തിരുവനന്തപുരം: സൈബർ ലോകത്ത് നുണ സത്യമെന്ന് വരുത്തുന്ന വിധത്തിൽ പ്രചരിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് സിപിഎം സൈബർ സഖാക്കളെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമില്ല. ഇന്നലെ മുതൽ കെ കെ രമക്കെതിരെ നടക്കുന്ന സൈബർ പ്രചരണം അത്രയ്ക്ക് ഗുരുതരമായാണ്. ഇന്നലെ നിയമസഭയിലെ സംഘർഷത്തിൽ രമയ്ക്ക് കൈക്ക് പിരക്കേറ്റിരുന്നു. ചികിത്സ തേടിയപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും പ്ലാസ്റ്റർ ഇടുകയും ചെയ്തു.

ഇതാണ് വസ്തുത എന്നറിഞ്ഞിട്ടും രമയുടെ ചിത്രങ്ങൾ എഡിറ്റു ചെയ്ത് വ്യാപക നുണപ്രചരണമാണ് നടന്നത്. ഇന്നലെ മനോരമ ചർച്ചയിൽ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും ഈ വാദം ഉയർത്തി. അതേസമയം ചർച്ചയിൽ പങ്കാളിയായ രാഹുൽ മാങ്കൂട്ടത്തിൽ ചുട്ടമറുപടിയും നൽകുകയുണ്ടായി. സർക്കാർ ആശുപത്രിയിൽ പോയി ചികിത്സ തേടി പ്ലാസ്റ്ററിട്ട കെ കെ രമയ്ക്ക് പരുക്ക് വ്യാജമാണെന്ന് സിപിഎം എംഎൽഎ തന്നെ പറയുമ്പോൾ വീണ ജോർജ്ജിന്റെ വകുപ്പ് പരാജയമാണെന്ന് അല്ലേ പറയുന്നത് എന്നാണ് രാഹുൽ ചോദിച്ചത്. ഈ ചോദ്യത്തിൽ എംഎൽഎക്ക് ഉത്തരം മുട്ടുകയും ചെയ്തു.

അതേസമയം ഇടതു നുണപ്രചരണം പൊളിച്ചു കൊണ്ട് ചിലർ സൈബറിടങ്ങിലൂടെ പോസ്റ്റുകളുമിട്ടു. കെ കെ രമ എപ്പോഴാണ് പ്ലസാറ്ററിട്ടത് എന്നത് അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് ചിലർ നുണ പൊളിച്ചത്.

പി എം ജയൻ എഴുതിയത് ചുവടേ:

കക്ഷിരാഷ്ട്രീയ പോരിൽ കളവും വ്യാജ ആരോപണവും പുതുമയല്ല. പക്ഷേ ഇത്തരം വ്യാജ പോസ്റ്റുമായി വരുന്നവർ പൊതുവെ പോരാളി ഷാജിമാരുടെ ഗണത്തിൽ പെടുന്നവരായിരിക്കും. അത്യാവശ്യം രാഷ്ട്രീയ ധാർമിക ബോധമുള്ളവർ അതിന് മുതിരാറില്ല. പക്ഷേ ഒരു പാർട്ടി കോടതി ക്വട്ടേഷൻ കൊടുത്ത് വെട്ടിക്കൊലപ്പെടുത്തിയ ടി.പി ചന്ദശേഖരന്റെ പങ്കാളിയും എസ്. എഫ് ഐ മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന കെ.കെ രമ എം.എൽ എയെ ഇന്നലെ സോഷ്യൽ മീഡിയാ ലിഞ്ചിങ്ങിന് വിധേയമാക്കുന്നതിൽ സിപിഎം എൽ.എയ്ക്ക് പുറമെ, നിലപാടുകൊണ്ടു വിയോജിക്കുമ്പോഴും ഞാൻ ബഹുമാനിച്ചിരുന്ന ചിലരും വസ്തുതാ വിരുദ്ധ ക്യാമ്പയിന് നേതൃത്വം കൊടുത്തു എന്നതാണ് എന്നെ ഞെട്ടിച്ചത്.

