- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് ഷോ പൊളിറ്റിക്‌സും സെലിബ്രിറ്റി പൊളിറ്റിക്‌സും വേണ്ട! മേയർക്കെതിരെയുള്ള സമരം പൊളിക്കാനാണ് നേതാക്കൾ വിദേശത്ത് പോയത്; സോഷ്യൽ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലും നേതാക്കൾക്കെതിരെ പൊങ്കാലയിട്ട് യൂത്ത് കോൺഗ്രസ് അണികൾ; അണികൾ അഴിക്കുള്ളിലായപ്പോൾ ഷാഫിയും മാങ്കൂട്ടവും ഫുട്‌ബോൾ ലഹരിയിൽ; വിഴുപ്പലക്കലിൽ പ്രതിരോധത്തിലായി യൂത്ത് കോൺഗ്രസ് നേതൃത്വം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സാധാരണ പ്രവർത്തകരെയും ജില്ലാ നേതാക്കളെയും സമരത്തിനിറക്കി വിട്ട ശേഷം ഫുട്‌ബോൾ ലഹരിയിൽ ഖത്തറിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ മുഖവുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെയും കടുത്ത വിമർശനമാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിൽ ഉയരുന്നത്. സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരത്തെ ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെയും, പ്രവർത്തകരുടെയും ഇടയിലും പ്രതിഷേധം ശക്തമാണ്. ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ ഗ്രൂപ്പുകളിൽ വലിയ വിമർശനം നേതാക്കൾ തന്നെ പങ്കുവെച്ചു.
കഴിഞ്ഞ 16 ദിവസമായി യൂത്ത് കോൺഗ്രസ് സമരത്തിന്റെ പേരിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ പതിനേഴാം തീയതി സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ ഷാഫി പറമ്പിൽ തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഈ മൂന്ന് സഹപ്രവർത്തകർ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ സംഘടനയുടെ സംസ്ഥാന അധ്യക്ഷന് സമയമുണ്ടായിരുന്നില്ല എന്നതാണ് പ്രധാന വിമർശനം. ഇതാണ് പ്രവർത്തകരുടെ പ്രതിഷേധം ഉയരാൻ ഒരു കാരണം.
ഈ സംഘർഷങ്ങളും അറസ്റ്റുകളും നടക്കുമ്പോൾ പ്രവർത്തകരെ പെരുവഴിയിലാക്കി ഷാഫി മുങ്ങിയെന്നാണ് വിമർശനം. ഞങ്ങൾക്ക് ഷോ പൊളിറ്റിക്‌സും , സെലിബ്രിറ്റി പൊളിറ്റിക്‌സും, സമയം തീരെ ഇല്ലാത്തതുമായ നേതാക്കളെ വേണ്ട എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഗ്രുപ്പുകളിലെ വിമർശം. യുവജന വിഷയങ്ങളിലും സമരത്തിലും വ്യക്തമായ മറുപടി പറയാത്ത നേതാക്കൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടെന്നും, ഇത് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവഹേളിക്കുന്നതാണെന്നും വാട്‌സ് ഗ്രൂപ്പിൽ പറയുന്നു. മേയർക്കെതിരെയുള്ള സമരം പൊളിക്കാൻ നേതൃത്വത്തിൽ തന്നെ ഒത്തു കളി നടന്നുവെന്നും വിമർശനം ഉണ്ട്. അതിന്റെ ഭാഗമായാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ പോയതെന്നും ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ പറയുന്നു.
ഷാഫി പറമ്പിൽ തന്റെ സ്വന്തം അനുയായി കൂടെ കൊണ്ടുനടക്കുന്ന രാഹുൽ മാങ്കൂട്ടത്തിനെയാണ് അടുത്ത പ്രസിഡണ്ടായി മുന്നോട്ടുകൊണ്ടുവരാനായി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഒരു സെലിബ്രിറ്റി പ്രസിഡന്റ് വന്ന ക്ഷീണം യൂത്ത് കോൺഗ്രസിനെ മരണശൈലിയിലേക്ക് എത്തിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോൾ സംഘടനയിൽ പ്രതിഷേധം ഉയർത്തുന്നവർ പറയുന്നത്.. ഇനി സെലിബ്രിറ്റി പ്രസിഡന്റ് വേണ്ട എന്നുള്ളതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള പൊതുവികാരമെന്നും പ്രവർത്തകർ പറയുന്നു.
സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഷാഫി പറമ്പിലിനും, രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനും അമിത സ്വാതന്ത്ര്യം നൽകുന്നതെന്നാണ് ആക്ഷേപം. കോട്ടയത്ത് നടക്കുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പരിപാടിയിൽ സതീശന്റെ ചിത്രവും ഷാഫി പറമ്പിൽ ചിത്രവും ഒഴിവാക്കിയിരുന്നത് ഇതിനാലാണെന്നും പ്രവർത്തകർ പറയുന്നു.
വി ഡി സതീശൻ അമിതമായി ഈ രണ്ടു സെലിബ്രിറ്റി നേതാക്കൾക്ക് നൽകുന്ന പ്രാധാന്യമാണ് വി ഡി സതീശന് എതിരായതെന്നാണ് വിമർശനം. ഇതോടെ യൂത്ത് കോൺഗ്രസിന്റെ വലിയൊരു ഭാഗം ശശി തരൂരിന് അനുകൂലമായി മാറിയെന്നും ഗ്രൂപ്പുകളിൽ പ്രവർത്തകർ പറയുന്നു.