- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഹജീവി സ്‌നേഹം എന്നാൽ ടോമി മൈക്കിൾ; തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീടുവയ്ക്കാൻ ഒരേക്കറിലേറെ ഭൂമി സൗജന്യമായി വിട്ടുനൽകി ഈ സിപിഎംകാരൻ; ഭൂമി നൽകുന്നത് പതിനൊന്ന് കുടുംബങ്ങൾക്ക്
തളിപറമ്പ്: ത്യാഗത്തിലൂടെ രാഷ്ട്രീയത്തെ മനുഷ്യസ്നേഹത്തിനോടൊപ്പം ചേർത്തുനിർത്തുകയാണ് ഈ കമ്യുണിസ്റ്റുകാരൻ. നിർധന കുടുംബങ്ങൾക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സമൂഹത്തിന് മാതൃകയാകുന്നത്. കണ്ണൂർ ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിളാണ് സഹജീവി സ്നേഹത്തിന്റെ പ്രതീകമായി മാറിയത്.
ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവർഷം മുൻപാണ് വിരമിച്ചതിനു ശേഷം പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. ഐആർപിസി ഉൾപ്പെടെയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ടോമി, ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു. തന്റെ നാടു കൂടിയായ എടക്കോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഒരേ ഏക്കറോളം ഭൂമി പാവപ്പെട്ടവർക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചത്. ടോമിയും സഹോദരി ഭർത്താവ് ടോം ഫ്രാൻസിസും കൂടിയാണ് 25 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഒരേക്കർ എട്ടുസെന്റ് സ്ഥലമാണ് പതിനൊന്നോളം കുടുംബങ്ങൾക്കായി വീതിച്ച് നൽകുന്നത്.
അർഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ജനകീയ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിച്ച് തീർത്തും നിർധനരായ ആളുകളുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി പതിച്ചു നൽകുക. റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനുശേഷമാണ് ആളുകൾക്ക് ഭൂമി നൽകുന്നത്.
ഭൂമി ലഭിക്കുന്നവർക്ക് വീട് വെക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഏതെങ്കിലും സംഘടനകൾ രംഗത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാർട്ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എടക്കോം ബ്രാഞ്ചിലെ പാർട്ടി കുടുംബങ്ങൾ.വീടുപണിയാൻ ഗതിയില്ലാത്തവർൻക്ക് സ്പോൺസർമാരെ കണ്ടെത്തി പണം സ്വരൂപിക്കാനും സി.പി. എം രൂപീകരിച്ച സബ് കമ്മിറ്റി ശ്രമിക്കുന്നുണ്ട്. ഇവിടെ പണിയുന്ന വീടുകളിലേക്ക് റോഡ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഒരാൾക്ക് ഈ ചടങ്ങിൽ ഭൂമിവിതരണം ചെയ്യും.
മറ്റു ഗുണഭോക്താക്കളെ കണ്ടെത്തുന്നത് അഡ്വ. കെ. അനൂപ് കുമാർകൺവീനറായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മത, രാഷ്ട്രീയ പരിഗണനയില്ലാതെ അർഹതപ്പെട്ടവർക്കാണ്ഭൂമി നൽകുക.ടാമി മൈക്കിൾ പാവപ്പെട്ടവർക്ക് നൽകുന്ന സ്ഥലത്തിന്റെ വിതരണ ഉദ്ഘാടനം ജൂൺ പത്തിന് വൈകുന്നേരം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവഹിക്കും. ടോമി മൈക്കിളിന്റെ ഭാര്യ പെരുമ്പടവ് സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക കൂടിയായ സിൽവിയും മക്കളായ ജിതിൻ ടോമും സച്ചിൻ ടോമും ഈ ഉദ്യമത്തിന് പൂർണപിന്തുണയുമായി കൂടെയുണ്ട്. സി.പി. എം എടക്കോം ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജൂൺ പത്തിന് നടക്കും. അർഹതപ്പെട്ടവർക്ക് എട്ടുസെന്റാണ് ടോമി മൈക്കിളിന്റെ ഭൂമി നൽകുക.




