- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർവ്യൂവിൽ എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു നൽകിയത് 20ൽ 19 മാർക്ക്; പിഎസ്‌സി അഭിമുഖങ്ങൾക്ക് നൽകുന്നത് പരമാവധി 14 മാർക്ക്; ഉഷയ്ക്ക് കൊടുത്തത് 95% മാർക്ക്; കുസാറ്റിലെ നിയമനത്തിലും ദുരൂഹത ഏറെ; നടന്നത് കണ്ണൂർ സർവ്വകലാശാല മോഡലോ?
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) പ്രഫസർ നിയമനത്തിനു നടത്തിയ ഇന്റർവ്യൂവിൽ എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു നൽകിയത് 20ൽ 19 മാർക്ക്. പിഎസ്‌സി അഭിമുഖങ്ങൾക്ക് പരമാവധി 14 മാർക്കേ (70%) നൽകാറുള്ളൂ. ഈ വ്യവസ്ഥയാണ് സർവകലാശാലകളും പിന്തുടരാറുള്ളത് എന്നിരിക്കെയാണ് 95% മാർക്ക് നൽകിയത്. അതിനിടെ ഡോ.കെ.ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നു കുസാറ്റ് പ്രതികരിച്ചു. 2010 ലെ യുജിസി ചട്ടങ്ങൾ കർശനമായി പാലിച്ചാണു നിയമനമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാണു സിലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നും കുസാറ്റ് അറിയിച്ചു.
ഇതിനിടെയാണ് 19 മാർക്ക് കൊടുത്തത് ചർച്ചയാകുന്നത്. ഇതേസമയം, ഏറ്റവുമധികം അക്കാദമിക് യോഗ്യതയുള്ളയാൾക്ക് ഇന്റർവ്യൂവിനു നൽകിയത് വെറും 5 മാർക്കാണ്. കണ്ണൂർ സർവകലാശാലയിൽ ഉയർന്ന റിസർച് സ്‌കോർ ലഭിച്ചയാളെ പിന്തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകാൻ സ്വീകരിച്ച അതേ നടപടിയാണ് ഇവിടെയും കൈക്കൊണ്ടതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും മാർക്ക് എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു കിട്ടിയതെന്ന ചോദ്യമാണ് ഉയരുന്നത്.
എംജി സർവകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാർ നൽകിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. കെ.ഉഷയ്ക്കു കുസാറ്റിൽ എൻവയൺമെന്റൽ സ്റ്റഡീസ് പ്രഫസർ തസ്തികയിൽ നിയമനം നൽകുകയായിരുന്നു. ഇത് വിവാദമായി. ഇതോടെയാണ് കുസാറ്റ് പ്രതിരോധവുമായി എത്തിയത്. തൊട്ടു പിന്നാലെ ഒന്നാം റാങ്ക് ലഭിക്കാൻ ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയെന്ന രേഖകൾ പുറത്തുവന്നു. ഭർത്താവുമായി ചേർന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളുടെയും മുഴുവൻ മാർക്കും ഉഷയ്ക്ക് നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അക്കാദമിക് യോഗ്യതയുള്ള ഡോ.സോണി.സി.ജോർജിന് 5 മാർക്കാണ് ഇന്റർവ്യൂ ബോർഡ് നൽകിയത്. കുസാറ്റിലെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അസോഷ്യേറ്റ് പ്രഫസർ ഡോ.വി.ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടവരിൽപ്പെടുന്നു. കുസാറ്റിലെ തസ്തികയിൽ 2015 ലാണ് വിജ്ഞാപനം വന്നത്. അന്നത്തെ യുഡിഎഫ് സർക്കാർ മാറി ഇടതു സർക്കാരിന്റെ കാലത്ത് ഡോ.കെ.എൻ.മധുസൂദനനെ വിസിയായി നിയമിച്ചപ്പോൾ അദ്ദേഹം നടത്തിയ ആദ്യ നിയമനം ഇതാണെന്ന് ക്യാംപെയ്ൻ ഭാരവാഹികൾ ആരോപിച്ചു.
'എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ, ഭാര്യയ്ക്കു കുസാറ്റിൽ പ്രഫസറായി നിയമനം ലഭിക്കുന്നതിന് അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് നൽകിയതിൽ തെറ്റില്ലെന്നാണ് കുസാറ്റിന്റെ വാദം. ഭാര്യയെ പ്രഫസറായി നിയമിക്കുമ്പോൾ ഭർത്താവ് പിവിസി അല്ല. ഗവേഷണ പരിചയം കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അവർ പറയുന്നു. എന്നാൽ കൂടുതൽ മാർക്ക് അഭിമുഖത്തിന് നൽകിയെന്നത് വിവാദത്തിന് പുതിയ തലം നൽകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