- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭഗവാന് പൊറുത്താലും അണികള്‍ പൊറുക്കില്ല; ആറന്മുള വള്ളസദ്യ ആചാരലംഘനത്തിലെ 'ക്യാപ്സ്യൂളില്‍' നിന്ന് ഭഗവാനെ വെട്ടിയ പൊല്ലാപ്പില്‍ സിപിഎം ജില്ലാ കമ്മറ്റി; പകരം ചേര്‍ത്തത് ആചാരലംഘനമെന്ന വാക്ക്; വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാനെ കൂട്ടിപിടിച്ച വൈരുദ്ധ്യാത്മിക ഭൗതിക പാര്‍ട്ടിക്ക് ട്രോള്‍
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിന് 'ക്യാപ്സ്യൂള്‍' നിര്‍മിച്ച സിപിഎം ജില്ലാ കമ്മറ്റിയുടെ പണി പാളി. കുപ്രചാരണം ഭഗവാന്‍ പൊറുക്കില്ലെന്ന ആദ്യ പ്രസ്താവന അബദ്ധം മനസിലാക്കി ജില്ലാ കമ്മറ്റിക്ക് തിരുത്തേണ്ടി വന്നു. ഭഗവാന്‍ പൊറുക്കില്ല എന്നതിന് പകരം ആചാരലംഘനം എന്ന വാക്ക് ചേര്‍ക്കുകയായിരുന്നു. ഭഗവാന്‍ പൊറുത്താലും അണികള്‍ പൊറുക്കില്ലെന്ന് കണ്ടാണ് ജില്ലാ കമ്മറ്റിയുടെ മലക്കം മറിച്ചില്‍.
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ല എന്ന വാചകമാണ് തിരുത്തിയത്. ഈ വാചകം ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ലെന്ന് മാത്രമല്ല, പൊറുക്കില്ലെന്നത് ഓര്‍ക്കുന്നത് നന്ന് എന്നാക്കി മാറ്റുകയാണ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ട്രോളായി മാറിയിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 14 ന് ആറന്മുള ക്ഷേത്രത്തില്‍ നടന്ന വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്നത് വ്യാജപ്രചാരണമാണെന്നും അത് ചില സംഘപരിവാര്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചാരണം നടത്തുന്നുവെന്നുമായിരുന്നു 'ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു' എന്ന തലക്കെട്ടില്‍ വന്ന സാമൂഹിക മാധ്യമ വിശദീകരണക്കുറിപ്പില്‍ സിപിഎം ജില്ലാ കമ്മറ്റി പറഞ്ഞിരുന്നത്.
അതിങ്ങനെ:
ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു
ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പെരുകുകയാണ്
അഷ്ടമിരോഹിണി വള്ള സദ്യയില്‍ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്നാണ് പുതിയ ആരോപണം.
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.
മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികള്‍ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ എത്തി.
11 നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വം ഓഫീസില്‍ വിശ്രമിച്ചു.
തുടര്‍ന്ന് 11 മണിയോടെ കൊടിമരച്ചുവട്ടില്‍ എത്തി. 11.5 ന് അവിടെ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ ഉള്‍പ്പെടെ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിനുള്ളില്‍ ഭഗവാന് സദ്യ നേദിച്ചു.
11.20ന് ആ ചടങ്ങുകള്‍ പൂര്‍ത്തിയായി.
തുടര്‍ന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി.
പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നല്‍കി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്.
വസ്തുത ഇതായിരിക്കെ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാര്‍ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്.
അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവന്‍ കമ്മിറ്റിയംഗങ്ങളുടെയും പൂര്‍ണ്ണമായ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്.
ആരോപണം വന്നപ്പോള്‍ തന്നെ കെ വി സാംബദേവന്‍ മാധ്യമങ്ങളോട് വസ്തുതകള്‍ വിശദീകരിച്ചതുമാണ്.
ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ഇതില്‍ അവസാന ഖണ്ഡികയാണ് തിരുത്തേണ്ടി വന്നത്. വൈരുദ്ധ്യാത്മിക ഭൗതിക വാദം പറയുന്ന സിപിഎം രക്ഷപ്പെടാന്‍ വേണ്ടി ഭഗവാനെ കൂട്ടുപിടിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുറിപ്പ് തിരുത്തിയത്.