- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി വിരുദ്ധ പരിപാടിയിൽ നിന്നിറങ്ങി നേരേ ബാറിലേക്ക്; യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്തും പിഎസ്‌സി പരീക്ഷാ കോപ്പിയടിയും; ഒടുവിൽ കാട്ടാക്കടയിൽ കോളേജ് കൗൺസിലറായി വിജയിച്ച പെൺകുട്ടിക്ക് പകരം വിദ്യാർത്ഥി നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം; സിപിഎമ്മിന് പാരയായി തലസ്ഥാനത്തെ ഇടതുവിദ്യാർത്ഥി-യുവജനസംഘടനകൾ
തിരുവനന്തപുരം: ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കള്ളക്കളികൾ. അതിനു കാലങ്ങളുടെ പഴക്കമുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്.എഫ്.ഐയുടെ ആൾമാറാട്ടം വിവാദമായിരിക്കെ നമ്മെയെല്ലാം ഓർമ്മിപ്പിക്കുന്നത് 2018 ജൂലായിൽ നടന്ന ആ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയും മറ്റു ചില സംഭവ വികാസങ്ങളുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയുടെ നെഞ്ചത്ത് കുത്തിയ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും 2018 ജൂലായിൽ നടന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഒന്നും രണ്ടും 28ഉം റാങ്ക് നേടിയിരുന്നു. കൃത്യമായി ക്ലാസിൽ പോലും കയറാത്ത പ്രതികളുടെ റാങ്ക് നേട്ടത്തേക്കുറിച്ചുള്ള അന്വേഷണമാണ് പിഎസ്‌സി പരീക്ഷാ തട്ടിപ്പിലേക്കു വിരൽചൂണ്ടിയത്. കോപ്പിയടിച്ചാണ് മൂവരും ഉന്നത റാങ്ക് നേടിയതെന്ന് സ്ഥിരീകരിച്ചിരുന്നു. 2019 അവസാനം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയെങ്കിലും മൂന്നര വർഷത്തോളം നടപടികളെല്ലാം പൂഴ്‌ത്തി. ഇതോടെ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം ഒരുങ്ങിയത്.
ഇവർ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയർന്നതോടെ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളിൽ ഇവരെഴുതിയ പരീക്ഷയിൽ ഇവർക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാഹാളിൽ നിന്നു ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പർ ഫോട്ടോയെടുത്ത് പൊലീസുകാരനായ ഗോകുലിന് അയച്ചുനൽകി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേർന്ന് ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു. പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങൾ പകർത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
സിവിൽ പൊലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ (കാസർഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് ലഭിച്ചത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോർട്സ് വെയിറ്റേജായി 13.58 മാർക്കാണ് കിട്ടിയത്. ഇത് കൂടി ചേർത്തപ്പോൾ 91.9 മാർക്കായി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്.
ലഹരി വിരുദ്ധ ക്യാമ്പെയിൻ കഴിഞ്ഞാൽ നേരേ ബാറിലേക്ക്
അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിന് ശേഷം ബാറിൽ പോയി സഖാക്കൾ മദ്യപിച്ച സംഭവവും തലസ്ഥാനത്തു തന്നെയാണ് ഉണ്ടായാത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, ജെ.ജെ ആശിഖ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ അടക്കം ആശിഖ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുഹൃത്തിനൊപ്പം ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വം തീരുമാനിച്ചത്. ആംബുലൻസ് വാങ്ങാൻ പണം പിരിച്ചതിൽ അഴിമതി നടത്തിയ നേമം ഏരിയാകമ്മിറ്റി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് നിതിൻ രാജൻ, സെക്രട്ടറി മനുക്കുട്ടൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതി. 7,70,000 രൂപ പിരിച്ചതിൽ 6,70,000 രൂപയാണ് കണക്കിൽ കാണിച്ചത്.
