കണ്ണൂർ: കണ്ണൂരിൽ സി.പി. എം-സി. പി. ഐ പോര് സർക്കാരിന്റെ കെട്ടുറപ്പിനെയും ബാധിക്കുന്നു. ഇടതുമുന്നണിയിലെ ഒന്നാം പാർട്ടിയും രണ്ടാമനും തമ്മിലുള്ള ചക്കളത്തി പോരാട്ടമാണ് മുന്നണിബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ ബാക്കി നിൽക്കവെയാണ് കണ്ണൂർ ജില്ലയിലെ തളിപറമ്പ് ഇരുപാർട്ടികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത്. ഏറ്റവും ഒടുവിൽ രണ്ടാം പിണറായി സർക്കാരിന്റെ പൊലീസിനെതിരെ പ്രതിഷേധവുമായി സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സി. പി. ഐ രംഗത്തിറങ്ങുന്നത് കണ്ണൂർ ജില്ലയിലെ മുന്നണി സംവിധാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ചു സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തും. ഒക്ടോബർ 30 ന് തിങ്കളാഴ്‌ച്ച രാവിലെ 10 നാണ് പ്രതിഷേധമാർച്ച് മാർച്ച്. ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സിപിഎം പ്രവർത്തകനെ മർദ്ദിച്ചുവെന്ന പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.സി.പി. ഐ ഉൾപ്പെടെയുള്ള ഇടതുമുന്നണി ഭരിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ പൊലിസിനെതിരെ സി.പി. ഐ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത് സോഷ്യൽമീഡിയയിലും ചൂടേറിയ ചർച്ചയായിട്ടുണ്ട്.

എന്നാൽ കള്ളപരാതിയിലാണ് തങ്ങൾക്കെതിരെ പൊലിസ് കേസെടുത്തതെന്നാണ് സി. പി. ഐ നേതൃത്വം പറയുന്നത്. സി.പി. ഐ മാന്ദം കുണ്ടിൽ നടത്തിയ ബദൽ കുടുംബസംഗമത്തിനിടെ മർദ്ദനമേറ്റുവെന്ന് പരാതിപ്പെട്ടയാൾ കൂവിയത് ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സി.പി. ഐ ജില്ലാകൗൺസിൽ അംഗം കോമത്ത് മുരളീധരൻ പ്രതികരിച്ചു.

തളിപറമ്പ് നഗരസഭയിലെ മാന്ധംകുണ്ടിൽ നിന്നും മുൻ നഗരസഭാവൈസ് ചെയർമാനും സി. പി. എം ഏരിയാകമ്മിറ്റിയംഗവുമായ കോമത്ത് മുരളീധരനും അൻപതോളം പേരും സി.പി. ഐയിൽ ചേർന്നതിനെ തുടർന്നുള്ള തർക്കമാണ് ഇരുപാർട്ടികളും തമ്മിലുള്ള തർക്കത്തിന്റെ മൂലകാരണമായി മാറിയത്. സി. പി. ഐ അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കിയ മണ്ഡലം സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെ തളിപറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയാക്കിയതോടെയാണ് കോമത്തു മുരളീധരനും അനുകൂലികളും കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സി.പി. എം വിടുന്നത്.

സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ടീച്ചർ നഗരസഭാ ചെയർപേഴ്സനായിരുന്ന ആന്തൂർ നഗരസഭയ്ക്കെതിരെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമയും വ്യവസായ സംരഭകനുമായ പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ അതിശക്തമായ വിമർശനം കോമത്ത് മുരളീധരനും സംഘവും ഉയർത്തിയിരുന്നു. ഇതോടെയാണ് കോമത്ത് പാർട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. ഇതിനു ശേഷം തളിപറമ്പിലെ മുഖ്യനേതാക്കളിലൊരാളായ കോമത്ത് മുരളീധരനെതിരെ ഔദ്യോഗികവിഭാഗം ഒതുക്കൽ പ്രക്രിയ തുടങ്ങുകയായിരുന്നു.

തനിക്കെതിരെയുള്ള നീക്കം ശക്തമായതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ തളിപറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചാണ് കോമത്ത് മുരളീധരൻ പാർട്ടിവിട്ടത്. ഇതിനു ശേഷം സി.പി. ഐയിൽ ചേർന്ന കോമത്ത് മറ്റൊരു ടി.പി ചന്ദ്രശേഖരനായി മാറാതെ അൻപത്തിനാലു വെട്ടിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഘടകകക്ഷി നേതാവെന്ന പരിഗണന നൽകാൻ സി.പി. എം തയ്യാറായില്ല. ഇതിനിടെ പുല്ലായിക്കൊടിയെ സിപിഎം ലോക്കൽ സെക്രട്ടറിയാക്കിയതിന്റെ മധുര പ്രതികാരമായി സി.പി. ഐ ജില്ലാകൗൺസിലിൽ കോമത്ത് മുരളീധരനെ ഉൾപ്പെടുത്തിയത്. ഇതോടെ സി.പി. എം നേതൃത്വത്തിന് ഹാലിളകി.

കോമത്ത് പങ്കെടുക്കുന്ന മുന്നണിയുടെ പരിപാടികൾ സി.പി. എം ബഹിഷ്‌കരിക്കുകയും സി.പി. ഐ കൊടിമരങ്ങളും കൊടിയും മറ്റു പ്രചരണങ്ങളും പാർട്ടി ഗ്രാമമായ മാന്ദംകുണ്ടിലും കീഴാറ്റൂരിലും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി സി.പി. ഐ കാൽ നടപ്രചരണജാഥയ്ക്കു നേതൃത്വം നൽകിയ കോമത്ത് മുരളീധരനെയും പ്രവർത്തകരെയും തടയുകയും സി.പി. എം പ്രവർത്തകർ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇരുപാർട്ടികളും ചേരിതിരിഞ്ഞു കുടുംബസംഗമങ്ങൾ നടത്തിയത്.

സി. പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത എൽ.ഡി. എഫ് കുടുംബസംഗമം സി.പി. ഐ ബഹിഷ്‌കരിക്കുകയും സംസ്ഥാന കൗൺസിൽ അംഗമായ സി.പി മുരളിയെ പങ്കെടുപ്പിച്ചു കൊണ്ടു ബദൽ കുടുംബസംഗമം നടത്തുകയും ചെയ്തത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തളിപറമ്പിലെ ചേരിപ്പോരിൽ എൽ.ഡി. എഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ഇരുപാർട്ടികളിൽ നിന്നും ആവശ്യങ്ങൾ ഉയരുമ്പോഴും കൈയുംകെട്ടി നോക്കിനിൽക്കുകയാണ് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും മറ്റു നേതാക്കളുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.