- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില്ലുകൾ തകർത്ത രാത്രി' ക്രിസ്പി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കെഎഫ്‌സി; അബദ്ധം മനസ്സിലായതോടെ മാപ്പുപറഞ്ഞ് പരസ്യം പിൻവലിച്ചു; ഒറ്റരാത്രികൊണ്ട് നൂറുകണക്കിന് ആരാധനാലയങ്ങളും വീടുകളും തകർത്ത യഹൂദവേട്ട; ക്രിസ്റ്റൽനൈറ്റ് വീണ്ടും ചർച്ചയാവുമ്പോൾ
ചില്ലുകൾ ഉടയുന്നതിന്റെ ശബ്ദം മാത്രം കേൾക്കാനുണ്ടായിരുന്ന ഒരു രാത്രി. ലോക ചരിത്രത്തിൽ അങ്ങനെ ഒരു രാത്രിയുണ്ടായിരുന്നു. അതാണ് 1938 നവംബർ ഒൻപതിന് ജർമ്മനി സാക്ഷിയായത്. സമാനതകൾ ഇല്ലാത്ത യഹൂദ വേട്ടയുടെ തുടക്കവും ആയിരുന്നതു അത്. ചരിത്രത്തിലെ ആ കാള രാത്രി ഇപ്പോൾ വീണ്ടും ലോകത്ത് ചർച്ചയായിരിക്കുന്നത്, കെഎഫ്സിയുടെ ഒരു പരസ്യത്തിലൂടെയാണ്.
സംഭവത്തിന്റെ വാർഷികം ഫ്രൈഡ് ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആയിരുന്നു കമ്പനി നോട്ടിഫിക്കേഷനായി നൽകിയ പരസ്യത്തിലെ ആഹ്വാനം. നാസി ജനക്കൂട്ടം യഹൂദ ആരാധനാ കേന്ദ്രങ്ങളായ സിനഗോഗുകൾ തകർക്കുകയും കച്ചവട സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക അക്രമം നടത്തുകയും ചെയ്ത ദിവസമാണിത്. തകർന്ന ആരാധനാലയങ്ങളുടെയും വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഗ്ലാസ് ചില്ലുകൾ റോഡിലുടനീളം ചിതറിക്കിടക്കുകയായിരുന്നു. ഇതിന്റെ ഓർമ്മദിനം അതുകൊണ്ടു തന്നെ 'ചില്ലുകൾ തകർത്ത രാത്രി' (ക്രിസ്റ്റൽനൈറ്റ്) എന്നാണ് അറിയപ്പെടുന്നത്. ജർമ്മൻ അധികൃതർ നോക്കുകുത്തിയായി നിന്നുകൊണ്ടായിരുന്നു അക്രമങ്ങൾ മുഴുവൻ അരങ്ങേറിയത്. യഹൂദന്മാരെ ഉന്മൂലനം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിരുന്നു അക്രമങ്ങളെന്ന് പിന്നീട് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
1000 ത്തിലേറെ യഹൂദ ആരാധനാലയങ്ങളാണ് അഗ്നിക്ക് ഇരയാക്കിയത്. അബദ്ധം മനസിലായതോടെ തങ്ങളുടെ സിസ്റ്റത്തിൽ വന്ന പിഴവാണെന്ന് പറഞ്ഞ് കെഎഫ്‌സി മാപ്പുപറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ എങ്ങനെയാണ് പിഴവ് പറ്റിയതെന്ന് പരിശോധിക്കുമെന്നും കെഎഫ്‌സി അറിയിച്ചു. പക്ഷേ അതോടെ ചില്ലുകൾ തകർന്ന രാത്രി, വീണ്ടും ലോക വ്യാപകമായി ചർച്ചയായി.
