തിരുവനന്തപുരം: മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ജ്യോതിബാസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റ് പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുത്തപ്പോൾ, അത് നിഷേധിച്ച് ഞെട്ടിച്ചവരാണ് സിപിഎം. അന്ന് സാക്ഷാൽ ജ്യോതിബസു ഇതിനെക്കുറിച്ച് പറഞ്ഞത് 'ഹിസ്റ്റോറിക്ക് ബ്ലണ്ടർ' എന്നായിരുന്നു. ആ വാക്കുകൾ പൂർണ്ണമായും ശരിയായിരുന്നെന്ന് കാലം തെളിയിക്കുകയും ചെയ്തു. ഇന്ന് ബംഗാളിൽ കെട്ടിവെച്ച കാശുപോലും കിട്ടാത്ത അവസ്ഥയിലേക്ക് സിപിഎം മാറി. അന്ന് ബസുവിന് കിട്ടിയ ആ അസുലഭ അവസരം വിനിയോഗിക്കയായിരുന്നെങ്കിൽ അത് ചരിത്രം ആവുമായിരുന്നു എന്ന് മാത്രമല്ല, ആത്മവിശ്വാസമില്ലാതെ അണികൾ കൊഴിഞ്ഞ് പോകുന്നത് ഒരു പരിധിവരെ തടയാനും, സിപിഎമ്മിന് കഴിയുമായിരുന്നു.

1996 മെയ് മാസത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിശ്ചിതാവസ്ഥ തുടർന്നപ്പോഴാണ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ വിവിധ കക്ഷികൾ ബസുവിനെ നിർബന്ധിച്ചത്. എന്നാൽ പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനം അതു വേണ്ടെന്നായിരുന്നു. പാർട്ടിക്ക് ഭൂരിപക്ഷമില്ലാത്ത ഒരു ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ വരുന്നത് ഗുണത്തേക്കൾ ഏറെ ദോഷം ചെയ്യുമെന്നായിരുന്നു, ജ്യോതിബസുവിനെ മാറ്റി നിർത്താൻ കാരണമായി സിപിഎം പറഞ്ഞിരുന്നത്. പക്ഷേ ഇത് വെറും പുറം പൂച്ച് മാത്രമാണെന്നും, യഥാർഥ കാരണം ഹർകിഷൻസിങ്് സുർജിത്ത് അടക്കമുള്ള അക്കാലത്തെ നേതാക്കൾക്കും, പ്രകാശ് കാരാട്ട് അടക്കമുള്ള അന്നത്തെ യുവ തുർക്കികൾക്കും ബസുവിനോടുള്ള ഈഗോ ആയിരുന്നുവെന്ന് പിന്നീട് വിലയിരുത്തലുകൾ വന്നു. കേന്ദ്ര കമ്മറ്റിയിൽ ബംഗാൾ ഘടകം ബസുവിന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. അന്ന് കേരളാ നേതാക്കളും ഒറ്റക്കെട്ടായി ബസുവിന് എതിരെയാണ് നിലകൊണ്ടത്്. ഇഎംഎസിന്റെയും നായനാരുടെയും അച്യുതാനന്ദന്റെയുമൊക്കെ മനസ്സിൽ ബസുവിനോടുള്ള കൊതിക്കെറുവ് തന്നെയാണെന്ന് വിമർശകർ പരിഹസിച്ചു.

ഇപ്പോഴിതാ സമാനമായ ഒരു സാഹചര്യത്തിലുടെയാണ് സിപിഎം കടന്നുപോകുന്നത്. മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചർക്ക്, ഏഷ്യയുടെ നൊബേൽ സമ്മാനം എന്ന് പറയുന്ന വിഖ്യാതമായ മഗ്സാസെ പുരസ്‌ക്കാരത്തിനും ഇതേ രീതിയിൽ സിപിഎം തടയിട്ടിരിക്കയാണ്. അതിന് കാരണമായി പറയുന്നത് അവാർഡിന് പിന്നിലെ വിദേശ ഫണ്ടിങ്ങും, രമൺ മഗ്‌സാസെ എന്ന മുൻ ഫിലീപ്പീൻസ് പ്രസിഡന്റ് കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്തുമെന്നുമാണ്.

