കണ്ണൂർ:കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പാടിയോട്ടുചാലിലെ സി.പി. എം നേതാക്കൾക്കെതിരെ പാർട്ടി നടപടി. സേവ്യർ, റംഷ, അഖിൽ, സജേഷ് എന്നിവർക്കെതിരെയാണ് നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. ഇതിൽ മൂന്നു പേർ സി.പി. എം പാടിയോട്ടുംചാൽ ലോക്കൽ കമ്മിറ്റിയംഗങ്ങളും മറ്റൊരാൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.

അഖിൽ മുൻ എസ്. എസ്. ഐ നേതാവ് കൂടിയാണ്. ചെറുപുഴയിലെ പ്രമുഖ കേരള കോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്ന് ട്രേഡിങ് ഇടപാട് നടത്തിയതിലാണ് തട്ടിപ്പു നടന്നത്. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ഇടപാട് നടന്നതത്രെ. മുപ്പതുകോടിരൂപയുടെ ഇടപാട് ഇവർ നടത്തിയെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും വരുന്ന വിവരം. ഇതിലൂടെ ഇരുപതു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും ആരോപണമുണ്ട്.

എന്നാൽ പത്തുകോടി രൂപയുമായി ബന്ധപ്പെട്ട് സി.പി. എമ്മുകാരും കേരള കോൺഗ്രസ് നേതാവിന്റെ മകനും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. നേതാവിന്റെ മകൻ ദേവഗിരി കോളേജ് വിദ്യാർത്ഥി കൂടിയാണ്. തർക്കം നിലനിൽക്കുന്നതിനിടയിൽ കേരളാ കോൺഗ്രസ് നേതാവിന്റെ മകന് വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ ഈ വാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതെന്നാണ് ആരോപണം.

ഇതേ തുടർന്ന് കേരള കോൺഗ്രസ് നേതാവ് സി.പി. എം  സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി സംഭവം അന്വേഷിക്കാൻ ജില്ലാകമ്മിറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാകമ്മിറ്റി നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായിരുന്നു.

ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം സി.പി. എം ഏരിയാകമ്മിറ്റി യോഗം ചേർന്ന് നാലുപേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അതിനു ശേഷം പാടിയോട്ടുചാൽ ലോക്കൽകമ്മിറ്റി യോഗം ചേർന്ന് ഏരിയാകമ്മിറ്റി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു നാലുപേരെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. നടപടിക്കു വിധേയമായവർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കൾ കൂടിയാണ്.