യഹൂദ കൂട്ടക്കൊലയുടെ തുടക്കം
യഹൂദകൂട്ടക്കൊലയുടെ മുന്നൊരുക്കമായിട്ടാണ്, 1938 നവംബർ 9 നും 10 നും ജർമനിയിൽ നാസികളുടെ നേതൃത്വത്തിൽ നടന്ന അക്രമങ്ങൾ വിലയിരുത്തപ്പെടുന്നത്. ജർമ്മൻ നയതന്ത്രജ്ഞനായ ഏൺസ്റ്റ് ഫോം റാതിനെ, ഹെർഷൽ ഗ്രിൻസ്പാൻ എന്ന ജർമ്മനിയിൽ ജനിച്ച പോളണ്ടുകാരനായ യഹൂദൻ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങൾ നടന്നത്. കലാപത്തിനുശേഷം യഹൂദർക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളും ഉണ്ടായി. ഈ ആക്രമണങ്ങളെല്ലാം ജുതന്മാരെ ഉന്മൂലനം ചെയാനുള്ള നാസിപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു. അതിനെ എതിർക്കുകയോ, തടയുകയോ ചെയ്യാതെ ജർമ്മൻ അധികാരികൾ നോക്കി നിന്നതേ ഉള്ളൂ. യഹൂദ ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർത്ത ചില്ലുകൾ തെരുവുനീളെ ചിതറിത്തെറിച്ച് കിടന്നു.
അന്നത്തെ യഹൂദമരണസംഖ്യയെപ്പറ്റി വിഭിന്ന അഭിപ്രായങ്ങളുണ്ട്. 91 മരണങ്ങൾ എന്നാണ് ആദ്യകണക്കുകൾ എങ്കിലും, ഈ പരിപാടിക്കുശേഷമുള്ള വ്യാപക അറസ്റ്റുകളും പീഡനങ്ങളും ആത്മഹത്യകളും കണക്കിലെടുക്കുമ്പോൾ മരണസംഖ്യ എത്രയോ അധികമാവാനാണ് സാധ്യതയെന്നു ചരിത്രകാരന്മാർ പറയുന്നുണ്ട്.
കൂടാതെ ഏതാണ്ട് 30000 ആൾക്കാരെ പീഡനക്യാമ്പുകളിലേക്ക് അയയ്ക്കുകയുണ്ടായി. യഹൂദന്മാരുടെ ഭവനങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ വലിയ ചുറ്റികകൾ ഉപയോഗിച്ചാണ് അക്രമകാരികൾ അടിച്ചുതകർത്തത്. വിയന്നയിൽ മാത്രം 95 എണ്ണം ഉൾപ്പെടെ ഏതാണ്ട് ആയിരത്തിലേറെ യഹൂദപ്പള്ളികളാണ് കത്തിച്ചത്. 7000 ത്തിലേറെ കച്ചവടസ്ഥാപനങ്ങൾ തകർത്തു.
ഹിറ്റ്ലറുടെ വംശവെറി
വളരെ കൃത്യമായ തയ്യാറെടുപ്പുകളോടെ നടപ്പാക്കപ്പെട്ട ഒന്നായിരുന്നു ഈ അക്രമങ്ങൾ. 1930 ൽ മിക്ക യഹൂദന്മാരും ജർമ്മൻ സമൂഹത്തിൽ തുല്യതയോടെ എല്ലാ മേഖലയിലും പ്രവർത്തിച്ചുവരുന്നവരായിരുന്നു. ഹിറ്റ്‌ലർ അധികാരത്തിലെത്തിയതോടെ സംഗതികൾ പതിയെ മാറി വന്നു. കേവലം ഒരു ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള യഹൂദന്മാരായിരുന്നു ജർമനിയുടെ ഉള്ളിൽത്തന്നെയുള്ള ശത്രുക്കളെന്നും യുദ്ധത്തിന്റെ തോൽവിക്ക് അവരാണ് കാരണക്കാരെന്നും തുടർന്നുണ്ടായ സാമ്പത്തിക പരാധീനതകളുടെ ഉത്തരവാദികൾ യഹൂദരാണെന്നും ഹിറ്റ്‌ലർ ആരോപിച്ചു. യഹൂദന്മാരുടെ സ്വാതന്ത്യത്തിൽ കുറവു വരുത്തി, സർക്കാർ സർവ്വീസിൽ പ്രവേശനം നൽകാതെ, കച്ചവടങ്ങൾ ബഹിഷ്‌കരിച്ച്, പൗരത്വം എടുത്തുകളഞ്ഞ് യഹൂദരെ സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതരാക്കി. 1935 ലെ ന്യൂറംബർഗ് നിയമങ്ങളോടെ അവരുടെ സർവ്വസ്വാതന്ത്ര്യങ്ങളും എടുത്തുകളയുകയും യഹൂദരല്ലാത്തവരുമായുള്ള വിവാഹബന്ധങ്ങൾ നിയമവിരുദ്ധമാക്കുകയും ചെയ്തു.
