കൊച്ചി: സമീപകാല മലയാള സിനിമയിൽ കോടികൾ വാരിയ ചിത്രങ്ങളെ വിമർശിച്ചു ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾക്കെതിരെയാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. ആവേശത്തിലെ ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

'ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളിൽ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. മുഴുൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ. അത് മതത്തിന് എതിരായി നിൽക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.

പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്‌സ്. നല്ല കാര്യം. എന്നാൽ, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ കുടിയും ഛർദ്ദിയുമാണ്', ബിഷപ്പ് പറഞ്ഞു.

എന്താണ് ഇലുമിനാറ്റി?

ഇംഗ്ലീഷ് നോവലുകളിലും സിനിമകളും പലതവണ കടന്നുവന്നിട്ടുള്ള പേരാണ് ഇല്യൂമിനാറ്റി. നൂറ്റാണ്ടുകളായി ലോകം ചർച്ച ചെയ്യപ്പെടുന്നതും എന്നിട്ടും കണ്ടെത്താൻ കഴിയാത്തതുമായ ഇല്യൂമിനാറ്റി കഥയുടെ ആവിർഭാവം എവിടെയെന്ന് ആർക്കും ഉത്തരമില്ല. ഒരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റൊരു കൂട്ടം ആളുകൾ കൂട്ടമായി എത്തി ചെയ്യുന്നു. മലയാളത്തിൽ ലൂസിഫർ സിനിമയോടെയാണ് ഇലുമിനാറ്റി ചർച്ചയായത്.

കേരളത്തിൽ മയക്കുമരുന്ന് പ്ലാന്റ് തുടങ്ങാൻ സാമ്പത്തിക സഹായം കണ്ടെയിനർ വഴിയും കപ്പൽ വഴിയും എത്തുമ്പോൾ മോഹൻലാലിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പീഡനക്കേസിൽ ജയിലിലാണ്. എന്നാൽ ഫോൺ എത്തിച്ചു നൽകുന്ന പൊലീസുകാരന് കോൾ വരുന്നത് അധോലോകത്ത് നിന്നാണ്. പൃഥ്വിയുടെ അധോലോക ഗ്യാങ്സറ്ററും കൂട്ടാളികളുമാണ് സ്റ്റീഫനായി ഈ ദൗത്യം നിർവഹിക്കുന്നത്.

യഥാർഥത്തിൽ ഇത്തരത്തിൽ ഒരു സംഘടന ഉണ്ടോ എന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നിട്ടുണ്ട്. അതിന് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ 'ഏഞ്ചൽസ് ആൻഡ് ഡീമൻസ്'. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാരസ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരുമാണ് ഇല്യൂമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1700-കളിൽ ഒരു ബവേറിയൻ പ്രൊഫസറാണ് ഇല്യൂമിനാറ്റിക്ക് രൂപം നൽകിയത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. പരമ്പരാഗത വിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപംനൽകി എന്നാണ് പറയപ്പെടുന്നത്.

13 പുരാതന രാജകുടുംബങ്ങളാണ് പൊതുവിൽ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത് എന്നാണ് കരുതുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോത് ഷിൽഡ് കുടുംബം. സംഘടനകളും വ്യക്തികളുമായി ഇവർ ലോകക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ പ്രവർത്തിക്കുന്നു. ഇതിൽ സാമ്പത്തിക മേഖലയാണ് റോത് ഷിൽഡ് കുടുംബം നിയന്ത്രിക്കുന്നത്. പക്ഷേ ഇത് തീർത്തും കെട്ടു കഥയാണെന്നതാണ് യാഥാർഥ്യം.

വിമർശനം മലയാള സിനിമക്ക് ഉണർവ്വുണ്ടാക്കിയ സിനിമകൾക്കെതിരെ

അതേസമയം ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് ഉണർവ്വുണ്ടാക്കിയ സിനിമൾക്കെതിരെയാണ്. ബിഷപ്പ് വിമർശിച്ച മൂന്ന് സിനിമകളും നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങളാണ്. ആവേശവും മഞ്ഞുമ്മൽ ബോയിസും, പ്രേമലുവും മലയാളം സിനിമാ വ്യവസായത്തിന് വലിയ ഉണർവ്വാണ് നൽകിയത്.

2024 വർഷത്തിൽ ആയിരം കോടി ക്ലബ്ബിൽ മലയാള സിനിമ കയറിയിരുന്നു. കോവിഡ് കാലവും ഒടിടി പ്ലാറ്റ്ഫോമുകൾ തീർത്ത പ്രതിസന്ധിയും പിന്നിട്ട് മലയാള സിനിമ വ്യാവസായികമായി തിരിച്ചെത്തുന്നത് ഈ വർഷമാണ്. കഴിഞ്ഞ വർഷം 2018, ആർ ഡി എക്സ്, കണ്ണൂർ സ്‌ക്വാഡ്, രോമാഞ്ചം തുടങ്ങിയ സിനിമകളിലൂടെ 500 കോടിയുടെ കച്ചവടം നടന്നെങ്കിലും ഇൻഡസ്ട്രി മൊത്തത്തിൽ ലാഭകരമായിരുന്നില്ല.

എന്നാൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങൾ പിന്നിടുമ്പോൾ 200 കോടിയും 100 കോടിയും 50 കോടിയും കളക്ഷൻ നേടിയ ഒന്നിലേറെ സിനിമകളുണ്ട് മലയാളത്തിൽ. മെയ് പകുതി വരെ ഏകദേശം 1000 കോടിയുടെ ബിസിനസാണ് മലയാള സിനിമ ഉണ്ടാക്കിയത്. ഇത് റെക്കോർഡാണ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഡസ്ട്രിയായ ബോളിവുഡിനു പോലും ഈ വർഷം ഈ നേട്ടത്തിൽ എത്താനായിട്ടില്ല.

കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ പോലുള്ള സിനിമകളിലൂടെ വ്യാവസായികമായി നേട്ടമുണ്ടാക്കിയ ബോളിവുഡിന് 2024 ൽ ആ നേട്ടം നിലനിർത്താനായിട്ടില്ല. തെലുങ്കിലും തമിഴിലും സൂപ്പർ താരങ്ങളുടേത് ഉൾപ്പെടെയുള്ള സിനിമകൾക്ക് ഈ വർഷം പ്രതീക്ഷയ്ക്കൊത്ത് തിയേറ്റർ നേട്ടമുണ്ടാക്കാനായില്ല, അവിടെയാണ് മലയാള സിനിമയുടെ കുതിപ്പ് രാജ്യവ്യാപകമായി ശ്രദ്ധേയമാകുന്നത്.