കാസർഗോഡ്: പെരിയ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പെരിയ എയർസ്ട്രിപ് യാഥാർഥ്യമാകുമ്പോൾ അതിന് പിന്നിലുള്ളത് ക്യാപ്ടൻ കെ എൻ ജി നായർ എന്ന മലയാളിയുടെ സമർപ്പണ ബോധം. 48 പേർക്കിരിക്കാവുന്ന വിമാനങ്ങൾ ഇറക്കാൻ കഴിയുന്ന എയർസ്ട്രിപ്പായിരിക്കും ഇത്. ടെർമിനൽ കെട്ടിടങ്ങളില്ലാത്ത പദ്ധതിക്ക് 150 കോടി രൂപയോളമാണ് ഇപ്പോൾ ചെലവു പ്രതീക്ഷിക്കുന്നത്. അതായത് ഖജനാവിന് വലിയ നഷ്ടമുണ്ടാകാതെ വിമാനം ഇറങ്ങാൻ കഴിയുന്ന സാഹചര്യം. കേരളത്തിന്റെ വിനോദ സഞ്ചാര വികസന മേഖലയിൽ വലിയ കുതിപ്പിന് ഇത് വഴിവക്കും. ലക്ഷം കോടികളുടെ കണക്കിൽ കെ റെയിൽ നടപ്പാക്കുന്നവർക്ക് ഇത്തരം ചെറു വിമാനത്തിലൂടെ കേരളത്തിലുട നീളം അതിവേഗ യാത്രയും സാധ്യമാക്കാം.

തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി.നായരാണ് പെരിയയിലെ പദ്ധതിക്ക് പിന്നിൽ. രാജ്യത്ത് ആദ്യം ഹെലി ടാക്‌സി സർവ്വീസ് തുടങ്ങിയ മലയാളി. 1998 വരെ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമായിരുന്നു. സ്വയം വിരമിക്കൽ നേടി വ്യോമയാന രംഗത്ത് അത്ഭുതം കാട്ടിയ മലയാളി. തുമ്പി എന്ന പേരിൽ കമ്പനി തുടങ്ങി. വിഐപികളുടെ ചാർട്ടർ വിമാന യാത്രയ്ക്കിടെ നാഗാലാണ്ടിൽ വച്ചു കിട്ടിയ ചെറിയ ആശയമായിരുന്നു ഹെലിടാക്‌സി. മലകൾ തിങ്ങി നിറഞ്ഞ നാഗാലാണ്ട് പോലുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആകാശ യാത്രയിലെ സ്വപ്‌നം കെഎൻജി നായർ വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാക്കി. വ്യോമയാന മേഖലയിലെ ഇന്ത്യൻ സംരഭകർക്കിടയിലെ കിങ് നായരാണ് ഇന്ന് കെ എൻ ജി നായർ. നായരുടെ നിർദ്ദേശമാണ് പെരിയയിൽ സ്വപ്‌ന സാക്ഷാത്കാരമാകുന്നത്.

പെരിയയിൽ ചെറു വിമാനത്താവളം എത്തിയാൽ ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് മലയാളിക്ക് തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടെക്കേ പറക്കാം. സമാന രീതിയിൽ വിമാനത്താവളമില്ലാത്ത എല്ലാ ജില്ലകളിലും വിമാനത്താവളം പണിതാൽ സംസ്ഥാനത്തിനുള്ളിൽ ആഭ്യന്തര സർവ്വീസുകൾ ശക്തമാക്കാം. അങ്ങനെ എല്ലാ ജില്ലയിൽ നിന്നും ആളുകൾക്ക് ആവശ്യത്തിന് പറക്കാം. കോടിക്കണക്കിന് രൂപയുടെ മൂലധനവും പാവങ്ങളെ വലിയ തോതിൽ കുടിയൊഴിപ്പിക്കലും പോലും വേണ്ട. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും കൊച്ചിയിലും ഇപ്പോൾ തന്നെ വിമാനത്താവളങ്ങളുണ്ട്. ഇടുക്കിയിലേക്കും വയനാട്ടിലേക്കും പോലും ഈ മാതൃക എളുപ്പത്തിൽ യാഥാർത്ഥ്യമാക്കിയാൽ എല്ലാ ജില്ലകളിലേക്കും കേരളത്തിൽ അതിവേഗ യാത്ര യാഥാർത്ഥ്യമാകും. കെ റെയിലിന് പോലും കഴിയാത്ത അടിസ്ഥാന സൗകര്യമൊരുക്കലാകും അത്.