പതിനായിരക്കണക്കിനു യഹൂദന്മാർ നാടുവിട്ടു. അമിതമായ കുടിയേറ്റത്താൽ പലരാജ്യങ്ങൾക്കും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയായി. ഇനിയും ആരെയും ഉൾക്കൊള്ളാനാവാത്ത അവസ്ഥ വന്നപ്പോൾ യഹൂദവിരുദ്ധപദ്ധതികൾക്ക് നാസികൾ പുതിയ പരിപാടികൾ കണ്ടുപിടിച്ചു. എന്തെങ്കിലും ഒരു കാരണത്തിന് കാത്തിരിക്കുകയായിരുന്നു നാസികൾ. ഇതിനുള്ള പദ്ധതികൾ 1937-ലേ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.യഹൂദന്മാരുടെ വസ്തുവകകൾ പിടിച്ചെടുക്കലായിരുന്നു ഇവയുടെ ശരിക്കുമുള്ള ലക്ഷ്യമെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്.
ഒറ്റരാത്രി കൊണ്ട് നാടുവിടാൻ ഉത്തരവ്
ജർമനിയിൽ ജനിച്ചതെങ്കിലും വിദേശികളായ 12000 യഹൂദന്മാരോട് 1938 ഒക്ടോബർ 28 ന് ഒറ്റരാത്രികൊണ്ട് നാടുവിട്ടുകൊള്ളണമെന്നു ഹിറ്റ്ലർ ആജ്ഞ നൽകി. ഒരാൾക്ക് ഒരു സ്യൂട്ട്‌കേസിൽ കൊള്ളുന്ന സാധനങ്ങൾ മാത്രം എടുക്കാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. അങ്ങനെ യഹൂദന്മാരെ കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ബാക്കിവന്നതെല്ലാം നാസികളും അയൽക്കാരും കൂടി പങ്കിട്ടെടുത്തു. അങ്ങനെ കൊണ്ടുപോയവരെ പോളണ്ട് അതിർത്തിയിൽ ഉപേക്ഷിക്കുകയും, പോളണ്ട് അധികൃതർ അവരെ തിരിച്ച് ജർമനിയിലെ പുഴയിലേക്ക് ഓടിക്കുകയും ചെയ്തു. മഴനനഞ്ഞു കൊണ്ട് ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ അതിർത്തികൾക്ക് ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. 4000 ആൾക്കാർക്ക് പോളണ്ടിലേക്ക് പ്രവേശനം നൽകിയെങ്കിലും 8000 ത്തോളം ആൾക്കാർ അതിർത്തിയിൽ കുടുങ്ങി. ക്യാമ്പിലെ അവസ്ഥകളുടെ ദയനീയതയിൽ തിരിച്ചുചെന്നു വെടികൊണ്ട് മരിക്കാൻ പോലും ആൾക്കാർ തയ്യാറായിരുന്നു!
