തിരുവനന്തപുരം: തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ജൂഡ് ആന്റണി ജോസഫിന്റെ '2018: എവരിവൺ ഇസ് എ ഹീറോ സിനിമയ്ക്ക് കിട്ടുന്നത്. മികച്ച ദൃശ്യ വിരുന്നായും, മലയാളിയുടെ കൂട്ടായ്മയുടെ മികച്ച ഉദാഹരണമായും പലരും കുറിക്കുമ്പോഴും, ചില കല്ലുകൾ സിനിമയ്ക്ക് നേരേ വരുന്നു. പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന്. ആദ്യം അത് ദേശാഭിമാനിയിലെ നിരൂപണത്തിലൂടെയായിരുന്നു. ഇപ്പോൾ, സിപിഎം നേതാക്കളും അനുഭാവികളും, ചിത്രത്തെ വിമർശിച്ച് രംഗത്ത് വന്നു.

കെ എ നിധിൻ നാഥ് എഴുതിയ നിരൂപണത്തിൽ പറഞ്ഞത് ഇങ്ങനെ:

'ഈ വർഷം ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ വിജയ സിനിമയായി 2018 മാറും. പക്ഷെ ഒരു ചരിത്ര ഡോക്യുമെന്റിന് സമാനമായി നിൽക്കേണ്ട സിനിമയിൽ സത്യസന്ധത വളരെ പ്രധാനമാണ്. ആഷിക് അബുവിന്റെ വൈറസ് സ്വീകരിച്ചതിന് സമാനമായ രീതി തന്നെയാണ് 2018ഉം സർക്കാർ സംവിധാനത്തെ അവതരിപ്പിക്കുന്നതിൽ സ്വീകരിച്ചത്. ഒരു ചരിത്ര ഡോക്യുമെന്റേഷന് സമാനമായി നിൽക്കാൻ സാധ്യതയുള്ള 'ഫിക്ഷൻ' എന്ന നിലയിൽ അവതരണത്തിലെ ചില സൃഷ്ടികൾ വലിയ പോരായ്മയാണ്, അതിനപ്പുറം അപകടവുമാണ്.

ഡാം തുറന്ന് വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജൻഡ നിർമ്മിതമായ വാട്സാപ്പ് ഫോർവേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ് സംവിധായകൻ ജൂഡ്. എം എം മണി മന്ത്രിയായപ്പോൾ വെറുതെ സ്‌കൂളിൽ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകൾ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ. ഡാം തുറന്ന് വിട്ടാണ് പ്രളയമുണ്ടായത് എന്ന നുണ ഇനിയും പറഞ്ഞാൽ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടായിരിക്കണം അങ്ങനെ നേരിട്ട് പറയാതെയിരുന്നത്.

വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ് അദൃശ്യവൽക്കരണവും തിരസ്‌കരണവും. മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചതുകൊണ്ട് മാത്രം ഓടി വന്നവരല്ല അവർ. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്. അത് കേട്ട്, പ്രതിസന്ധി തിരിച്ചറിഞ്ഞ് എത്തിയതാണ്. പ്രളയകാലത്തെ യഥാർഥ ഹീറോ അവർ തന്നെയാണ്. അതുകൊണ്ട് തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചതും നാട് അത് ഏറ്റ് വിളിച്ചതും. പക്ഷെ അത് കേവലം സഭയുടെ അക്കൗണ്ടിൽ ചാർത്തികൊടുക്കേണ്ടതല്ല.

സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മൾ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയൻ, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്ത പുനർനർമാണവുമെല്ലാം സാധ്യതമാക്കിയതിത്. 30 കൊല്ലം പിടിക്കും പഴയ കേരളമാക്കാൻ എന്ന് പറഞ്ഞ ഇടത്താണ് നാല് കൊല്ലം പിന്നിടും മുമ്പ് അതിലും ഉജ്വലമായ നവകേരളം ഉയർന്നത്. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്.

ചരിത്രത്തെ അദശ്യവൽക്കരിക്കരുത്. സർക്കാർ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്. പകച്ച് നിൽക്കുന്ന ഉദ്യോഗസ്ഥരാണ് സിനിമയിലേത്. അതല്ല എന്ന് ആ നാളുകളിലെ ചാനലുകൾ എങ്കിലും നോക്കിയാൽ മതി. അതിരൂക്ഷമായ പ്രതിസന്ധിയെ കൃത്യമായ ഇടപെടലിലൂടെ മറികടക്കാൻ പ്രവർത്തിച്ചവരാണവർ. താഴേത്തട്ടിൽ മുതലുള്ള ഉദ്യോഗസ്ഥർ ക്രിയാത്മകമായി തന്നെ ഇടപെട്ടു. രാഷ്ട്രീയ അന്ധതയിൽ അവരെയും മറന്നാണ് സിനിമ പോയത്. ദുരന്ത നിവാരണ അഥോറിറ്റി മുതൽ ഓരോ ജില്ലകളിലും പ്രദേശത്തും കൃത്യമായി കാര്യങ്ങൾ ഏകോപിപ്പിച്ച തദ്ദേശ ഭരണ സംവിധാനങ്ങൾ വരെ നീളുന്ന വലിയ സംവിധാനമുണ്ടായിരുന്നു.'

