തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി കടുപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി പൊലീസുകാരിലെ ക്രിമിനൽ ബന്ധമുള്ളവരുടെ ലിസ്റ്റ് കൃത്യമായി ശേഖരിക്കാൻ ശ്രമം തുടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ പോലും പൊലീസുകാരുണ്ട് എന്നതാണ് ശ്രദ്ധേയം. അതീവ ഗുരുതരമായ കുറ്റങ്ങളിലുടെ ഗണത്തിൽ അടക്കം പൊലീസുകാർക്കെതിരെയുണ്ട്. ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കവേയാണ് നടപടി കടുപ്പിക്കാനാണ് സർക്കാർ തീരുമാനം.

രണ്ടു പോക്‌സോ കേസുകളടക്കം മൂന്ന് പീഡന ക്കേസുകളിലെ പ്രതിയാണ് കോഴിക്കോട് ജില്ലയിലെ ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ. 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചതിനാണ് രണ്ടുകേസുകൾ. തലസ്ഥാനത്തെ രണ്ട് എസ്‌ഐ.മാരും പലതവണ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിയാണ്.

സംസ്ഥാനമാകെ 23 പൊലീസുകാർ പോക്‌സോ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. പുതിയ കണക്കെടുപ്പ് പൂർത്തിയായാൽ ഇത് കൂടും. പീഡനക്കേസുകളിൽ പ്രതിയായ സിഐ. പി.ആർ. സുനുവിനെ ഈ അടുത്ത് പിരിച്ച് വിട്ടിരുന്നു. സമാനമായ രണ്ടു പീഡനക്കേസുകളിൽ നെടുമങ്ങാട് സിഐ. എ.വി. സൈജുവും പ്രതിയായിരുന്നു. പൊലീസുകാർക്കെതിരായ പകുതിയോളം കേസുകൾ കോടതികളിൽ വിചാരണ കാത്ത് കിടക്കുകയാണ്.

ആയിരത്തിലേറെ പൊലീസുകാർ അഞ്ചു വർഷത്തിനിടയിൽ വിവിധ കേസുകളിൽ പ്രതിയായെന്നാണ് കണ്ടെത്തൽ. വകുപ്പുതല അന്വേഷണം നേരിടുന്നവർ ഇതിന്റെ രണ്ടിരട്ടിയിലേറെ വരും. മണ്ണ്, മണൽ കടത്തുകേസുകളിലുൾപ്പെട്ടവരേയും ഗുണ്ടകളേയും സഹായിച്ച സംഭവങ്ങളാണ് ഇതിലേറെയും. ഡി.വൈ.എസ്‌പി. റാങ്കിലടക്കമുള്ളവർക്കെതിരേ അയൽക്കാരെ ആക്രമിച്ചതിന് പരാതികളുണ്ട്. പണം വച്ച് ചീട്ടുകളിച്ച സംഘങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരേ കണ്ണൂർ, പാലക്കാട് ജില്ലകളിലുണ്ട്.

കാട്ടിൽക്കയറി മൃഗവേട്ട നടത്തിയ കേസിലും കുതിരയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ വടക്കൻ ജില്ലകളിലുണ്ട്. 150-ഓളം പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എറണാകുളത്തും ആലപ്പുഴയിലും 100-ഓളം ഉദ്യോഗസ്ഥർ വീതവുമുണ്ട്.

അതേസമയം മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്. സിവിൽ പൊലീസ് ഓഫീസർമാർമുതൽ ഡിവൈ.എസ്‌പി.മാർവരെ ഇവരിലുണ്ട്. ഇതിൽ കഴമ്പുണ്ടെന്നുകണ്ടാൽ കേസെടുക്കൽ നടപടികളിലേക്ക് നീങ്ങും. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി നടപടികളിലേക്ക് കടക്കും.

സംസ്ഥാനത്തെ എല്ലാജില്ലകളിൽനിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലൻസിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. വിജിലൻസ് ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ വിശകലനംചെയ്യുന്നുണ്ട്. പരാതികളുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞദിവസം സസ്‌പെൻഷനിലായ വിജിലൻസ് ഡിവൈ.എസ്‌പി പ്രസാദിന്റെ സാമ്പത്തിക, വസ്തു ഇടപാട് വിവരങ്ങളും വിജിലൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

മണ്ണുമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയും കേസുകൾ ഒതുക്കിത്തീർക്കാൻ ഗുണ്ടകളുമായി കൂട്ടുകെട്ടുണ്ടാക്കി സാമ്പത്തികനേട്ടങ്ങളുണ്ടാക്കുന്നുവെന്നുമാണ് ലഭിച്ച പരാതികളിലേറെയും. ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകൾ, സാമ്പത്തിക ഇടപാടുകൾ, ചെലവുരീതികൾ എന്നിവയും പരിശോധിക്കുന്നുണ്ട്. പോക്‌സോ, ബലാത്സംഗ, വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ. സെൽ എസ്‌പി.യുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ പൊലീസുദ്യോഗസ്ഥർക്കെതിരേയുണ്ടായ നടപടികളും വിശകലനംചെയ്യുന്നുണ്ട്.

സിവിൽ പൊലീസ് ഓഫീസർമാർമുതൽ ഡിവൈ.എസ്‌പി. റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം കണക്കെടുപ്പ് നടത്തുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷമുയരുന്നുണ്ട്.