ഈ അവസരത്തിലാണ് ജനിച്ചത് ജർമ്മനിയിലാണെങ്കിലും പോളണ്ട് യഹൂദനായ ഹെർഷെൽ, ജർമ്മൻ നയതന്ത്ര ഉദ്യോഗസ്ഥനായ റാതിനെ വെടിവച്ചുകൊല്ലുന്നത്. അടുത്ത ദിവസം തന്നെ യഹൂദകുട്ടികളെ ജർമൻ സ്‌കൂളിൽ നിന്നും വിലക്കി. യഹൂദരുടെ സാംസ്‌കാരികപരിപാടികളെയെല്ലാം അനിശ്ചിതമായി തടഞ്ഞു. അവരുടെ പ്രസിദ്ധീകരണങ്ങൾ നിർത്തിവെപ്പിച്ചു. പൗരന്മാരെന്ന നിലയിലുള്ള അവരുടെ അവകാശങ്ങളെല്ലാം തടയപ്പെട്ടു. റാത്തിന്റെ മരണവാർത്തയറിഞ്ഞ ഹിറ്റ്‌ലർ, 1923 -ൽ തന്റെ നേതൃത്ത്വത്തിൽ നടക്കാതെപോയ സർക്കാരിനെ മറിച്ചിടൽ പരിപാടിയുടെ വാർഷികത്തിൽ സംസാരിക്കാതെ ഇറങ്ങിപ്പോയി. ഹിറ്റ്‌ലറുടെ അഭാവത്തിൽ ഗീബൽസ് ആണ് പ്രസംഗിച്ചത്. ഇതിനെതിരായി യാതൊരു സംഭവവും പാർട്ടിയായി ഉണ്ടാക്കരുതെന്നും, ഇനി തനിയെ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അതിനെ തടയേണ്ടതില്ലെന്നുമാണ് ഹിറ്റ്‌ലർ തീരുമാനിച്ചിരിക്കുന്നതെന്ന് അയാൾ പ്രസംഗിച്ചു.എന്താണ് വേണ്ടതെന്ന് ഇതിൽ നിന്നും വ്യക്തമായവരാണ് കലാപം നടത്തിയത്.
1938 നവംബർ 10 -ന് രാവിലെ നാസി തലവൻ റൈൻഹാർഡ് ഹെയ്ഡ്രിഹ് അക്രമങ്ങളെ നേരിടേണ്ടതിനെപ്പറ്റി സെക്യൂരിറ്റി പൊലീസിന് അയച്ച ടെലിഗ്രാമിൽ യഹൂദന്മാരല്ലാത്തവരുടെ വസ്തുവകകൾ സംരക്ഷിക്കണമെന്നും കലാപത്തിൽ ഇടപെടേണ്ടെന്നും യഹൂദപ്പള്ളികളിൽ നിന്നും യഹൂദരുടെ കാര്യാലയങ്ങളിൽ നിന്നും അവരുടെ സമ്പത്തുകൾ കൊണ്ടുപോകണമെന്നും പിന്നീട് പീഡനക്യാമ്പുകളിലേക്ക് കൊണ്ടുപോകാനായി വളരെയധികം പ്രായമില്ലാത്ത, ആരോഗ്യമുള്ള യഹൂദപുരുഷന്മാരെ തെരഞ്ഞുപിടിക്കുകയും ചെയ്യണമെന്ന് പറയുന്നുണ്ട്.
കലാപം തുടങ്ങുന്നു
റാതിന്റെ മരണവാർത്ത അറിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ യൂണിഫോം ധരിക്കാത്ത നാസി അർദ്ധസൈനികവിഭാഗങ്ങൾ കാലാപം തുടങ്ങി. വലിയ ചുറ്റികകളും കോടാലികളുമായി യഹൂദവസ്തുവകകൾ തല്ലിത്തകർത്ത് തീയിട്ട് നശിപ്പിക്കുക. യഹൂദരല്ലാത്തവരുടെ വസ്തുക്കൾ അടുത്തുതന്നെയുണ്ടെങ്കിൽ തീയിടരുത് തല്ലിത്തകർക്കാനേ പാടുള്ളൂ, കൊള്ളയടിക്കരുത്, വിദേശികളെ, യഹൂദന്മാരാണെങ്കിൽപ്പോലും ഒന്നും ചെയ്യരുത്, യഹൂദപ്പള്ളികളിലെ പഴയവസ്തുക്കൾ സെക്യൂരിറ്റി സർവീസിനെ എൽപ്പിക്കുക, ജയിലുകളിൽ നിറയ്ക്കാൻ പാകത്തിൽ ചെറുപ്പക്കാരായ യഹൂദന്മാരെ തടങ്കലിലാക്കുക എന്നിവയെല്ലാമായിരുന്നു കിട്ടിയിരുന്ന നിർദ്ദേശങ്ങൾ. 7500 ഓളം കടകൾ തകർത്തു, ജർമനിയിൽ ആകമാനം യഹൂദഭവനങ്ങൾ നശിപ്പിച്ചു. യഹൂദപ്പള്ളികൾ തകർത്തു, യഹൂദരുടെ ശ്മശാനങ്ങൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിവ തല്ലിത്തകർത്തു. കുറെ യഹൂദന്മാരെ അടിച്ചുകൊന്നു, പലരെയും നിർബന്ധമായി കാഴ്ചക്കാരാക്കി. 30000 ത്തോളം യഹൂദന്മാരെ പിടിച്ച് പ്രധാനമായും ഡാക്ഹൗ, ബൂഹെൻവാൾഡ്, സാഹ്സെൻ ഹോയ്സെൻ എന്നീ പീഡനകേന്ദ്രങ്ങളിലേക്ക് അയച്ചു.