രമയുടെ പരിക്ക് വ്യാജമാണെന്നും ഷാഫി പറമ്പിൽ എംഎ‍ൽഎയാണ് അവർക്ക് പ്ലാസ്റ്റർ ഇട്ടുകൊടുക്കുന്നതെന്നും എഴുതി ആശുപത്രിയിലെ പുരുഷ ഹോം നഴ്‌സിനെ അപമാനിക്കുന്ന വിധം ആ ഫോട്ടോ വച്ചാണ് ഇവരൊക്കെ പോസ്റ്റിട്ടത്. അവരുടെ പോസ്റ്റിന് ലൈക്ക് അടിച്ചവരും വളരെ മോശപ്പെട്ട കമന്റ് ചാർത്തിയവരും മുകളിൽ പറഞ്ഞ ഗണത്തിൽ ലിംഗ - വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പോരടിക്കുന്നവരായിരുന്നു. പർട്ടിയുടെ Think Tank കളായിരുന്നു.

രാത്രി വൈകീട്ട് ഒന്നുകൂടി ഇത്തരം പോസ്റ്റു കളിലേക്ക് തലയിട്ടപ്പോൾ സംഗതി പൊല്ലാപ്പാവുമെന്ന് കണ്ട് ഒരു ഖേദവും പ്രകടിപ്പിക്കാതെ ചിലർ പോസ്റ്റ് പിൻവലിച്ചതായും കണ്ടു.

2023 മാർച്ച് 15 ന് തിരുവനന്തപുരത്ത് രാവിലെ 11.18 മുതൽ ഉച്ചയ്ക്ക് 1.05 വരെ നടന്നതെന്താണ്.

*ചിത്രം:1/സമയം 11:18AM* -

നിയമസഭയിലെ സംഘർഷത്തിനൊടുവിൽ പരിക്ക് പറ്റിയ എംഎ‍ൽഎമാരെ സഭയ്ക്കുള്ളിലെ ഡോക്ടർമാർ പരിശോധിക്കുന്നു.

*ചിത്രം:2/സമയം 11:31AM* -

പരിക്കുപറ്റിയതിനെതുടർന്ന് കെ.കെ.രമ എംഎ‍ൽഎയുടെ കൈക്കു നിയമസഭാ ഡോക്ടർ സ്ലിങ് ഇട്ടു മരുന്ന് വെക്കുന്നു. ഒപ്പം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നു.

*ചിത്രം:3/സമയം11:47AM* -

ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പത്രസമ്മേളനം സഭാ ഹാളിൽ നടക്കുന്നതിനാൽ അതിൽ പങ്കെടുക്കുന്നു.

*ചിത്രം:4/സമയം12:09PM*

പത്രസമ്മേളനത്തിന് ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി അവിടെ ഡോക്ടറെ കാണുന്നു.

*ചിത്രം:5/ സമയം 12:55PM*

പരിശോധനയെ തുടർന്ന് കൈക്കു പരിക്ക് സ്ഥിരീകരിച്ചതിനാൽ ഓർത്തോ ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് കൈക്കു പ്ലാസ്റ്റർ ഇടുന്നു.
പ്ലാസ്റ്റർ ഇടുന്നത് ഷാഫി പറമ്പിൽ എംഎ‍ൽഎ ആണെന്നായിരുന്നു സി.പിഎം ഭാഗത്തെ തിങ്ക് ടാങ്കുകൾ പലരും പ്രചരിപ്പിക്കുന്നത്. സത്യത്തിൽ ഇത് ജില്ലാ ആശുപത്രിയിലെ മെയിൽ നഴ്സ് ആണ്. (വെള്ളക്കുപ്പായം രാഷ്ട്രീയ നേതാക്കളും ടി.പി കേസിലെ പ്രതികളും മാത്രമല്ല ഉപയോഗിക്കുന്നത്. ആശുപത്രി നഴ്‌സുമാരുടെ യൂണിഫോമും വെളുപ്പാണ്.
മാത്രമല്ല ഷാഫി പറമ്പിൽ എംഎ‍ൽഎ ഇന്നലെ സഭയിൽ ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത)

