- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലെവല്‍ ക്രോസ് ഗേറ്റ് അടയ്ക്കാതെ ജീവന്‍ക്കാരന്‍ ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാര്‍; വാന്‍ ഡ്രൈവറുടെ നിര്‍ബന്ധത്തില്‍ ഗേറ്റ് കീപ്പര്‍ ഗേറ്റ് അടച്ചില്ലെന്ന് റെയില്‍വേ; കടലൂരിലേത് മനുഷ്യ പിഴവുണ്ടാക്കിയ ദുരന്തം; ആ സ്‌കൂള്‍ വാനെ ഇടിച്ചത് വില്ലുപുരം-മൈലാടുംതുറെ എക്‌സ്പ്രസ്; മരിച്ചത് കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ചെന്നൈ: കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചതിന് കാരണം മാനുഷിക പിഴവ്. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ചെമ്മംകുപ്പത്ത് വെല്‍ ക്രോസിലാണ് അപകടം ഉണ്ടായത്.
വില്ലുപുരം-മൈലാടുംതുറെ എക്‌സ്പ്രസ് ട്രെയിനാണ് സ്വകാര്യ സ്‌കൂളിന്റെ വാനില്‍ ഇടിച്ചത്. ഈ ലെവല്‍ ക്രോസിലെ ജീവനക്കാരന്‍ ഗേറ്റ് അടയ്ക്കാതെ ഉറങ്ങി പോയെന്നാണ് റിപ്പോര്‍ട്ട്. തുറന്നു കിടക്കുന്ന ഗേറ്റ് കണ്ടാണ് സ്‌കൂള്‍ വാന്‍ അതിലൂടെ കടന്നു പോയത്. ഈ സമയം തീവണ്ടി വരികയായിരുന്നു. ചെമ്മംകുപ്പത്തെ റെയില്‍വേ ക്രോസിലാണ് അപകടം.
റെയില്‍വേ ഗേറ്റ് ജീവനക്കാരന് അതി ഗുരുതര വീഴ്ചയുണ്ടായി. അപകടത്തെ തുടര്‍ന്ന് ജീവനക്കാരനെ നാട്ടുകാര്‍ ആക്രമിച്ചു. ഇയാള്‍ അപകടം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. തീവണ്ടി വരുന്നത് അറിഞ്ഞതുമില്ല. ഇതാണ് അപകടമുണ്ടാക്കിയത്. ഇതോടെ ബസിനായിരുന്നില്ല പിഴവുണ്ടായതെന്നും വ്യക്തമായി. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് വാന്‍ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
പിന്നീട് ട്രെയിന്‍ വരുംമുന്‍പ് വാന്‍ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് വാന്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു. ഇതിനിടെയാണ് ഉറക്കമെന്ന വാദം നാട്ടുകാരും ഉന്നയിക്കുന്നത്. ഏതായാലും വാന്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ചാലും ഗേറ്റ് പൂട്ടേണ്ടത് ഗേറ്റ് കീപ്പറുടെ ഉത്തരവാദിത്തമാണ്.