തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം ജല ഘോഷയാത്ര നടത്തിയത് വിവാദത്തില്‍. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ജലഘോഷയാത്ര മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പോലീസിന് ചട്ടങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം.

സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂവാറില്‍ നടന്ന ജല ഘോഷയാത്രയില്‍ പോലീസ് നോക്കു കുത്തിയായി എന്നാണ് ആരോപണം. അപകട മേഖലയില്‍ വൈകിട്ടു 5.30 നു ശേഷംബോട്ട് സവാരി നടത്താന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു ജലഘോഷയാത്ര. ഉച്ചയോടു കൂടി ജല ഘോഷ യാത്ര ആയതിനാല്‍ സഞ്ചാരികളെ കേറ്റരുത് എന്ന് സന്ദേശം ബോട്ടുടമകള്‍ക്ക് കിട്ടി. ബോട്ടിന്റെ ഫ്രണ്ടില്‍ അപകട സാധ്യതയോടെ സഞ്ചാരികള്‍ ഇരിക്കുമ്പോള്‍ പെറ്റി അടിക്കുന്ന പോലീസ് സി പി എമ്മിനെ കണ്ടു മുട്ടു വിറച്ചോ എന്ന ചോദ്യവും ഉയരുന്നു. അപകടകരമായ രീതിയില്‍ പലതും സംഭവിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു.

ലൈഫ് ജാക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പെറ്റി അടിക്കുന്ന പോലീസ് കണ്ണ് മൂടി കെട്ടിയാണോ നിന്നത്? ബോട്ടിന്റെ ബൊണറ്റില്‍ ഇരുന്നു അപകടം വലിച്ചു വരുത്തുന്ന യാത്രയും നടന്നു. ഇതെല്ലാം ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. പൂവാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മജുസാം എസ് എ അതിശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു.

അതിനിടെ ജലഘോയാത്ര വിജയമാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തരം ജലയാത്ര സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പൂവാര്‍ ബണ്ട് റോഡിലെ കടവില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, പൂവാര്‍ പൊഴിക്കരയില്‍ നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു.

പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറന്‍സ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.എന്‍.സീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്.സുനില്‍ കുമാര്‍, എസ്.പുഷ്പലത, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്.ഹരികുമാര്‍, പി.രാജേന്ദ്രകുമാര്‍, കോവളം ഏരിയ സെക്രട്ടറി എസ്.അജിത്ത്, നേതാക്കളായ വണ്ടിത്തടം മധു, ബി.ടി.ബോബന്‍ കുമാര്‍, ശിജിത്ത് ശിവസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വൈകിട്ട് കായല്‍ക്കരയിലെത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. പൂവാര്‍ ബണ്ടില്‍നിന്ന് പുറപ്പെട്ട മുന്നൂറോളം ബോട്ടുകള്‍ പൊഴിക്കരയില്‍ സംഗമിച്ചു. കായലും കടലും കഥപറയുന്ന പൊഴിക്കരയില്‍ ഘോഷയാത്രയെ സ്വീകരിക്കാനും നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. ചെങ്കൊടിയേന്തി ആളുകള്‍ ജാഥയെ വരവേല്‍ക്കാനെത്തി.