കണ്ണൂർ: മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷ എല്ലാം പാളി. അധിക സുരക്ഷയ്ക്കിടെയും കാസർകോട് ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാൻ പിണറായിയിലെ വീട്ടിൽ നിന്നു റോഡ് മാർഗം പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനു ജില്ലയിൽ 2 കേന്ദ്രങ്ങളിൽ കരിങ്കൊടി കാണേണ്ടി വന്നു. ഇതിനാണെങ്കിൽ എന്തിനാണ് സുരക്ഷ എന്ന ചോദ്യവും ഉയരുകയാണ്.

ദേശീയപാതയിൽ ചുടലകപ്പണത്തട്ടിലും പരിയാരം പൊലീസ് സ്റ്റേഷനു സമീപവുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനും വൈസ് പ്രസിഡന്റ് വി.രാഹുലിനും നേരെ ദേശീയപാതയിൽ ചുടലകപ്പണത്തട്ടിൽ മുഖ്യമന്ത്രിയുടെ കമാൻഡോകളുടെ വാഹനം ഇടിച്ചുകയറ്റാനും ശ്രമമുണ്ടായി. പ്രവർത്തകർ ഒഴിഞ്ഞു മാറുകയായിരുന്നു. കരിങ്കൊടി കാട്ടുന്നവരെ കാറിലിരുന്ന് ലാത്തിക്ക് അടിക്കാനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇതും വലിയ അപകടങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.

ആത്മഹത്യാ സ്‌ക്വാഡുകളാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുന്നതെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയും ഭാവിയിലുണ്ടാകാവുന്ന പൊലീസ് വീഴ്ച കണക്കിലെടുത്തുള്ളതാണ്. പ്രതിഷേധക്കാർക്ക് ആളപായമുണ്ടാകുമെന്ന് മനസ്സിലാക്കി നടത്തുന്ന പ്രതികരണം. എന്തു വന്നാലും കുഴപ്പമില്ലെന്ന തരത്തിലാണ് കരിങ്കൊടി സമരക്കാരോട് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനവും അതിലുള്ളവരും പെരുമാറുന്നത്.

പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ, വാഹനത്തിൽനിന്ന് പൊലീസ് പുറത്തേക്ക് ലാത്തി വീശിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കാസർകോട് തലയ്ക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് രാഗേഷ് കരിച്ചേരിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ജില്ലയിലെ പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പൊയ്‌നാച്ചിയിലെത്തിയപ്പോൾ ആയിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ രാഗേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നികുതി വർധന പിൻവലിക്കാത്തതിന്റെ പേരിൽ പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത വഴിതടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ കണ്ണൂർ നഗരത്തിൽ പ്രവേശിപ്പിക്കാതെ ആണ് പൊലീസ് അകമ്പടിയിൽ കൊണ്ടുപോയത്. അവസാന നിമിഷം യാത്ര മറ്റൊരു വഴിയാക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അടക്കം 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 7 പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി മുൻകരുതൽ കസ്റ്റഡിയിലെടുത്തു. എന്നിട്ടും കരിങ്കൊടിക്ക് കുറവുണ്ടായില്ല.

കാസർകോട്ടെ പരിപാടി കഴിഞ്ഞു മടങ്ങും വഴിയും മുഖ്യമന്ത്രിക്കു നേരെ വിവിധയിടങ്ങളിൽ പ്രതിഷേധമുണ്ടായി. ഏഴരയോടെ പരിയാരം പൊലീസ് സ്റ്റേഷനു മുൻപിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചു. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെയും വൈകിട്ടുമായി 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ കനത്ത സുരക്ഷ ലംഘിച്ച് കരിങ്കൊടി പ്രയോഗം നടന്നു. ജില്ലയിൽ 7 ഇടങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. 2 വീതം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കാസർകോട് ചന്ദ്രഗിരി ജംക്ഷനിൽ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിനെ പൊലീസ് പിടികൂടി കഴുത്തിൽ പിടിച്ചു റോഡിൽ കിടത്തിയാണ് കീഴടക്കിയത്.

അതിനിടെ മരണ വീടുകളിൽ കരിങ്കൊടി കെട്ടാനും പൊതുജനങ്ങൾക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. വഴിയരികിൽ രണ്ടു കുട്ടികൾ കരിങ്കൊടി ഉയർത്തിക്കാട്ടിയാൽ ആയിരം പൊലീസുകാർക്കിടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോൺഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് സിപിഎം സെക്രട്ടറി പറഞ്ഞത്. പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെയാണ് ആത്മഹത്യാ സ്‌ക്വാഡെന്ന് വിളിച്ചതെന്നും സതീശൻ പറഞ്ഞു.

കരുതൽ തടങ്കൽ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങിയെന്നും 2,07,000 പേർക്ക് ജോലി നൽകിയെന്നുമുള്ള വ്യവസായ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.