എയർസ്ട്രിപ്പിനായി 80.41 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. ഇതിൽ 51.65 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും 28.76 ഏക്കർ സ്ഥലം സർക്കാരിന്റേതുമാണ്. പദ്ധതി പ്രദേശത്ത് 16 കുടുംബങ്ങൾക്കാണ് സ്ഥലമുള്ളത്. ഇതിൽ 13 കുടുംബങ്ങൾക്കാണ് വീടുകളുള്ളത്. 6 മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബിആർഡിസി റവന്യൂ അധികൃതരുടെ നിലപാട്. എയർസ്ട്രിപ്പിനായി ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണു പെരിയയിലേത്. മൂന്നു പദ്ധതികളിൽ പെരിയയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശമുള്ളതിനാൽ തുടർനടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എല്ലാ തടസ്സങ്ങലും നീങ്ങി വേഗത്തിൽ അനുമതികൾ സാധ്യമായാൽ 2024 ൽ പെരിയയിൽ നിന്നു ചെറുവിമാനങ്ങൾ പറന്നുയരും. പെരിയയിലെ പദ്ധതിക്കായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അന്തിമാനുമതി നൽകുന്നതിനു മുന്നോടിയായി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച കിഫ്ബിയുടെ വിദഗ്ധൻ മേജർ ജനറൽ എസ്.രാധാകൃഷ്ണൻ പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം തുടർനടപടികൾ വേഗത്തിലായാൽ 2 വർഷത്തിനകം എയർ സ്ട്രിപ് യാഥാർഥ്യമാക്കാൻ കഴിയുമെന്ന് അറിയിച്ചു. ബേക്കൽ ടൂറിസം പദ്ധതിക്ക് ഊർജമാകുമെന്ന് കരുതുന്ന പദ്ധതിയാണ് ിത്.

പെരിയ വില്ലേജിലെ കൈക്കോട്ടുകുണ്ടിൽ എയർസ്ട്രിപ് സ്ഥാപിക്കുന്നതിന് 2011 ലാണ് സർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത്. ഇത് പ്രകാരം ബിആർഡിസി സ്ഥലമെടുപ്പിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും എയർസ്ട്രിപ്പിന്റെ സാധ്യതാ പഠനത്തിനായി സിയാലിനെ ഏൽപ്പിക്കുകയും ചെയ്തു. 2012ൽ ഇവർ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അതിനു ശേഷം തുടർ നടപടികൾ ഒന്നുമുണ്ടായില്ല. പിണറായി സർക്കാരിന്റെ കന്നി ബജറ്റിൽ പരിശോധനകൾ നടത്തി പദ്ധതി ഉടൻ യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നു ധനമന്ത്രി പ്രത്യേകം പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ ടോക്കൺ തുകയായി അനുവദിക്കുകയും ചെയ്തു. യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിക്കുമ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെ എയർസ്ട്രിപ്പ് യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പഠനത്തിനായി സർക്കാർ വീണ്ടും സമിതിയെ നിയോഗിച്ചത്.

സമിതിയുടെ നിർദ്ദേശ പ്രകാരം രണ്ടുവർഷം മുൻപ് തിരുവനന്തപുരം ആസ്ഥാനമായ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി.നായരും സംഘവും പെരിയ കനിംകുണ്ടിലെ എയർസ്ട്രിപിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചിരുന്നു. സമിതി അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടികൾക്ക് വേഗമില്ലാതായി. ഇതിനിടെ ഉഡാൻ 4 വിഭാഗത്തിൽപ്പെടുത്തി പെരിയയിൽ ചെറുകിട വിമാനത്താവള പദ്ധതിക്കു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയായെന്ന അറിയിപ്പുമെത്തി. പക്ഷേ പദ്ധതി ലക്ഷ്യത്തിലേക്കു പറന്നുയർന്നില്ലെന്നു മാത്രം.

ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ ചെറുവിമാനത്താവളങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 105 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ സർക്കാർ അനുവദിച്ചത്. ഇതിൽ പെരിയ എയർസ്ട്രിപിനു പ്രഥമ പരിഗണന നൽകാനാണു സർക്കാർ തീരുമാനം. പെരിയയിലെ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി ബിആർഡിസിയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.