പത്തനംതിട്ട: കാറിന്റെ പിന്നിൽ സ്‌കൂട്ടർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഹെൽമെറ്റ് കൊണ്ട് കാർ യാത്രികന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാൻഡിൽ. പല കുറി ആവശ്യപ്പെട്ടിട്ടും വാർത്ത മാധ്യമങ്ങൾക്ക് നൽകാതെ പൂഴ്‌ത്തി വച്ച് ഇലവുംതിട്ട പൊലീസിന്റെ സഹായം.

ഇലവുംതിട്ട കല്ലൻ സജി ഭവനം വീട്ടിൽ സുധാകരന്റെ മകൻ എംഎ‍ൽഎ എന്നറിയപ്പെടുന്ന എസ്. സജി (56) ആണ് റിമാൻഡിൽ പോയത്. 13 ന് ഉച്ചയ്ക്ക് 12 ന് രാമഞ്ചിറയിലാണ് സംഭവം. മെഴുവേലി രാമഞ്ചിറ പുതുമംഗലത്ത് നാണുവിന്റെ മകൻ കമലാസന(78)നാണ് ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റത്. കമലാസനന്റെ സുഹൃത്ത് കുഞ്ഞുമോൻ യാത്ര ചെയ്തിരുന്ന കാറിന് പിന്നിലാണ് സ്‌കൂട്ടർ ഇടിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. രംഗം ശാന്തമാക്കാൻ ഇടപെട്ട കമലാസനൻ സജി കുഞ്ഞുമോനെ ഹെൽമറ്റ് കൊണ്ട് അടിക്കുന്നത് തടഞ്ഞു. അടികൊണ്ട് കമലാസനന്റെ വലതു കൈവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. തുടർന്ന് സജി ഹെൽമറ്റ് കൊണ്ട് കമലാസനന്റെ തലയിൽ അടിച്ചു. തലയിൽ അഞ്ചു തുന്നലിടേണ്ടി വന്നു.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കമലാസനന്റെ മൊഴി വാങ്ങി കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു. അന്നുതന്നെ രാമഞ്ചിറയിൽ നിന്നും പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പിറ്റേന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിച്ചു, ഹെൽമെറ്റ് കണ്ടെടുക്കുകയും ചെയ്തു. പ്രതിക്കും സംഭവത്തിൽ പരുക്ക് പറ്റിയെന്നു പറഞ്ഞതിനെതുടർന്ന് മൊഴിയെടുത്ത് ദേഹോപദ്രവത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തുടർന്നാണ് ഇലവുംതിട്ട പൊലീസ് പ്രതിക്ക് വേണ്ടിയുള്ള കളികൾ തുടങ്ങിയത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ നിർദ്ദേശ പ്രകാരം വാർത്ത പത്രങ്ങൾക്ക് നൽകാൻ പൊലീസ് തയാറായില്ല. ഇലവുംതിട്ടയിലെ ലേഖകർ സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും വാർത്തയോ ചിത്രമോ നൽകിയില്ല. തുടർന്ന് മാധ്യമങ്ങൾ വിവരം എസ്‌പി ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ് വാർത്ത നൽകാൻ ഇലവുംതിട്ട പൊലീസ് തയാറായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് സി പി ഓമാരായ റെജിൻ, സുരേഷ്, സി പി ഓമാരായ അനന്തു, ധീരജ് എന്നിവരാണുള്ളത്.