- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലെ സി പി എമ്മിൽ പൊട്ടിത്തെറി
കണ്ണൂർ: കണ്ണൂരിലെ തളിപറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി അണികൾ. കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത ആന്തൂർ നഗരസഭയിലെ മൊറാഴയിലടക്കം സി.പി. എമ്മിന് വോട്ടു ചോർന്നതാണ് അണികളെ ക്ഷോഭത്തിലാക്കിയത്.
കർഷക സമരപാരമ്പര്യം പേറുന്ന കാവുമ്പായിലും, അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ടുലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എം വി ഗോവിന്ദൻ ജയിച്ചത്. അന്നു തന്നെ പാർട്ടിക്കുള്ളിൽ ഇതു വിവാദമായിരുന്നു. ഇതേ തുടർന്ന് ജില്ലാ നേതൃത്വം അന്വേഷണകമ്മിഷനെയും നിയോഗിച്ചു.
ഇടതുതരംഗത്തിനിടയിൽ മറ്റുസ്ഥാനാർത്ഥികൾ അരലക്ഷം വോട്ടുകളുടെ ശരാശരി ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴായിരുന്നു തളിപറമ്പിൽ അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന എം.വി ഗോവിന്ദൻ തിളക്കം കുറഞ്ഞ വിജയം നേടിയത്. യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾറഷീദായിരുന്നു എതിരാളി.
പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനു ശേഷവും എം.വി ഗോവിന്ദനോടുള്ള അതൃപ്തി പ്രവർത്തകരിൽ നിന്നും മാഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴുണ്ടായ വോട്ടുചോർച്ച തെളിയിക്കുന്നത്. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അണികൾ ഉയർത്തുന്നത്. തോൽവിയെ കുറിച്ചു ഗോവിന്ദൻ നടത്തിയ താത്വിക അവലോകനങ്ങൾ സന്ദേശത്തിലെ ശങ്കരാടി അവതരിപ്പിച്ച കുമാരൻപിള്ള സാറിന്റെ ചിത്രങ്ങളായി ട്രോൾ ചെയ്തുകൊണ്ടാണ് അണികൾ പ്രചരിപ്പിക്കുന്നത്.
അണികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വിമർശനങ്ങളും ട്രോളുകളും എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ മൗനം പാലിക്കുകയാണ് നേതൃത്വം. നേരത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സനായിരുന്ന എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയ്ക്കെതിരെ അണികൾ വിമർശനവുമായി രംഗത്തു വന്നിരുന്നു.
ആന്തൂരിലെ പ്രവാസി സംരഭകൻ പാറയിൽ സാജൻ കെട്ടിനിർമ്മാണ പൂർത്തീകരണത്തിനായി അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സിപിഎമ്മിൽ ഉരുൾപൊട്ടലുണ്ടായത്. ഈ സംഭവത്തെ തുടർന്ന് തളിപറമ്പ് മുൻ നഗരസഭാ വൈസ് ചെയർമാനായിരുന്ന കോമത്ത് മുരളീധരനും സംഘവും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. എം.വി ഗോവിന്ദനെ പരസ്യമായി വിമർശിച്ചാണ് കോമത്ത് മുരളീധരൻ പാർട്ടി വിട്ടത്.
എന്നാൽ കണ്ണൂരെന്ന പാർട്ടിയുടെ ചെങ്കോട്ടയിൽ അവിശ്വസനീയമായി വോട്ടുകുറഞ്ഞതിന്റെ ഞെട്ടലിൽ സി.പി. എം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പാർട്ടിയുടെ കരുത്തനായ ജില്ലാസെക്രട്ടറി എം.വി ജയരാജനെ സ്ഥാനാർത്ഥിയാക്കിയിട്ടും 2019-ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ ശ്രീമതി പിടിച്ച വോട്ടിന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം നടുക്കത്തോടെയാണ് നേതൃത്വം കാണുന്നത്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമെല്ലാമുള്ള കണ്ണൂരിൽ അവരുടെ മണ്ഡലങ്ങളിൽ പോലും വൻ വോട്ടുചോർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടുലക്ഷത്തി പന്ത്രണ്ടായിരം വോട്ടിന്റെ കുറവാണ് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. 2021-ൽ 8,75,269- വോട്ടുകിട്ടിയപ്പോൾ ഇത്തവണ അതു 6,62,781 ആയി ചുരുങ്ങി.
എൽ.ഡി.എഫ് അവരുടെ പാർട്ടി കോട്ടകളിൽ തകർന്നടിഞ്ഞപ്പോൾ ജില്ലയിൽ യു.ഡി.എഫ് അധികമായി നേടിയത് 1,54ലക്ഷത്തിന്റെ വോട്ടാണ്. 2021-ൽ 6,06,35 വോട്ടു നേടിയ യു.ഡി. എഫിന് ഇത്തവണ ലഭിച്ചത് 7,60,380 വോട്ടുകളാണ്. ബിജെപി വോട്ട് വിഹിതം വർദ്ധിപ്പിച്ചതാണ് സി.പി. എമ്മിനെ നടുക്കുന്ന മറ്റൊരു കാര്യം.
