- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസ് ചലഞ്ച് ഗെയിം നടത്തിയത് മരണത്തിന് രണ്ടാഴ്ച മുമ്പ്; പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം മറച്ചുവച്ചു; ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്; മെഡിക്കൽ ബോർഡ് രൂപീകരിക്കും
തിരുവനന്തപുരം: കാമുകിയുടെ വീട്ടിൽനിന്ന് കഷായവും ജൂസും കുടിച്ച് അവശനിലയിലായി ഷാരോൺരാജ് എന്ന യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി ഡി ശിൽപ അറിയിച്ചു. മരണകാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിച്ചു. ഡിവൈഎസ്‌പി ജോൺസൻ ആണ് അന്വേഷണ ചുമതല. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കും.
സുഹൃത്ത് കഴിച്ചിരുന്ന കഷായം ഷാരോൺ രുചിച്ചു നോക്കുകയായിരുന്നു. കൂടുതൽ അന്വേഷണിത്തിലൂടെയേ ആരോപണങ്ങൾ ശരിയോ എന്നു വ്യക്തമാകൂ എന്ന് എസ്‌പി അറിയിച്ചു. ഈ മാസം 14ന് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം രുചിച്ചു നോക്കി. 15ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യസ്ഥിതി മോശമായതോടെ 17ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറി. കഷായം കഴിച്ച വിവരം ഈ സമയങ്ങളിലൊന്നും ഷാരോൺ പറഞ്ഞിരുന്നില്ല. 20ന് മജിസ്‌ട്രേറ്റും 21നും പൊലീസും മൊഴി രേഖപ്പെടുത്തിയെങ്കിലും ആർക്കെതിരെയും പരാതി പറഞ്ഞിരുന്നില്ല. 25നാണ് ഷാരോൺ മരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും.
സുഹൃത്ത് കഷായം കഴിക്കുമ്പോൾ ടേസ്റ്റ് ചെയ്യാൻ കഴിച്ചതാണ് എന്ന് ഷാരോൺ മൊഴി നൽകിയിരുന്നു. വിഷയത്തിൽ പെൺകുട്ടിക്ക് പങ്ക് ഉണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പെൺകുട്ടിയുടെ മൊഴിയിൽ സംശയം ഉണ്ടോ എന്ന് ഇപ്പൊ പറയാൻ കഴിയില്ല. കൂടുതൽ അന്വേഷണത്തിൽ മാത്രമേ പങ്ക് ഉണ്ടോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളു. എഫ്എസ്എൽ റിപ്പോർട്ട് എത്രയും പെട്ടെന്ന് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി.
സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന.
മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.ഈ മാസം 14നായിരുന്നു ഷാരോൺ പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത്.
ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോർഡ് വാങ്ങാൻ ഷാരോൺ വീട്ടിൽ പോയതെന്നാണ് വിവരം.
പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു.
കാമുകിയുമായി ഷാരോൺ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്.
മുൻപ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായും കണ്ടെത്തി. കടയിൽ നിന്ന് വാങ്ങിയബോട്ടിൽ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെൺകുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോൺ രാജിന് ഛർദ്ദിൽ ഉണ്ടായതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.'ഷാരോണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഷാരോണുമായി ഒരുപാട് അടുത്തതിന്റെ പേരിൽ ഇത് മുടങ്ങുകയായിരുന്നു.
ഷാരോണിന്റെ വീട്ടിൽ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. നവംബറിൽ പെൺകുട്ടിയുടെ പിറന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. നടുവേദനയ്ക്കുള്ള കഷായമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്‌പ്പായിരുന്നത് കാരണം പെൺകുട്ടിക്ക് കഴിക്കാൻ മടിയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുമായിരുന്നു.
അങ്ങനെയാണെങ്കിൽ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയ ദിവസം ഷാരോൺ കഷായം കുടിച്ചത്. കഷായം തീരുന്ന ദിവസമായിരുന്നതിനാൽ കുടിക്കാനുള്ളത് മാറ്റി വച്ച ശേഷം ബോട്ടിൽ പെൺകുട്ടി കഴുകി വച്ചു.'കഷായം നല്ല കയ്‌പ്പായതിനാൽ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാൾ ഛർദിച്ചു.
രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കിൽ പോകുമ്പോഴും ഇത് തുടർന്നെന്ന് പറയുന്നു. അന്നേദിവസം വീട്ടിൽ എത്തിയപ്പോൾ ഒട്ടും വയ്യ എന്നാണ് അവൻ പെൺകുട്ടിയോട് പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോൾ ഷാരോണിന് ഛർദിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യം പോയ ആശുപത്രിയിൽ ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യമേ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു.
''ആശുപത്രിയിൽ നിന്നും വിവരം കിട്ടിയ ഉടൻ മജിസ്‌ട്രേറ്റിനെക്കൊണ്ട് ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്. പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി.
തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവൾ തരില്ലെന്നാണ് മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയിൽ പറയുന്നത്. തനിക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങൾ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.'- എസ് ഐ സജി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