മലപ്പുറം: മലപ്പുറം തെന്നലയിൽ നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ സിപിഎം നേതാവ് സെയ്താലി മജീദ് ഖേദം പ്രകടിപ്പിച്ചു. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

താൻ നടത്തിയ പ്രസംഗം പരിധി വിട്ടുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നെന്നും സെയ്താലി മജീദ് സമ്മതിച്ചു. തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡായ കൊടക്കല്ലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട പ്രസംഗം നടന്നത്. പ്രസംഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടുകയും ഖേദപ്രകടനം ആവശ്യപ്പെടുകയും ചെയ്തത്.

കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്നും അവിടെയാണ് താൻ പരിധി ലംഘിച്ചതെന്നും സെയ്താലി മജീദ് വിശദീകരിച്ചു. സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും, തന്റെ പൊതുപ്രവർത്തന ജീവിതം ഇതിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയോടും ജനങ്ങളോടും ഉത്തരവാദിത്തത്തോടെ ക്ഷമ ചോദിച്ച സെയ്താലി മജീദ്, തന്റെ നിലപാട് വാക്കുകളേക്കാൾ പ്രവൃത്തികളിലൂടെ വ്യക്തമാക്കുമെന്നും ഇത് തിരുത്തപ്പെടുമെന്നും ഉറപ്പ് നൽകി.