- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജിവയ്ക്കേണ്ട'; പാര്‍ട്ടി സജി ചെറിയാന് ഒപ്പം; ഒരിക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി രാജിവേണ്ടെന്ന് സിപിഎം; കേസ് നിയമപരമായി നേരിടാന്‍ തീരുമാനം; അപ്പീലിന് നീക്കം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ യുഡിഎഫ്
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. വിഷയം സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഒരിക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. ഭരണഘടനയെ വിമര്‍ശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍ക്കാന്‍ മന്ത്രി സജി ചെറിയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ തേര്‍ഡ് പാര്‍ട്ടി അപ്പീല്‍ നല്‍കാമെന്ന ഉപദേശമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചതിനാലാണ് സിബിഐ ആന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. അതിനാല്‍ അന്വേഷണം നടക്കട്ടെയെന്നും കോടതിയില്‍നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ രാജി വേണ്ടെന്നുമുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്.
രാജി ഒഴിവാക്കിയുള്ള സാധ്യത തേടണമെന്നതായിരുന്നു നേരത്തെ തന്നെ സിപിഎം നേതാക്കളുടെ നിലപാട്. ആവര്‍ത്തിച്ചുള്ള രാജി രാഷ്ട്രീയമായി സര്‍ക്കാരിനും മുന്നണിക്കും ദോഷമാണ്. തദ്ദേശതിരഞ്ഞെടുപ്പിന് മാസങ്ങളേ ബാക്കിയുള്ളൂ. ഇതെല്ലാം പരിഗണിച്ചാണ് പാര്‍ട്ടി സജി ചെറിയാനൊപ്പം നിന്നത്. അല്‍പസമയത്തിനുള്ളില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും സിപിഎം നിലപാട് വ്യക്തമാക്കും. ഇതിനെ സിപിഐയും ആര്‍ജെഡിയും എങ്ങനെയാകും ഉള്‍ക്കൊള്ളുക എന്നതാണ് ഇനി കാണേണ്ടത്. എതിര്‍ അഭിപ്രായം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഭരണഘടനാവിരുദ്ധ പ്രസംഗം ഗൗരവമുള്ളതാണെന്ന വിലയിരുത്തലാണ് 2022 ജൂലായില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്. കേന്ദ്രനേതൃത്വവും ഇതേനിലപാടിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളോട് 'എന്തിന് രാജി' എന്ന് ചോദിച്ച സജി ചെറിയാനോട് രാജിവേണം എന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയത്. എന്നാല്‍ ഇന്ന് രാജിയുണ്ടാക്കുന്ന ആഘാതം അന്നത്തേക്കാള്‍ ഏറെയാണെന്ന് പാര്‍ട്ടിക്ക് പൂര്‍ണ ബോധ്യമുണ്ട്.
അതിനാലാണ് സജിയെ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് സിപിഎം ഇപ്പോള്‍ എത്തിയത്. സജി ചെറിയാന്‍ വീണ്ടും രാജിവെക്കുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും കടുത്ത ആഘാതമുണ്ടാക്കുമെന്ന പ്രാഥമിക വിലയിരുത്തല്‍ സിപിഎം നടത്തിയിരുന്നു. സര്‍ക്കാര്‍ അവസാനഘട്ടത്തിലേക്കു കടക്കുമ്പോള്‍ അത് പ്രതിച്ഛായയെ ബാധിക്കുമെന്നും പാര്‍ട്ടി കരുതുന്നു.
ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനാല്‍ രണ്ടുവഴികളാണ് സര്‍ക്കാരിനു മുന്‍പിലുള്ളത്. ഒന്നുകില്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുക. അല്ലെങ്കില്‍, ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കി വിധിയില്‍ വ്യക്തതവരുത്തുക.
ഇതില്‍ ഏതുവേണമെന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. കീഴ്‌ക്കോടതി അംഗീകരിക്കുകയും ഹൈക്കോടതി തള്ളുകയുംചെയ്ത പോലീസ് റിപ്പോര്‍ട്ടില്‍ ഇനിയൊരു നിയമപരമായ തീര്‍പ്പാണ് വേണ്ടതെന്നാണ് സജി ചെറിയാന്റെ നിലപാട്. ഇത് സി.പി.എം. നേതാക്കള്‍കൂടി പ്രാഥമികമായി അംഗീകരിച്ച നിലപാടാണ്. ഇവിടെ ധാര്‍മികപ്രശ്നമില്ലെന്ന രാഷ്ട്രീവാദം ഉയര്‍ത്താന്‍ കഴിയുമെന്നാണ് സി.പി.എമ്മിന്റെയും സജി ചെറിയാന്റെയും വാദം.
നിയമപരമായ പരിശോധനയ്ക്ക് കാത്തിരിക്കാന്‍ തീരുമാനിച്ചാല്‍ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കണം. ഭരണഘടനാപദവിയിലുള്ള ഒരാള്‍ നടത്തുന്ന ഭരണഘടനാവിരുദ്ധ പ്രസംഗം ഗുരുതരമായ ഒന്നാണ്. അതിനാല്‍, ഇതിനെതിരേ അപ്പീല്‍പോകുന്നത് കോടതിയില്‍നിന്ന് കൂടുതല്‍ ഗുരുതരമായ പരാമര്‍ശമുണ്ടാകാന്‍ സാധ്യതയില്ലെന്ന നിയമോപദേശം ലഭിച്ചാലേ അത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകൂ.
മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാന പൊലീസ് അന്വേഷണം അപൂര്‍ണമാണ്. അത് ശരിയായ വിധത്തിലുളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തില്‍ ആയിപ്പോയി. പ്രസംഗത്തിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്റെ ദൃശ്യവും ശബ്ദ സാന്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോര്‍ട്ടിന്റെ ഭാഗമായില്ല.
സാക്ഷി മൊഴികള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ല. വസ്തുതകള്‍ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.