പാർട്ടി വോട്ടുകൾ താമര ചിഹ്നത്തിൽ പതിയുന്നത് ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ്. 60,200 വോട്ടുകളാണ് ബിജെപിക്ക് വർധിച്ചത്. മുഖ്യമന്ത്രിയുടെ ജന്മനാടായ ധർമടത്തു പോലും ബിജെപി വോട്ടുകൾ ഇക്കുറി ഇരട്ടിയായി. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ ബൂത്തുകളിൽ നിന്നും അൻപതുമുതൽ നൂറുവോട്ടുകൾവരെയാണ് ചോർച്ചയുണ്ടായത്. പൗരത്വഭേദഗതി നിയമം തെരഞ്ഞെടുപ്പിൽ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനിറങ്ങിയ എൽ.ഡി. എഫിന് പേരാവൂരിലും ഇരിക്കൂറും തിരിച്ചടിയേറ്റു. തലശേരിയിൽ മാത്രമാണ് എട്ടായിരം വോട്ടിന്റെ ഭൂരിപക്ഷം അവർക്ക് നിലനിർത്താനായത്.
ഇത്തരം പ്രവണത ചരിത്രത്തിലാദ്യമാണെന്നും ഈ പ്രത്യേക പ്രതിഭാസത്തെ കുറിച്ചു പാർട്ടി പരിശോധിക്കുമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ താത്വികമായി പറയുന്നുണ്ടെങ്കിലും വരും ദിനങ്ങളിൽ പരാജയത്തിന്റെ ആഴങ്ങളിൽ ഇറങ്ങിയുള്ള വിശകലനങ്ങൾ പാർട്ടിക്ക് നടത്തേണ്ടി വന്നേക്കാം.
കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവർക്ക് 2019-ൽ കിട്ടിയ വോട്ടുകൾ ഇത്തവണ കിട്ടിയിട്ടില്ല. എന്നാൽ ഇടതുപക്ഷത്തിന്റെ വോട്ടുകളിലും കുറവുണ്ടായിട്ടുണ്ട് എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അതു ആഴത്തിൽ പരിശോധിക്കുമെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.
യു.ഡി. എഫിന് അനുകൂലമായ ജനവിധിയുണ്ടായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്തെല്ലാം ഘടകങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. വിശദമായ പരിശോധന നടത്തി തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ പാർട്ടിയോടൊപ്പം അണിനിരത്തും. പാർട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സർക്കാരിനെ കുറിച്ചോ ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് ജയരാജൻ പറഞ്ഞു.
സി.പി. എമ്മിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായയിൽ അടക്കം ബിജെപി വോട്ടു വർധിപ്പിച്ചതാണ് സി.പി. എം നേരിടുന്ന മറ്റൊരു പ്രതിസന്ധി. 1939-ൽപാർട്ടി രൂപീകരണ സമ്മേളനം നടന്ന പിണറായി പഞ്ചായത്തിലെ പാറപ്രത്ത് പോലും എൽ.ഡി. എഫ് നേരിയ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് നേടിയത്. തളിപറമ്പ് മണ്ഡലത്തിലെ ആന്തൂരിലെ മൊറാഴയിൽ ബൂത്തിലിരിക്കാൻ പോലും കോൺഗ്രസിന് ആളില്ലാത്ത സ്ഥലങ്ങളിൽ പോലും യു.ഡി. എഫ് വോട്ടുകൾ നേടി.
മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം ഇരട്ടി വോട്ടു നേടിയാണ് ബിജെപി സാന്നിധ്യമറിയിച്ചത്. ധർമടത്ത് ബിജെപി നടത്തിയ കുതിപ്പാണ് സി.പി. എമ്മിന് ഏറെ തലവേദനയുണ്ടാക്കുന്നത്. ധർമടത്ത് 2019-ൽ 8538-വോട്ടുകളാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതു 16711 വോട്ടുകളായി ഉയർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പിൽ 8659-വോട്ടാണ് നേരത്തെ കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ അതു 16,706 വോട്ടുകളാക്കി അതു ഉയർത്തിയിട്ടുണ്ട്.
മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിൽ കഴിഞ്ഞ തവണ 11612-വോട്ടുകളാണ് എൻ.ഡി. എ സ്ഥാനാർത്ഥി നേടിയത്. എന്നാൽ ഇക്കുറി 19,159 വോട്ടുകളാണ് ഭൂരിപക്ഷം. അഴീക്കോട് മണ്ഡലത്തിലും ബിജെപി വോട്ടു ഷെയർ വർധിപ്പിച്ചിട്ടുണ്ട്. യു.ഡി. എഫ് ശക്തി കേന്ദ്രമായ ഇരിക്കൂറിലും മിന്നും പ്രകടനം കാഴ്‌ച്ചവയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ 72891-വോട്ടു നേടിയ ഇരിക്കൂറിൽ ഇത്തവണ 13,562-വോട്ടുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു.
ഇതിനിടെ തോൽവിയെ കുറിച്ചു പഠിക്കാൻ പാർട്ടി കുടുംബവീടുകൾ സന്ദർശിക്കാൻ സി.പി. എം നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം കീഴ്ഘടകങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വിശകലന കൺവെൻഷനുകൾക്കു ശേഷമാണ് സന്ദർശനം നടത്തുക. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം അന്നും തോൽവി പരിശോധിക്കാൻ പാർട്ടി അംഗങ്ങളുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തിയിരുന്നു.
ഭരണശൈലിയിൽ മാറ്റം വേണമെന്നായിരുന്നു ഇതിൽ നിന്നും ലഭിച്ച റിപ്പോർട്ട്. പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപത്യശൈലിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനം. ഈ റിപ്പോർട്ട് ജില്ലാ ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നുവെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചു പാർട്ടി അണികളോട് വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വം. സോഷ്യൽമീഡിയയിൽ സന്ദേശം സിനിമയുടെ ട്രോളുകളുമായി അനുഭാവികൾ രംഗത്തിറങ്ങി. പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കുകയാണ് ക്ഷുഭിതരായ പ്രവർത്തകർ.