സദ്ദാമിനുവേണ്ടി ഹർത്താൽ

പക്ഷേ ഇതും രണ്ടും വെറും പൊള്ളയായ വാദങ്ങൾ ആണെന്ന് സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ പരിശോധിച്ചാൽ വ്യക്തമാണ്. ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്ത നരാധമനാണ് സദ്ദാം ഹുസൈൻ. സദ്ദാമും അദ്ദേഹത്തിന്റെ ബാത്ത് പാർട്ടിയും ഇറാഖിനെ കമ്യുണിസ്്റ്റുകളെ നിലം തൊടീച്ചിട്ടില്ല. അതേ സദ്ദാം മരിച്ചപ്പോൾ കേരളത്തിൽ സിപിഎം ഹർത്താൽ നടത്തി. കാരണം ഇറാഖിലെ കമ്യുണിസ്റ്റുകാരുടെ മരണം ആയിരുന്നില്ല പത്തുവോട്ടായിരുന്നു അവർക്ക് പ്രശ്നം. അതുപോലെ കമ്യൂണിസ്റ്റ് കൂട്ടക്കൊല നടത്തിയ സുഹാർത്തോയെയും, ഇറാൻ ഭരണകൂടങ്ങളെയുമൊക്കെ പ്രശ്നാധിഷ്ഠിതമായി സിപിഎം പിന്തുണച്ചിട്ടുണ്ട്. മാത്രമല്ല മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മഗ്‌സാസെ കമ്യുണിസ്റ്റ്് ഗറില്ലകളെ കൊന്നൊടുക്കിയത് 1950 കളിലാണ്. കമ്യൂണിസ്റ്റുകൾ സംഘടിച്ച് കലാപമുണ്ടാക്കി രാജ്യത്തിന്റെ ഭരണം പിടിക്കാൻ നോക്കിയാൽ പിന്നെ അതാത് ഭരണകൂടങ്ങൾ വെറുതെയിരിക്കില്ലല്ലോ. അല്ലാതെ സദ്ദാം ഒക്കെ ചെയ്തപോലെ കമ്യൂണിസ്റ്റ് ആയതുകൊണ്ട് മാത്രം ഒരാളെയും മഗ്സാസെ പീഡിപ്പിച്ചിട്ടില്ല.

മാത്രമല്ല മഗ്സാസെ അവാർഡും രമൺ മഗ്സാെസയടെ ജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ല. മഗ്സാസെ സമ്പാദിച്ച അഴിമതിപ്പണത്തിൽനിന്ന് ഒരു ഭാഗം എടുത്തുകൊണ്ട് ഒന്നുമല്ല ഈ അവാർഡ് കൊടുക്കുന്നത്. രമൺ മഗ്സാസെ 1957ൽ ഒരു വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്, ഫിലിപ്പെൻസിലെ ഏഴ് പ്രമുഖ വ്യക്തികൾ ചേർന്ന് തുടങ്ങിയതാണ് രമൺ മഗ്സാസെ ഫൗണ്ടേഷൻ. ന്യൂയോർക്കിലെ പ്രശ്സതമായ റോക്ക്െഫല്ലർ ബ്രദേഴ്സ് ഫൗണ്ടേഷനുമായി അഫിലിയേഷൻ വന്നതോടെയാണ് അവാർഡിന് പണം ശരിയായത്. അതായത് രമൺ മഗ്സാസെയടെ ജീവിതവും, മഗ്സാസെ അവാർഡുമായി കാര്യമായ ബന്ധമില്ല. രമൺ മഗ്സാസെയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുമല്ല അവാർഡ് നൽകുന്നത്. മാത്രമല്ല ആൽഫ്രഡ് നോബൽ പണ്ട് ഡൈനാമിറ്റ് ഉണ്ടാക്കിയെന്ന് വെച്ച് സാക്ഷാൽ നൊബേൽ സമ്മാനം സിപിഎം നിരസിക്കുമോ. പണ്ട് എന്താണ് എന്ന് നോക്കിയല്ല, ഇന്ന് എന്താണ് എന്ന് നോക്കിയാണ് ഒരു ആശയത്തെ വിലയിരുത്തേണ്ടത് എന്ന് ഇന്നും സിപിഎമ്മിന് അറിയില്ല.

ഇനി രണ്ടാമതായി വിദേശ ഫണ്ടിങ്ങ് എന്നത് ഇന്ന് സിപിഎമ്മിന് ഒരു പ്രശ്നം പോലുമല്ല. നേരത്തെ എഡിബി വായ്‌പ്പ സ്വീകരിക്കുന്നതിനെ ചൊല്ലിയൊക്കെ വൻ വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം കെട്ടടങ്ങിയരിക്കയാണ്. മാത്രമല്ല വിദേശ വായ്‌പ്പയോടും, മുലധനത്തോടും സിപിഎമ്മിന് ഇപ്പോൾ എതിർപ്പില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ സ്വകാര്യവത്ക്കരണത്തിനും, വിദേശ സർവകാലശാലകൾ വരുന്നതിനും, സിപിഎമ്മിന് ഇപ്പോൾ യോജിപ്പാണ്. പിന്നെ എന്തിനാണ് മഗ്സാസെ അവാർഡിനോട് മാത്രം ഈ വിരോധം.