ദേശാഭിമാനിയുടെ വിമർശനത്തിന്റെ ചുവട് പിടിച്ചുകൊണ്ട്, മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, ജെ.മേഴ്‌സിക്കുട്ടിയമ്മയും അഭിപ്രായങ്ങൾ തുറന്നടിച്ചു.

ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം ചിന്തയിൽ നിന്നല്ല മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവർത്തനത്തിനു ഇറക്കണമെന്ന ആശയം ഉരുതിരിഞ്ഞത്. അതൊരു സർക്കാർ ഇടപെടലായിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ സൈന്യത്തിനു രക്ഷാപ്രവർത്തനം നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ എന്തുകൊണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറക്കി രക്ഷാപ്രവർത്തനം നടത്തിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി.ബി.നൂഹ് ആണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

സർക്കാർ തലത്തിൽ നടത്തിയ ക്രിയാത്മകമായ ഇടപെടലായിരുന്നു അത്. അന്ന് പെരുംമഴയത്താണ് ലോറികൾ ഫ്രീസ് ചെയ്യുന്നതും ബോട്ടുകൾ ഷിഫ്റ്റ് ചെയ്യുന്നതും. സഭയും ആളുകളും പൊലീസും എല്ലാവരും ആ രാത്രി സഹകരിച്ചു. റെസ്‌ക്യു ഓപ്പറേഷന്റെ തുടക്കം തന്നെ കൊല്ലത്ത് നിന്നാണ്. പിന്നീട് കനകക്കുന്നിൽ നടത്തിയ അനുമോദന സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്നത്,' മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നേവിക്ക് പറക്കാൻ പറ്റാത്ത തരത്തിൽ അന്നു മോശം കാലാവസ്ഥയായിരുന്നു കടകംപള്ളി പറയുന്നു. സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഈ റെസ്‌ക്യു ഓപ്പറേഷനിൽ ഉണ്ടായിരുന്നു. സഹകരിക്കാൻ സാധിക്കുന്ന ആളുകളെ മുഴുവൻ സഹകരിപ്പിച്ച് റെസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാവരുടെയും സഹകരണത്തോടെ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികളെ എത്തിച്ചത്. ഏതെങ്കിലും ഒന്നോ രണ്ടോ പേർ പറഞ്ഞാണ് ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞാൽ അത് അസംബന്ധമാണ്. ഇവരെ കൊണ്ടുപോകാനും ബോട്ടുകൾ കൊണ്ടുപോകാനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയത് സർക്കാർ തന്നെയാണ്. തിരിച്ചുവരാനുള്ള സൗകര്യങ്ങൾ വരെ അന്ന് സർക്കാർ ഒരുക്കി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു അതെല്ലാമൈന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സിനിമക്കെതിരെ രൂക്ഷവിമർശവുമായി സംസ്ഥാന നോളജ് മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ് ശ്രീകല ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

ശ്രീകലയുടെ കുറിപ്പ് ഇങ്ങനെ:

അർദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണ്.

സാങ്കേതികസംവിധാനത്തിന്റെ വികാസം നന്നായി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് സിനിമ. ദേശീയ തലത്തിൽതന്നെ വൻപ്രേക്ഷകസമൂഹത്തെ ആകർഷിക്കാൻ ചില സിനിമകൾക്ക് കഴിയുന്നത് ഈ സാധ്യതയുടെ കൂടി പശ്ചാത്തലത്തിലാണ്. അതൊരു മഹത്തായ കാര്യമായി ഘോഷിക്കപ്പെടേണ്ടതില്ലെന്നാണ് തോന്നാറുള്ളത്. മറിച്ച്, പ്രമേയേത്തിനനുസൃതമായി അത്തരം സാധ്യതകൾ ഉപയോഗിക്കാതിരിക്കുന്നത് കഷ്ടമെന്ന് പറയേണ്ടതായും വരും.

