- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തളിപറമ്പിൽ കോൺഗ്രസ് നേതാവിന്റെ സ്‌കൂട്ടർ കിണറ്റിലെറിഞ്ഞു; കേസിൽ മണിക്കൂറുകൾക്കുള്ളിൽ സി പി എം പ്രവർത്തകൻ പിടിയിൽ; പൊലീസ് ഉണർന്ന് പ്രവർത്തിച്ചത് കോൺഗ്രസ് പ്രവർത്തകർ തളിപറമ്പ് സ്റ്റേഷൻ ഉപരോധിച്ചതിനെ തുടർന്ന്
കണ്ണൂർ: കോൺഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌കൂട്ടർ കിണറ്റിലെറിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് വെള്ളിയാഴ്‌ച്ച പുലർച്ചെ കിണറ്റിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. എട്ടുകോൽ ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ ഹെൽമെറ്റും സീറ്റുകളും പൊങ്ങികിടക്കുന്നതു കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കിണറ്റിൽ കാണാത്തതിനെ തുടർന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തളിപറമ്പിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് വെള്ളത്തിൽ മുങ്ങിയ സ്‌കൂട്ടർ ഖലാസികളുടെ സഹായത്തോടെ സ്‌കൂട്ടർ പുറത്തെടുത്തത്. കൊട്ടാരം യു.പി സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സുസൂക്കി ആക്സിസ് സ്‌കൂട്ടറാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്.
നേരത്തെ സ്‌കൂട്ടറിന്റെ സീറ്റുകവറുകൾ നശിപ്പിച്ച സംഭവത്തിൽ സി.പി. എം പ്രവർത്തകർക്കെതിരെ പരാതി നൽകിയിരുന്നു. ഈകേസിൽ വേണ്ട രീതിയിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടാത്ത പൊലീസിന്റെ അനാസ്ഥയാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭൻ പറഞ്ഞു. വ്യാഴാഴ്‌ച്ച രാത്രി പെയ്ത കനത്ത മഴയുടെ മറവിലായിരുന്നു സ്‌കൂട്ടർ കിണറ്റിലെറിഞ്ഞത്. വീടും കിണറും തമ്മിലുള്ള അകലം ഏറെ അകലമുള്ളതിനാൽ മഴ കാരണം ശബ്ദമൊന്നും കേട്ടില്ലെന്നും പത്മനാഭൻ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ചു അൻപതോളം കോൺഗ്രസ് പ്രവർത്തകർ തളിപറമ്പ് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി ടി. ജനാർദ്ദനൻ, തളിപറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനിടെ സംഭവത്തിൽ ഒരു സി.പി. എം പ്രവർത്തകനെ പൊലിസ് പിടികൂടിയിട്ടുണ്ട്.
കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടിൽ അഖിൽ(31)നെയാണ് തളിപ്പറമ്പ് പൊലിസ് പിടികൂടിയത്. കേസിൽ രണ്ട് പ്രതികൾ കൂടിയുണ്ടെന്നും ഇവർക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. മാവില പത്മനാഭന്റെ സ്‌കൂട്ടർ വീട്ടുകിണറിൽ തള്ളിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് ഉണർന്ന് പ്രവർത്തിച്ചു മണിക്കൂറുകൾ കൊണ്ടു പ്രതിയെ പിടികൂടിയത്. സ്ത്രീകളടക്കമുള്ള അൻപതോളം പ്രവർത്തകരാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സരസ്വതിയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷൻ ഉപരോധിച്ചത്.
ആഗ്‌സ്ത് 30 ന് മാലില പത്മനാഭന്റെ സ്‌ക്കൂട്ടർ സീറ്റ് കുത്തിക്കീറിയ സംഭവത്തിൽ സിപിഎം. പ്രവർത്തകരുടെ പേരിൽ നൽകിയ കേസിൽ യാതൊരു അന്വേഷണവും നടത്താത്ത പൊലീസിന്റെ അനാസ്ഥക്കെതിരെയാണ് ഉപരോധസമരം നടത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡി.വൈ.എസ്‌പിയുടെ ഉറപ്പിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ ഉപരോധം പിൻവലിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം രാഹുൽ ദാമോദരൻ,നഗരസഭ കൗൺസിലർ കെ.രമേശൻ, കുഞ്ഞമ്മ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുൽ, വി.അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
തളിപ്പറമ്പ് പൊലിസിന്റെ ഗുരുതരമായ അനാസ്ഥയാണ് തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നതെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പറഞ്ഞു. കോൺഗ്രസിന്റെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും കൊടിമരങ്ങൾ കടത്തിക്കൊണ്ടുപോകുകയും ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പരാതികൾ നൽകിയാൽ അന്വേഷിക്കാൻ പൊലിസ് തയ്യാറാകാതെ ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് പി.കെ സരസ്വതി ആരോപിച്ചു.