പ്രശ്നം ശൈലജ ടീച്ചറുടെ വളർച്ച

ജ്യോതിബസുവിന്റെ ഉയർച്ചയിൽ തോന്നിയ അതേ കോംപ്ലക്്സ് തന്നെയാണ്, ഇവർ ശൈലജ ടീച്ചർക്കെതിരെയും ഉപയോഗിക്കുന്നത്. കോവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിജയകരമായി നേതൃത്വം നൽകിയതിനാണ് മഗ്‌സാസെ ഫൗണ്ടേഷൻ ഈ വർഷത്തെ അവാർഡിന് ശൈലജ ടീച്ചറെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയിൽ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. ഇത് സ്വീകരിക്കുകയായിരുന്നെങ്കിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ടീച്ചർക്ക് കിട്ടുമായിരുന്നു പ്രശ്സതി ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല ഇത്രയും വലിയ ഒരു അവാർഡ് കിട്ടാൻ ഇടയാക്കിയ സാഹചര്യവും പരിശോധിക്കപ്പെടും. അപ്പോൾ ശൈലജ ടീച്ചറുടെ പ്രവർത്തന് മികവ് ചർച്ചയാവും. എന്നിട്ടും മന്ത്രിസ്ഥാനം കൊടുക്കാത്തതും, മെറിറ്റിന് യാതൊരു വിലയും കമ്യൂണിസ്റ്റ് സർക്കാറുകൾ നൽകുന്നില്ല എന്നതും ചർച്ചയാവും. ഇത് തടയാൻ തന്നെയാണ്, ഇല്ലാത്ത തൊടുന്യായങ്ങൾ പറഞ്ഞ് അവാർഡ് തടയിടുന്നത്.

രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചർച്ച ചെയ്ത് ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ഫൗണ്ടേഷൻ, അവരുമായി ഓൺലൈൻ ഇന്റർവ്യൂവും നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ശൈലജ ടീച്ചർ അവാർഡ് വാങ്ങുന്നതിനെക്കുറിച്ച് പാർട്ടിയുടെ അഭിപ്രായം തേടിയത്. എന്നാൽ കോവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ മികവല്ലെന്നും അത് സർക്കാറിന്റെ കൂട്ടായ പ്രവർത്തനമാണെന്നുമാണ് പാർട്ടി വിലയിരുത്തിയത്. ഓഗസ്റ്റ് അവസാനം അവാർഡ് ജേതാവിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അത് സ്വീകരിക്കേണ്ടെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചത്.

അങ്ങനെ വെറുതെ എന്തെങ്കിലും ഉപജാപത്തിന്റെ പേരിൽ കിട്ടുന്ന അവാർഡ് അല്ല ഇത്. കാര്യങ്ങൾ കൃത്യമായ പഠിച്ചശേഷം ചിലരെ നോമിനേറ്റ് ചെയ്യുകയാണ് ആദ്യ ഘട്ടം. അതിനുശേഷം ഫൗണ്ടേഷൻ രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ക്രോസ് ചെക്ക് നടത്തും. ഇങ്ങനെ നിരന്തര പഠനത്തിനും ഫാക്റ്റ് ചെക്കിനും ശേഷമാണ് അവാർഡ് പ്രഖ്യാപിക്കുക. നേരത്തെും അർഹമായ കൈകളിൽ തന്നെയാണ് ഈ അവാർഡ് എത്തിയിട്ടുള്ളത. വർഗീസ് കുര്യൻ, എം.എസ് സ്വാമിനാഥൻ, ബി.ജി വർഗീസ്, ടി.എൻ ശേഷൻ എന്നിവരാണ് ഇതിന് മുമ്പ് മഗ്‌സാസെ അവാർഡിന് അർഹരായ മലയാളികൾ.

ശൈലജ ടീച്ചറെ അവാർഡ് സ്വീകരിക്കാൻ പാർട്ടി അനുവദിച്ചിരുന്നെങ്കിൽ മഗ്സാസെ പുരസ്‌കാരം കിട്ടുന്ന ആദ്യ മലയാളി വനിതയായി അവർ അറിയപ്പെടുമായിരുന്നു. ആ ചരിത്രത്തിനാണ് സിപിഎം നേതാക്കളുടെ ഈഗോ തടയിട്ടത്.