മെല്‍ബണ്‍: വിജനമായ ഒരു ദ്വീപില്‍ ക്രൂയിസ് കപ്പല്‍ ജീവനക്കാര്‍ ഉപേക്ഷിച്ച എണ്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പതിനായിരം പൗണ്ട് നല്‍കിയാണ് അവര്‍ ഈ ആഡംബര കപ്പലില്‍ യാത്ര പുറപ്പെട്ടത്. ഗ്രേറ്റ് ബാരിയര്‍ റീഫിലെ വിദൂര ദ്വീപായ ലിസാര്‍ഡിലാണ് ഇവര്‍ ജീവനക്കാരുടെ അശ്രദ്ധ കാരണം കുടുങ്ങിപ്പോയത്. ഇവരെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷമാണ് കപ്പലിലെ ജീവനക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന് ജീവനക്കാര്‍ക്ക് മനസിലായത്.

കോറല്‍ അഡ്വഞ്ചര്‍ എന്ന ക്രൂയിസ് കപ്പലിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ കപ്പലില്‍ വീണതായിരിക്കാം എന്നാണ് ആദ്യം ജീവനക്കാര്‍ കരുതിയത്. എന്നാല്‍ മരിച്ച വൃദ്ധക്ക് ദ്വീപില്‍ നിന്ന് ക്രൂയിസ് കപ്പലില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് പിന്നീട് നടത്തിയ

അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇവരെ രക്ഷിക്കാന്‍ കഴിയുമോ എന്ന്് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അന്വേഷിക്കുന്നതിനിടെയാണ് അവര്‍ മരിച്ച കാര്യം മനസിലാക്കുന്നത്.

അറുപത് ദിവസത്തെ യാത്രക്ക് വേണ്ടിയാണ് ഇതിലെ യാത്രക്കാര്‍ ടിക്കറ്റ് എടുത്തിരുന്നത്. പോലീസ് സംഭവത്തില്‍ അന്വേഷണം

ശക്തമാക്കിയിരിക്കുകയാണ്. ഇവര്‍ എങ്ങനെയാണ് ദ്വീപില്‍ കുടുങ്ങി പോയത്, തെരച്ചില്‍ എന്ത് കൊണ്ട് വൈകി, നിരവധി പേര്‍ എത്തുന്ന ഈ ദ്വീപില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും തെരയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കെയ്ന്‍സില്‍ നിന്ന് യാത്ര ആരംഭിച്ച കോറല്‍ അഡ്വഞ്ചറര്‍ യാത്ര ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ശനിയാഴ്ച കപ്പല്‍ ലിസാര്‍ഡ് ദ്വീപില്‍ നങ്കൂരമിട്ടു.

അവിടെ യാത്രക്കാര്‍ക്ക് ബോട്ടില്‍ കുക്ക്ടൗണില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്കുകിഴക്കായി റിസോര്‍ട്ട് ദ്വീപില്‍ ഹൈക്കിംഗിനും സ്നോര്‍ക്കെലിംഗിനും പോകാം. മരിച്ച സ്ത്രീ ശനിയാഴ്ച ഫാര്‍ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡ് തീരത്ത് നിന്ന് ലിസാര്‍ഡ് ദ്വീപിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ ഹൈക്കിംഗ് നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ വിശ്വസിക്കുന്നത്. ഒരു സംഘത്തോടൊപ്പം ഹൈക്കിംഗിന് പോയ മരിച്ച സ്ത്രീ മടങ്ങി വരുമ്പോള്‍ വഴി തെറ്റി ഒറ്റപ്പെട്ടു പോയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

ഇവര്‍ മടങ്ങിയെത്തിയില്ല എന്ന് മനസിലാക്കാതെ കപ്പല്‍ മറ്റ് യാത്രക്കാരുമായി യാത്ര തിരിക്കുകയായിരുന്നു. യാത്രക്കാരിയെ കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ദ്വീപില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ കണ്ടെത്തുന്നത്. പക്ഷെ ഒരു ദിവസം മുഴുവന്‍ ദ്വീപില്‍ കിടന്ന അവര്‍ മരിച്ചു പോയതായി മനസിലായിരുന്നു.