- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെല്‍മറ്റില്ലാ യാത്രയ്ക്ക് ലോക്കല്‍ സെക്രട്ടറിയെ പിടികൂടിയ പക തീരുന്നില്ല; കടയ്ക്കലില്‍ ഇന്നലെ ചുമതലയേറ്റ എസ്ഐയെ ഇന്നുസ്ഥലംമാറ്റി സിപിഎം നേതൃത്വം
കൊല്ലം: ഭരണകക്ഷി സഖാക്കളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ പൊലീസ് വിവരമറിയും! ഒരു എസ്ഐ ഒരു സ്റ്റേഷനില്‍, ഒരു ദിവസം മാത്രം ജോലി ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യം ആയിരിക്കും. അതാണ് ഭരണകക്ഷി സഖാക്കളുടെ പവര്‍. പ്രാദേശിക സിപിഎം നേതാക്കളുടെ കരിമ്പട്ടികയില്‍ പെട്ട കടയ്ക്കല്‍ എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് രായ്ക്കുരാമാനം പറപറപ്പിച്ചത്.
കടയ്ക്കല്‍ സ്റ്റേഷനില്‍ ഇന്നലെ പോസ്റ്റ് ചെയ്ത എസ്ഐയെയാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് സ്ഥലംമാറ്റിയത്. കടയ്ക്കലില്‍ നിന്ന് ഡാന്‍സാഫ് ടീമിലേക്കാണ് മാറ്റിയത്. പിടികിട്ടാ പുള്ളി ആറ്റിങ്ങല്‍ അയ്യപ്പനെ 20 വര്‍ഷത്തിന് ശേഷം പിടികൂടിയ അന്വേഷണ സംഘാംഗമായിരുന്നു എസ്ഐ ജ്യോതിഷ് ചിറവൂര്‍. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പൊലീസ് ഉദ്യോഗസ്ഥന്. നിരവധി മയക്കുമരുന്ന് കേസുകളാണ് ജ്യോതിഷ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഞ്ചാവ് കേസില്‍, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജ്യോതിഷിനെ, കൊല്ലം റൂറല്‍ എസ് പി സ്ഥലം മാറ്റുകയായിരുന്നു.
ഇന്നലെയാണ് എസ്ഐ ജ്യോതിഷ് ചിറവൂര്‍ കടയ്ക്കല്‍ എസ്ഐ ആയി ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കേസില്‍, ജയിലിലായിരുന്നവര്‍ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കഞ്ചവടം നടത്തുന്നതായി വിവരം കിട്ടിയത്. സിഐ രാജേഷിന്റെ നിര്‍ദേശപ്രകാരം, എസ്ഐ ജ്വോതിഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കടയ്ക്കല്‍ മേഖല, രാസലഹരി ഉള്‍പ്പെടെയുളള ലഹരി പദാര്‍ത്ഥങ്ങളുടെ ഹബ്ബ് ആയി മാറുന്നു എന്നതാണ് മയക്ക് മരുന്നു കേസുകളുടെ കണക്ക് സൂചിപ്പിക്കുന്നത്. അത് അമര്‍ച്ച ചെയ്യാനുളള ശ്രമം ഒരുദിവസം പിന്നിടും മുമ്പേ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. മുമ്പ് കടയ്ക്കല്‍ എസ് ഐ ആയിരുന്ന ജ്യോതിഷ് ഏതാണ്ട് 125 ഓളം കഞ്ചാവ് കേസുകള്‍ എടുത്തിരുന്നു.
സഖാക്കളുടെ പകയ്ക്ക് പിന്നില്‍
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ പൊലീസ് പെറ്റിയടിക്കുന്നത് നിയമം നടപ്പാക്കല്‍ മാത്രമല്ല, യാത്രക്കാരന്റെ സുരക്ഷയെ കൂടി കരുതിയാണ്.
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഇരുചക്ര വാഹനത്തിന് ഇന്‍ഷുറന്‍സും ഇല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജ്യോതിഷ് പിഴ ചുമത്തിയിരുന്നു. അതോടെ, അനിഷ്ടമായി, വിരോധമായി. അധികം വൈകാതെ എസ്ഐ ജ്യോതിഷ് ചിറവൂരിനെ സ്ഥലംമാറ്റി. ജില്ലാ റൂറല്‍ ഡാന്‍സാഫിലേക്ക് പോയ എസ്ഐ യെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെഞ്ഞാറമൂട് എസ്ഐ ആയി നിയമിച്ചു. ഇന്നലെ കടയ്ക്കല്‍ എസ്ഐ ആയി വീണ്ടും നിയമിതനായി. ചുമതല ഏറ്റെടുത്തതിന് പിന്നാലെ കഞ്ചാവുമായി ഒരു സംഘത്തെ പിടികൂടി എഫ്ഐആര്‍ എടുക്കുകയും ചെയ്തു. എന്നാല്‍, കടയ്ക്കലില്‍ ഇനി ഈ എസ്ഐ തുടരേണ്ടെന്ന് സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ച് നടപ്പാക്കുകയായിരുന്നു,
തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ എസ്ഐയെ കടയ്ക്കല്‍ സ്റ്റേഷനില്‍ നിന്ന് ഡാന്‍സാഫ് ടീമിലേക്ക് മാറ്റിയത്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് സിപിഎം പ്രദേശിക പാര്‍ട്ടി നേതൃത്വം പഴയ ഡിവൈഎഫ്ഐക്കാരന് കൂടിയായ എസ്ഐ ജ്യോതിഷ് ചിറവൂരിനെ തട്ടിക്കളിക്കുന്നത്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ഗവര്‍ണറുടെ മുന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ശരിവയ്ക്കപ്പെടുന്നത്.