- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് അടിച്ചു കിറുങ്ങി കോളനിയിൽ ഭീകരാന്തരീക്ഷം; സ്ഥലത്ത് ചെന്ന എക്സൈസ് സംഘത്തിന് ലഹരിമരുന്ന് കണ്ടെത്താനായില്ല; പകരം ചോദിക്കാനെത്തി എക്സൈസ് ഓഫീസിൽ അഴിഞ്ഞാട്ടം; രണ്ടു യുവാക്കളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു; അപരൻ ഓടി രക്ഷപ്പെട്ടു
തിരുവല്ല: കഞ്ചാവ് മൂത്ത് എക്സൈസ് ഓഫീസിൽ പകരം ചോദിക്കാനെത്തി അഴിഞ്ഞാടിയ രണ്ടു യുവാക്കളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വന്നത് കണ്ട് കെട്ടിറങ്ങിയ അപരൻ ഓടി രക്ഷപ്പെട്ടു. കവിയൂർ പേഴും കാലായിൽ വീട്ടിൽ അനൂപിനെ (28) ആണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
കറ്റോട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എക്സൈസ് റേഞ്ച് ഓഫീസിൽ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം. വൈകിട്ട് നാലു മണിയോടെ അനൂപും സുഹൃത്ത് ജ്യോതിഷും അടങ്ങുന്ന സംഘം ലഹരിക്കടിമകളായി കറ്റോട് ഇടവനത്തറ കോളനിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായ വിവരം അറിഞ്ഞ് എക്സൈസ് പട്രോളിങ് സംഘം എത്തി. എക്സൈസ് സംഘത്തെ കണ്ട് അനൂപും ജ്യോതിഷും ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇരുവരിലും നടത്തിയ ദേഹപരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് എക്സൈസ് സംഘം മടങ്ങി.
ഇതിന് പിന്നാലെയാണ് അനൂപും ജ്യോതിഷും എക്സൈസ് ഓഫീസിലെത്തി വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുന്നതറിഞ്ഞ് ജ്യോതിഷ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവെച്ച അനൂപിനെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ജ്യോതിഷിന് എതിരെ കഞ്ചാവ് വില്പന ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്