ക്യാമ്പുകളിൽ യഹൂദന്മാരെ തല്ലിച്ചതച്ചു, ജർമനി വിട്ടോളാം എന്ന നിബന്ധനയിൽ രണ്ടുമൂന്നുമാസത്തിനുള്ളിൽ പലരെയും മോചിപ്പിച്ചു. ഈ പരിപാടിയിൽ മാത്രമായി ക്യാമ്പുകളിൽ 2000-2500 -ത്തോളം കൊലകൾ നടന്നിട്ടുണ്ടാവാം എന്നു കരുതുന്നു. യഹൂദന്മാരെന്നും കരുതി അല്ലാത്ത ചിലരെയും കൊന്നിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ തകർക്കുക, ശ്മശാനങ്ങളിലെ കല്ലറകളിലെ കല്ലുകൾ ഊരിയെടുക്കുക, തീയിടുക, ആരാധന-വിശുദ്ധപുസ്തകങ്ങൾ കത്തിക്കുക, യഹൂദർ വിശുദ്ധമെന്നു കരുതുന്ന കെട്ടിടങ്ങൾ മനസ്സിലാവാത്തത്രയും തല്ലിത്തകർത്ത് വികൃതമാക്കുക ഇങ്ങനെയിങ്ങനെ ആക്രമണങ്ങൾ വളരെയായിരുന്നു. ഇതു കൂടാതെ യഹൂദസമൂഹത്തിന് നൂറുകോടി മാർക്ക് പിഴയുമിട്ടു. ആസ്ട്രിയയിൽ തകർക്കൽ പൂർണ്ണമായിരുന്നു. എല്ലാ പള്ളികളും ആരാധാനാലയങ്ങളും അവിടെ തകർത്തു. ആൾക്കാരെ ഏതുവിധേനയും മാനംകെടുത്തി. അയൽക്കാരും സുഹൃത്തുക്കളും പോലുമായിരുന്നവർ യഹൂദരെക്കൊണ്ട് നിർബന്ധിതമായി വഴിയോരങ്ങൾ തുടപ്പിച്ചു.
550 കോടിയുടെ നഷ്ടപരിഹാരവും
നവംബർ 11 -ന് ഗീബൽസ് നടത്തിയ പ്രസ്താവനയോടെ കലാപം നിന്നു. എന്നാൽ അതേത്തുടർന്നു ക്യാമ്പുകളിലേക്ക് കൊണ്ടുപോയവരുടെ നേർക്ക് അതിക്രൂരമായ പീഡനമായിരുന്നു. നവംബർ 23 -ന് ലണ്ടൻ ക്രോണിക്കളിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു. ശിക്ഷ ലഭിച്ചുകൊണ്ടിരുന്ന 62 യഹൂദന്മാരുടെ കരച്ചിൽ സഹിക്കാനാവാതെ പൊലീസുകാർക്കുപോലും പുറംതിരിഞ്ഞു നിൽക്കേണ്ടി വന്നു. വീഴുന്നതുവരെ അവരെ അടിച്ചു, വീണതിനുശേഷം പിന്നെയും അടിച്ചു. അതിന്റെ അവസാനം 62 പേർ കൊല്ലപ്പെട്ടു, അവരുടെ തലയോടുകൾ തല്ലിപ്പൊട്ടിച്ചു. ബാക്കിയുള്ളവർ ബോധം നശിച്ച അവസ്ഥയിൽ ആയിരുന്നു. പലരുടെയും കണ്ണുകൾ അടികൊണ്ട് പുറത്തെത്തിയിരുന്നു, മുഖങ്ങൾ അടികൊണ്ട് പരന്ന് ആകൃതിയില്ലാത്തവണ്ണം ആയിരുന്നു. തടവിലായിരുന്ന 30000 യഹൂദമാരെ മൂന്നുമാസത്തിനുള്ളിൽ മോചിപ്പിക്കുമ്പോഴേക്കും 2000ലേറെ പേർ മരിച്ചിരുന്നു.
