തിരുവനന്തപുരം: 'പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട..'ഇതാണ് കേരളത്തിലെ കായികമന്ത്രിയുടെ മനസ്സ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പാവപ്പെട്ടവന് ക്രിക്കറ്റ് കളി കാണുന്നത് പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ. കാര്യവട്ടത്തു 15നു നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിനു വിനോദനികുതി കുത്തനെ കൂട്ടിയതിനെതിരായ വിമർശനങ്ങളോടു കായിക മന്ത്രി വി.അബ്ദുറഹ്‌മാൻ പ്രതികരിച്ചത് കേരളീയ പൊതുസമൂഹത്തെ പോലും ഞെട്ടിച്ചു. സ്‌റ്റേഡിയത്തിൽ കളികാണാൻ പട്ടിണിയുള്ളവർക്ക് അവകാശമില്ലെന്ന് പറയുകയാണ് ഈ മന്ത്രി.

ബിനീഷ് കോടിയേരിയാണ് കെ സി എയുടെ ജോയിന്റ് സെക്രട്ടറി. മന്ത്രിമാർക്കും സെക്രട്ടറിയേറ്റിലെ ഉന്നതർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം കോപ്ലിമെന്ററീ പാസുകൾ ഇഷ്ടം പോലെ കിട്ടും. ആരും പണം നൽകി കളികാണാറില്ല. അത്തരമൊരു സമൂഹത്തിന്റെ പ്രതിനിധിയായ മന്ത്രി അബ്ദുൾ റഹ്‌മാനാണ് പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടതില്ലെന്ന പരിഹാസം ഉയർത്തിയത്. ടിക്കറ്റെടുത്ത് കളികാണുന്നവരെ പിഴിഞ്ഞ് ഖജനാവിലെ കമ്മി കുറയ്ക്കാനുള്ള തന്ത്രപരമായ നീക്കം. എന്നും തിരുവനന്തപുരത്തെ ക്രിക്കറ്റിന് നിറഞ്ഞ കവിഞ്ഞ കാണികൾ സാക്ഷിയാകാൻ എത്താറുണ്ട്. ഇതുകൊണ്ടാണ് വിനോദ നികുതി കൂട്ടിയതെന്നതാണ് വസ്തുത.

കഴിഞ്ഞവർഷം നടന്ന മത്സരത്തിൽ 5% ആയിരുന്ന വിനോദനികുതി ഇക്കുറി 12% ആക്കിയതാണു പരാതിക്കിടയാക്കിയത്. 18% ജിഎസ്ടി കൂടിയാകുമ്പോൾ നികുതി 30%. ജീവിതത്തിൽ ടിക്കറ്റെടുത്തു കളി കാണാത്തവരാണു വിമർശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞതവണ നികുതിയിളവുണ്ടായിരുന്നിട്ടും ജനങ്ങൾക്കു ഗുണം കിട്ടിയില്ല. ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയി. സർക്കാരിനു കിട്ടേണ്ട പണം കിട്ടണം. നികുതിപ്പണം കായികമേഖലയിൽ തന്നെ ഉപയോഗിക്കും. നികുതിപ്പണം കൊണ്ടു മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനു മുട്ടത്തറയിൽ ഫ്‌ളാറ്റ് നിർമ്മിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം പട്ടിണിക്കാരെ പരിഹസിക്കുന്നു. ഏതെങ്കിലും ഉത്തരേന്ത്യൻ മന്ത്രിയായിരുന്നു ഇത് പറഞ്ഞിരുന്നുവെങ്കിൽ കേരളത്തിൽ സാംസ്‌കാരിക ലോകം പ്രതിഷേധിച്ച് തെരുവിലും ഇറങ്ങുമായിരുന്നു.

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 18% ജി എസ് ടി നികുതിക്ക് പുറമേയാണ് 12% വർദ്ധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണം. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി എന്ന് ചെന്നിത്തല വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രി പട്ടണിക്കാരെ കളിയാക്കി രംഗത്ത് വന്നത്.

കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യർത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്. വൻകിട കമ്പനികൾക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സർക്കാർ കൊള്ളയാണ് നടത്തുന്നത്. ക്രിക്കറ്റ്ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിൻവലിക്കണം. വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സർക്കാർ ഗവേഷണം നടത്തുന്നത്. പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഈ മാസം 15നാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുക. അപ്പർ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12ശതമാനം എന്റർടൈയിന്മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ലോവർ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം എന്റർടൈയിന്മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകൾ 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.