എന്നാൽ, സിനിമ നുണപ്രചാരണത്തിനുള്ള മാധ്യമമാക്കി മാറ്റാൻ മികച്ച സാങ്കേതികസംവിധാനത്തെ കൂട്ടുപിടിക്കുന്നത് ബുദ്ധിപരമായ തന്ത്രമാണ്. സിനിമ അറിയുന്ന സംവിധായകനാവുമ്പോൾ ആ തന്ത്രം ഫലപ്രദമാക്കാനും കഴിയും. ജൂഡ് ആന്റണി 2018 എന്ന സിനിമയിൽ പ്രയോഗിച്ചിരിക്കുന്നത് ഇതാണ്.

തന്റെ കുറ്റബോധത്തിൽ നിന്ന് രൂപപ്പെട്ടതാണ് ഈ സിനിമ എന്ന് സംവിധായകൻ പറഞ്ഞതായി കണ്ടു. അങ്ങനെ പറഞ്ഞുവോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ, ഡാം തുറന്നുവിട്ടതാണ് 2018 ലെ പ്രണയത്തിനു കാരണമെന്ന അശാസ്ത്രീയ നിരീക്ഷണത്തിൽ കുറ്റബോധം തോന്നിയിട്ടുണ്ടാവും എന്നാണ് കരുതിയത്. പക്ഷേ, സിനിമ ആ നിരീക്ഷണത്തെ നിരകരിക്കുന്നില്ലെന്ന് മാത്രമല്ല, ഒരളവോളം സ്ഥാപിക്കുകയും ചെയ്യുന്നു.

2018ലെ പ്രളയവേളയിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ കേരളീയരെ സിനിമ ബഹുമാനിക്കുന്നു, ആശ്വാസം. പക്ഷേ, അവരെ രംഗത്തിറക്കാൻ 'എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ' എന്നൊരു സവിശേഷമായ ആഹ്വാനം ഉണ്ടായിരുന്നു. അത് നൽകിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സിനിമ അവതരിപ്പിക്കുന്നത് പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെയാണ്.

നാലഞ്ച് വർഷം മുമ്പ് ഉണ്ടായ പ്രളയവും അന്ന് നടന്ന ജനകീയ രക്ഷപ്രവർത്തനങ്ങളും ഓർമ്മിപ്പിക്കുന്ന പോലെയോ രേഖപെടുത്തുന്ന പോലെയോ ആണ് സിനിമ തോന്നിപ്പിക്കുക. തെറ്റാണത്. ഉദാഹരണത്തിന്, മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സന്നദ്ധസേനയായി മാറിയ അനുഭവം. വിവിധ മതത്തിലും ജാതിയിലും ഉൾപ്പെടുന്നവർ മത്‌സ്യത്തൊഴിലാളികളിൽ ഉണ്ട്. സിനിമ അവതരിപ്പിക്കുന്നത് പോലെ ഏതെങ്കിലും ഒരു മതത്തിന്റെ പുരോഹിതൻ നൽകിയ ആഹ്വാനം കേട്ട് ഇറങ്ങിതിരിച്ചവരായിരുന്നില്ല അവർ. ജനപ്രതിനിധികളിലും സർക്കാരിലും വിശ്വാസമർപ്പിച്ച്, നേതൃത്വം നൽകാൻ അവരുണ്ടാകുമെന്ന് ഉറപ്പിച്ച് ഇറങ്ങിതിരിച്ചവരാണ് രക്ഷപ്രവർത്തകർ. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ പ്രളയം എന്ന പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്തുകൊടുക്കാൻ സർക്കാർ സംവിധാനം ഉണ്ടായിരുന്നു. രാത്രിയും പകലും ഒരുപോലെ ഉണർന്നിരുന്നു നേതൃത്വം നൽകാൻ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇതൊന്നും സംവിധായകൻ കാണുന്നില്ല. അഥവാ, ബോധപൂർവം മറച്ചു വയ്ക്കുന്നു.

ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഒരു ഗവേഷണവും നടത്താൻ സംവിധായകൻ തയാറായിട്ടുമില്ല. മീന്മണമുള്ള തൊഴിലാളികൾ സാഹസികമായി എത്തിച്ച ബോട്ടിൽ കയറാൻ വിസമ്മതിച്ച വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചില കുടുംബങ്ങൾ പോലെ നീചമായ ജാതിബോധത്തിന്റെ വിഷം ഉള്ളിൽ പേറിയിരുന്ന ചിലർ ആ ദുരന്തവേളയിലും ഉണ്ടായിരുന്നു. ബോട്ടുകൾക്ക് രക്ഷപ്രവർത്തനത്തിന് തടസമായി മാറിയിരുന്നത് പ്രധാനമായും വീടുകളുടെ ഉയർന്ന മതിലുകളും ഗേറ്റ്കളും കമാനങ്ങളുമായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യുവാക്കൾ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നത്. പ്രാദേശിക സർക്കാരുകളാണ് അവരെ ഏകോപിപ്പിച്ചത്.