ഇതിനുശേഷവും യഹൂദപീഡനം തുടർന്നു. റാതിന്റെ കൊലപാതകം മൂലമുള്ള നഷ്ടങ്ങൾ നികത്താൻ യഹൂദരെല്ലാം കൂടി നൂറുകോടി മാർക്ക് (ഇന്നത്തെ നിരക്കിൽ 550 കോടി അമേരിക്കൻ ഡോളർ) നഷ്ടപരിഹാരം നൽകണമെന്നും അതിനായി യഹൂദരുടെ സമ്പത്തിന്റെ അഞ്ചിലൊന്നു നിർബന്ധമായി പിടിച്ചെടുക്കാനും തീരുമാനിച്ചു. കൂടാതെ ജർമ്മനിക്കുണ്ടായ നഷ്ടം നികത്താൻ മറ്റു പണവും നൽകാൻ നിർബന്ധിതമായി. ുടിയേറി നാടുവിടുന്ന യഹൂദന്മാരുടെ എണ്ണം ഒറ്റയടിക്ക് വളരെ കൂടി. നാടുവിടാൻ സാധിച്ചവരൊക്കെ അതു ചെയ്തു. ഈ സംഭവത്തിന് 10 മാസത്തിനുള്ളിൽ 115000 യഹൂദന്മാർ ജർമ്മനിയിൽ നിന്നും നാടുവിട്ടു. മിക്കവരും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഫലസ്തീനിലേക്കുമാണ് പോയത്, ഏതാണ്ട് 14000 ആൾക്കാർ ചൈനയിലെ ഷാങ്ഹായിലേക്കും പോയി.
സർക്കാർ നയത്തിന് അനുസൃതമായി നാടുവിട്ടവരുടെ വസ്തുക്കൾ, കടകൾ, വീടുകൾ, സ്ഥലങ്ങൾ എന്നിവ നാസികൾ കയ്യേറി. നശിപ്പിക്കപെട്ട യഹൂദവസ്തുക്കൾ ബ്രാണ്ടെൻബുർഗിനു സമീപത്തുകൊണ്ടുപോയിത്തള്ളി. 2008 ഒക്ടോബറിൽ ഒരു അന്വേഷണാത്മക ത്രപ്രവത്തകനായ യാരോൺ സ്വൊറായി ഈ സ്ഥലം കണ്ടെത്തി. 1938 നവംബർ 9 ന് കൊള്ളയടിച്ച യഹൂദരുടെ വസ്തുക്കളും ആരാധനാസാധനങ്ങളും പള്ളികളുടെ ഭാഗങ്ങളും എല്ലാം ഏതാണ്ട് നാലു ഫുട്‌ബോൾ കളത്തിന്റെ വലിപ്പമുള്ള ഇടത്തുകൊണ്ടുപോയി കൂട്ടിയിട്ടിരിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ച ഈ സ്ഥലത്ത് തീവണ്ടി ാർഗ്ഗമാണ് ഇവ കൊണ്ടുവന്നു തള്ളിയതെന്നു കരുതപ്പെടുന്നു. ദാവീദിന്റെ നക്ഷത്രം ആലേഖനം ചെയ്ത ചില്ലുപാത്രങ്ങൾ, ഹീബ്രൂവിൽ എഴുതിയ വിശുദ്ധവസ്തുക്കൾ, ചായമടിച്ച ജനൽച്ചില്ലുകൾ, യഹൂദപ്പള്ളികളിൽ കാണുന്ന ഇനം കസേരകളുടെ കൈകൾ എന്നിവയും ഇവിടെ ഉണ്ടായിരുന്നു.
ഇത്രതും ഭയാനകമായ ഒരു വംശഹത്യയുടെ സ്മരണകളാണ് ഇപ്പോൾ പുതുക്കപ്പെടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