അതേസമയം സിപിഎമ്മിന് നിരന്തര തലവേദനയായി തിരുവനന്തപുരം ജില്ലയിലെ സംഘടനാ വിഷയങ്ങൾ മാറുന്ന സാഹചര്യത്തിൽ, ആരും നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥയിലേക്ക് ജില്ലയിലെ പാർട്ടി പോകുന്നു എന്ന വിമർശനം സംസ്ഥാന കമ്മിറ്റി യോഗത്തിൽ 2022 ൽ ഉയർന്നിരുന്നു. വിദ്യാർത്ഥി, യുവജനസംഘടനകളിലുൾപ്പെടെ ഉയരുന്ന തെറ്റായ പ്രവണതകൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും തിരുവനന്തപുരം ജില്ല കമ്മിറ്റി അമ്പേ പരാജയപ്പെട്ടെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അന്ന് വിമർശനം ഉയർന്നു വന്നു. പാർട്ടിക്കും പോഷക സംഘടനകൾക്കും നാണക്കേടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ തലസ്ഥാന ജില്ലയിൽ തുടരുമ്പോഴും ജില്ലാ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന വിമർശനമുയർന്നു.
കാട്ടാക്കടയിലെ ആൾമാറാട്ടം
അതിനു തെളിവാണ് കഴിഞ്ഞദിവസങ്ങളിലായി തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ആൾമാറാട്ടവും. ഡിസംബർ 12-ന് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യു.യു.സി.) സ്ഥാനത്തേക്ക് എസ്.എഫ്.ഐ. പാനലിൽനിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബി. എസ്സി വിദ്യാർത്ഥി എ. വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേർത്തിരിക്കുന്ന വിശാഖ് എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. മെയ് 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കോളേജുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.യു.സികളിൽനിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
അതേസമയം, യു.യു.സി. ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ പറയുന്നു. വിദ്യാർത്ഥിസംഘർഷത്തെ തുടർന്ന് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണെന്ന് പ്രിൻസിപ്പൽ ഡോ.ജി.ജെ. ഷൈജു പറഞ്ഞു. അതുകൊണ്ട് തന്നെ പ്രത്യേക കമ്മിഷന്റെ മേൽനോട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഐക്യകണ്‌ഠേനെയാണ് ഇവിടെ സ്ഥാനാർത്ഥികൾ ജയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്കകം യു.യു.സിയായി ജയിച്ച പെൺകുട്ടി തനിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന് അറിയിച്ച് രാജിക്കത്ത് നൽകിയെന്ന് പ്രിൻസിപ്പൽ പറയുന്നു. യു.യു.സിയായി രണ്ട് വിദ്യാർത്ഥികളുടെ പേരുകൾ അയയ്ക്കുകയുണ്ടായി. ഇതിൽ ഒരു വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി, ഇയാളെ ലിസ്റ്റിൽനിന്ന് നീക്കംചെയ്യണമെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ യൂണിവേഴ്സിറ്റിയിലേക്ക് അയച്ച ലിസ്റ്റിലാണ് രാജിവെച്ച അനഘയുടെ പേരിന് പകരം മത്സരിക്കാത്ത വിശാഖിന്റെ പേര് കൂട്ടിച്ചേർത്തത്. ആക്ഷേപം ഉയർന്നതോടെയാണ് കോളേജ് അധികൃതർ വിശാഖിനെ നീക്കംചെയ്യണമെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടത്. സിപിഎമ്മിലെയും എസ്.എഫ്.ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിനെ തുടർന്നാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ സിപിഎമ്മിന്റെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്‌സിറ്റിക്കും ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്.
എന്തായാലും ആൾമാറാട്ടത്തിലൂടെയും ജനാധിപത്യം പൂത്തുലയുന്ന കാഴ്‌ച്ച കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു പുറത്തുവരുന്ന സൂചന. നേരത്തെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കാതെ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം കുട്ടിസഖാക്കളെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. എന്നാൽ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്.
നിലവിൽ കേരള സർവകലാശാല കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥിയെ സർവകലാശാല യൂണിയനിൽ എത്തിക്കാൻ എസ്.എഫ്.ഐ. നടത്തിയ നീക്കം പുറത്തുവരികയും വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. സർവകലാശാല യൂണിയൻ സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ എ. വിശാഖിനെ സർവകലാശാലാ യൂണിയനിലേക്ക് എത്തിക്കാനാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ. ശ്രമിച്ചത്. വിവാദത്തിന് പിന്നാലെ വിശാഖിനെ എല്ലാ സം