ജാതി മത വ്യത്യാസമില്ലാതെ ബോട്ടുമായി രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്‌സ്യത്തൊഴിലാളികളുടെ ധീരതയെ കേരളത്തിന്റെ 'ബിഗ് സല്യൂട്ട്' നൽകിയാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇങ്ങനെയിങ്ങനെ നമ്മൾ അറിയുന്ന എത്രയോ സംഭവങ്ങൾ യഥാർഥ്യങ്ങളായുണ്ട്.

സംവിധായകൻ പക്ഷേ, മേരി മാതാ എന്നൊരു ബോട്ട് മാത്രമേ കണ്ടുള്ളൂ. അതിനെ പ്രതീകമാക്കുകയാണ്. അത് പ്രളയകാലത്തിന്റെ സ്മാരകമാണത്രെ.! അങ്ങനെയെങ്കിൽ സിനിമയിൽ അവതരിപ്പിക്കുന്ന പോലെ ആ ബോട്ടിന്റെ ഉടമയും പുരോഹിതനെ നേരിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധത അറിയിച്ചയാളുമായ മത്‌സ്യത്തൊഴിലാളിയുടെ പേരിലാണല്ലോ സ്മാരകം ഉയരേണ്ടിയിരുന്നത്. എത്രയോ പേരെ അയാൾ രക്ഷിക്കുന്നു. പെരുമഴയിൽ പൊളിഞ്ഞു വീണ ഓട് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ചുമരിടിഞ്ഞു വീണാണല്ലോ അയാൾ മരണപ്പെടുന്നത്. (പെരുമഴക്കാലത്ത് സ്വാഭാവികം എന്ന് കരുതാം. അല്ലാത്തപ്പോഴും നിരന്തരം ഓട് പൊളിഞ്ഞു വീഴുന്ന കെട്ടിടമായാണ് ആ സ്‌കൂളിനെ അവതരിപ്പിക്കുന്നത്. അങ്ങനെ ഓട് പൊളിഞ്ഞു വീണുകൊണ്ടേയിരിക്കുന്ന ഏത് സ്‌കൂളാണ് 2018 ൽ കേരളത്തിൽ ഉണ്ടായിരുന്നത് എന്നും അറിയില്ല).

ഇതൊന്നുമല്ല, കേരളത്തെ ഉലച്ചുകളഞ്ഞ പ്രണയത്തിനു ശേഷം ദേശീയ ഗവേഷണ ഏജൻസികൾ ഉൾപ്പെടെ വിലയിരുത്തിയ ഒന്നുണ്ട്. 20-30 വർഷമെങ്കിലും വേണ്ടിവരും പ്രളയത്തിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാൻ എന്നായിരുന്നു അത്. എന്നാൽ, ഇന്നത്തെ കേരളം ആ മഹാ പ്രളയത്തിന്റെ അവശിഷ്ടങ്ങൾ പോലും ബാക്കിവച്ചിട്ടില്ല. വള്ളവും വീടും ഉൾപ്പെടെ നഷ്ടങ്ങൾക്കെല്ലാം പകരം നൽകിക്കൊണ്ട് മനുഷ്യരെ ആത്മവിശ്വാസത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ച സർക്കാരാണ് കേരളത്തിലുള്ളത് എന്നുപറയാനുള്ള വിമുഖതയ്ക്ക് സംവിധായകന് അദ്ദേഹത്തിന്റെതായ (രാഷ്ട്രീയ) കാരണങ്ങൾ ഉണ്ടാവാം. എന്നാൽ, ഇത്തരം പ്രമേയങ്ങൾ കലയിലേക്ക് കൊണ്ടുവരുമ്പോൾ, മനുഷ്യരുടെ മറവിക്കു മേൽ വാസ്തവവിരുദ്ധതയുടെ ഓർമ്മപ്പാലം പണിയാൻ ശ്രമിക്കരുത്.

ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ... ഇവ ചേർത്താണ് 2018 എന്ന സിനിമയുടെ ഘടന നിർമ്മിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ കലയിൽ ആവിഷ്‌കരിക്കുമ്പോൾ ഭാവനയും വൈകാരികതയും അതിന് ചേരുന്ന കഥാ സന്നിവേശവും ഒക്കെ ആവാം, പക്ഷേ എന്തിലായാലും സത്യസന്ധത, integrity എന്നൊന്നില്ലെങ്കിൽ പിന്നെ, നുണപ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കലാവിഷ്‌കാരവും തമ്മിൽ എന്ത് വ്യത്യാസം?