- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി സിഎസ്ഐ സഭ; മതപരിവര്‍ത്തന ആരോപണം വ്യാജം; എഫ്ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നമെന്നും സഭാ വൃത്തങ്ങള്‍
മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി സിഎസ്ഐ സഭ
ഭോപ്പാല്‍: മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് സിഎസ്ഐ വൈദികനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവക. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്വിന്‍ ആണ് അറസ്റ്റിലായത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബോര്‍ഡ് ഓഫ് മിഷനില്‍ സേവനം ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ചാണ് വൈദികന്‍ അറസ്റ്റിലായത്.
എന്നാല്‍ മതപരിവര്‍ത്തന ആരോപണം വ്യാജമാണെന്ന് സിഎസ്ഐ സഭ പറഞ്ഞു എഫ്ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നും, നീതിക്കായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍ പ്രതികരിച്ചു. അറസ്റ്റ് ചെയ്ത മലയാളി വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ വരുന്നുണ്ട്. മധ്യപ്രദേശിലെ രത്ലം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കേസ് ഡയറി കോടതിയില്‍ ഹാജരാക്കാതെ പോലിസ് മനപൂര്‍വം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികര്‍ ആരോപിച്ചു. 25 വര്‍ഷമായി ഉത്തരേന്ത്യയിലും 12 വര്‍ഷമായി ജാബുവയിലെ മോഹന്‍പുരയിലും പ്രവര്‍ത്തിക്കുന്നയാളാണ് വൈദികന്‍ ഗോഡ്വിന്‍ എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. നിയമസഹായം നല്‍കാന്‍ സിഎസ്ഐ സഭാംഗങ്ങള്‍ മധ്യപ്രദേശിലെത്തി.
ഫാദര്‍ ഗോഡ്വിന്‍ പ്രദേശത്ത് സേവനപ്രവര്‍ത്തനങ്ങളിലും മിഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ഗ്രാമവാസികള്‍ക്കായി ട്യൂഷന്‍ സെന്ററും ടെയ്ലറിങ് കേന്ദ്രവും അദ്ദേഹം നടത്തിവരികയായിരുന്നു. എന്നാല്‍, വൈദികനെതിരെ പരാതി നല്‍കിയിരിക്കുന്നത് ഗ്രാമവാസികളല്ലെന്നും, ഗ്രാമത്തിന് പുറത്തുനിന്നുള്ളവരാണെന്നും ഫാദര്‍ ഗോഡ്വിനൊപ്പമുള്ള മറ്റ് വൈദികര്‍ പറയുന്നു.
പോലീസ് പറയുന്നത്, പരാതി ലഭിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നുമാണ്. എന്നാല്‍, ഇതുവരെ പോലീസിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫാദര്‍ ഗോഡ്വിനൊപ്പമുള്ളവര്‍ ആരോപിക്കുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിന് പിന്നില്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളുടെ പ്രേരണയുണ്ടോ എന്ന കാര്യവും അന്വേഷണവിധേയമായിട്ടുണ്ട്. ഫാദര്‍ ഗോഡ്വിന്റെ അറസ്റ്റ് മധ്യപ്രദേശിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മലയാളി വൈദികന്റെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേസ് നീതിപൂര്‍വം അന്വേഷിക്കണമെന്നും നിരപരാധിത്വം തെളിയിക്കപ്പെടണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.




