തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം നാമനിർദ്ദേശം ചെയ്ത 7 പേരിൽ ഒന്നു പോലും സർക്കാർ ശുപാർശ ഇല്ലാത്തവർ. ഇതിൽ എൽഡിഎഫ് അനുഭാവികളല്ലാത്തവരും ഉൾപ്പെടുന്നു. വൈസ് ചാൻസലർ നൽകിയ പട്ടിക ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു. സർക്കാരിനോട് കൂടിയാലോചിക്കാതെയാണ് വിസി പട്ടിക നൽകിയത്. നേരത്തെ യോഗ്യതാ പ്രശ്‌നതതിൽ കുസാറ്റ് വിസിയോടും ഗവർണ്ണർ രാജി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിനൊപ്പം അന്ന് നിന്ന വിസിയാണ് ഇപ്പോൾ പക്ഷം മാറിയത്. ഇതിന് പിന്നിലെ കാരണം സർക്കാർ അന്വേഷിക്കും.

സർവകലാശാലാ ചട്ടപ്രകാരം സെനറ്റിലേക്ക് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാവുന്ന 7 പേരെയാണ് അദ്ദേഹം നിയമിച്ചത്. സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളായി നിയമിക്കേണ്ടവരുടെ പേരുകൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽനിന്നു വിസിക്കു നൽകുകയും അദ്ദേഹം അതു ഗവർണർക്ക് അയയ്ക്കുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം. ഇങ്ങനെ നൽകുന്ന പട്ടികയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർക്ക് ഉണ്ട്. പക്ഷേ ഇത്തവണ മന്ത്രിയുടെ ഓഫീസ് ഒന്നും അറിഞ്ഞില്ല.

കേരള സർവകലാശാലാ സെനറ്റിലേക്ക് വിസി നൽകിയ പാനലിൽനിന്ന് രണ്ടു പേരെ മുൻപ് ഗവർണർ പി.സദാശിവം ഒഴിവാക്കുകയും അദ്ദേഹത്തിനു താൽപര്യമുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു. എല്ലാ സർവകലാശാലകളിലും ഈ രീതിയാണ് പിന്തുടരുന്നത്. എന്നാൽ ഇത്തവണ സർക്കാരുമായി ആലോചിക്കാതെ കുസാറ്റ് വിസി ഗവർണർക്ക് പാനൽ നൽകി എന്നാണ് ആരോപണം. ഈ മാസം വിരമിക്കാനിരിക്കെയാണ് വിസി സ്വന്തം നിലയിൽ തീരുമാനമെടുത്തത്. ഇത് സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശം സംബന്ധിച്ച ഗവർണറുടെ സെക്രട്ടറിയുടെ കത്ത് കാണുമ്പോഴാണ് സെനറ്റ് അംഗങ്ങളുടെ പേരുകൾ ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയുന്നത്. അറിയപ്പെടുന്ന സിപിഎമ്മുകാരായ രണ്ടു പേർ മാത്രമാണ് അതിലുള്ളത്.

സർക്കാരിന് പൂർണ്ണമായും വഴങ്ങില്ലെന്ന സൂചനകളാണ് ഗവർണ്ണർ നൽകുന്നത്. വിസിമാരെ ഒപ്പം നിർത്തി സർവ്വകലാശാലകളിൽ ഭരണം നടത്താനാണ് നീ്ക്കം. വൈസ് ചാൻസലർമാരില്ലാതെ സംസ്ഥാനത്തെ പ്രധാന സർവകലാശാലകൾ പ്രതിസന്ധിയിലായത്. കേരള, സാങ്കേതിക സർവകലാശാലകൾ ഉൾപ്പെടെ അഞ്ചു സർവകലാശാലകളിൽ വിസിമാരില്ല. എം.ജി, കുസാറ്റ് വിസിമാർ അടുത്ത മാസം വിരമിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ നിയമക്കുരുക്കിലേക്ക് നീങ്ങിയതോടെയാണ് വിസി നിയമനം നടുവഴിയിലായത്. വിസി നിയമനങ്ങളിൽ എല്ലാം ഗവർണ്ണർ പിടിമുറുക്കും. താൽപ്പര്യമുള്ളവരെ നിയമിക്കും. അതുണ്ടായാൽ പിന്നെ എന്തു സംഭവിക്കുമെന്നതിന് തെളിവാണ് കുസാറ്റിലെ സെനറ്റ് നിയമനം.

ഇത് സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കേരള സർവകലാശാല ഉൾപ്പെടെ അഞ്ചു പ്രധാന സർവകലാശാലകളാണ് മുഴുവൻസമയ വിസിമാരില്ലാതെ പ്വർത്തിക്കുന്നത്. കേരള സർവകലാശാല വിസിയുടെ ചുമതല വഹിക്കുന്നത് ആരോഗ്യ സർവകലാശാല വിസി ഡോ .മോഹനൻകുന്നുമ്മലാണ്. സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി ഡോ.സിസ തോമസ് വിരമിച്ചതോടെ ചുമതല ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. മലയാളം, ഫിഷറീസ് , കാർഷിക സർവകലാശാലകളിലും മുഴുവൻസമയ വിസിമാരില്ല.

സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തു നിന്ന് ഡോ.എം.എസ് രാജശ്രീ സുപ്രീം കോടതിവിധിയെ തുടർന്ന് പുറത്തുപോകുകയായിരുന്നു. ഇതോടെ എല്ലാ വിസി നിയമനങ്ങളും യുജിസി ചട്ടമനുസരിച്ചാവണം എന്ന് ഗവർണർ നിലപാടെടുക്കുകയും ചട്ടപ്രകാരമല്ല നിയമനം എന്നുകാണിച്ച് 9 വിസിമാർക്ക് നോട്ടിസ് നൽകുകയും ചെയ്തു. ഈ നടപടിയും കോടതിയിൽ ചോദ്യം ചെയയ്‌പ്പെട്ടിരിക്കുകയാണ്. ഇതിനിടെ വിസി നിയമനത്തിൽ ഗവർണർക്കുള്ള മേൽകൈ ഇല്ലാതെയാക്കാൻ സർക്കാർ നിയമം പാസാക്കി. ഈ നിയമം ഒപ്പിടാതെ ഗവർണർ പിടിച്ചുവെച്ചിരിക്കുകയുമാണ്.