ൽ വധക്കേസിൽ അറസ്റ്റിലായി ജയിലിൽകഴിഞ്ഞ അജികുമാറിനെ സമിതിയിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. 2008 എപ്രിൽമുതൽ 2009 ഏപ്രിൽവരെയായിരുന്നു സസ്‌പെൻഷൻ. പിന്നീട് തിരിച്ചെടുത്തു. ഈ കേസിന്റെ വിചാരണ കോടതിയിൽ നടക്കുകയാണ്. ഇത്രയും ഗുരുതരമായ കേസിൽ ഉൾപ്പെട്ടയാളെ എങ്ങനെയാണ് തിരിച്ചെടുത്തതെന്ന ചോദ്യവും പ്രസക്തമാണ്. അതിനിടെയാണ് 22 വർഷത്തെ ഹയർഗ്രേഡ് മുൻകാലപ്രാബല്യത്തോടെ നൽകണമെന്നാവശ്യപ്പെട്ടാണ് അജികുമാർ ശിശുക്ഷേമസമിതിയെ സമീപിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിലാണ് അജികുമാർ ജോലിചെയ്യുന്നത്. ഈ അപേക്ഷയുടെ മറവിൽ ജയിലിൽകഴിഞ്ഞ സമയത്തെ സസ്‌പെൻഷൻ കാലാവധി ക്രമീകരിക്കാനുള്ള നീക്കം നടക്കുന്നതായാണ് ആരോപണം. ഇതിലൂടെ പ്രെമോഷനും കിട്ടും. എന്നാൽ കോടതിയിലെ കേസിൽ തീർപ്പു കല്പിക്കുന്നതുവരെ അജികുമാറിന്റെ സർവീസ് വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സമിതിക്ക് അധികാരമില്ലെന്നും അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സമിതി ജനറൽസെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.

അജികുമാർ സമിതിയിൽ ജീവനക്കാരനായി തുടരുന്നതിനെതിരേ ആരും പരാതികളും നൽകിയിട്ടില്ലെന്നും പറഞ്ഞു. പരാതി നൽകിയില്ലെങ്കിലും അജികുമാർ കൊലക്കേസിൽ പ്രതിയാണെന്ന് ശിശുക്ഷേമ സമിതിയിലെ അധ്യക്ഷന് അടക്കം അറിയാമെന്നതാണ് വസ്തുത.