*ചിത്രം:6/സമയം 1:05PM*

പ്ലാസ്റ്റർ ഇട്ടതിനു ശേഷം ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്നു

ഇതാണ് ഇന്നലെ കെ.കെ.രമ എംഎ‍ൽഎയ്ക്ക് പറ്റിയ പരിക്കിന് ശേഷം ഉണ്ടായ സംഭവങ്ങളുടെ യാഥാർഥ്യം. ഇതിൽ ഓരോ ചിത്രങ്ങളുടെയും ഓർഡർ മാറ്റി കെ.കെ.രമ നാടകം കളിക്കുകയാണെന്ന നുണ പ്രചാരണമാണ് സിപിഎം സൈബർ സംഘവും സച്ചിൻ ദേവ് എംഎ‍ൽഎയും ദേശാഭിമാനിയുമൊക്കെ പ്രചരിപ്പിക്കുന്നത്. ഈ സംഭവങ്ങളൊന്നും എവിടെയും രഹസ്യമായി നടന്ന കാര്യങ്ങളല്ല, സദാസമയം മാധ്യമങ്ങളുടെയും പൊലീസുകാരുടെയും ഇതര സർക്കാർ ജീവനക്കാരുടേയുമെല്ലാം സാന്നിധ്യത്തിൽ നടന്നതാണ്. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലല്ല എംഎ‍ൽഎ ചികിത്സ തേടിയത്. ഭരണകൂട നിയന്ത്രണത്തിലുള്ള സർക്കാർ ആശുപത്രിയിലാണ്. രമയ്ക്ക് രാഷ്ട്രീയനാടകം കളിക്കാൻ സർക്കാർ ജീവനക്കാരായ ഡോക്ടർമാർ കൂട്ട് നിന്നു എന്നാണോ ഇവർ കരുതുന്നത്. അങ്ങനെയെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാർക്കെതിരെയല്ലേ

( മറ്റു പലർക്കും ഇത്തരം അവസ്ഥയുണ്ടായപ്പോൾ എവിടെയായിരുന്നു എന്ന സമീകരണ ചോദ്യം ഇവിടെ വേണ്ട. കാരണം ഒരു പാർട്ടിയുടെ ജനറൽ സെക്രട്ടറിയെ വെട്ടിനുറുക്കിയിട്ടും പ്രിയതമന്റെ തീവ്രവിയോഗത്തിൽ നീറി നീറി 'വിധവാ പട്ട'വുമണിഞ്ഞ് മൂലയ്ക്കിരിക്കാതെ ജനാധി പത്യമാർഗത്തിൽ പോരിനിറങ്ങിയ രാഷ്ട്രീയ പ്രവർത്തക കേരളത്തിൽ KK രമ മാത്രമേയുള്ളൂ. )

ഡോ. ആസാദിന്റെ കുറിപ്പ്:

കെ കെ രമയ്‌ക്കെതിരെ എന്തും പറയാം എന്ന് ആരൊക്കെയോ കരുതുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പ് തികച്ചും വ്യക്തിപരമായ അവഹേളനവും അതിക്രമവുമാവുന്നത് ശരിയല്ല. അൽപ്പം ആദരവോടെ ഞാൻ കണ്ടുപോന്ന ചില വ്യക്തികളും ഈ അധിക്ഷേപത്തിൽ പങ്കുചേരുന്നത് കണ്ടു. ഏത് ധാർമ്മികതയാണ്, ഏത് രാഷ്ട്രീയമാണ് അവരെ നയിക്കുന്നത്?

നിയമസഭയിലും പുറത്തും സമരങ്ങൾ ധാരാളം നാം കണ്ടിട്ടുണ്ട്. സമരങ്ങൾ അതീവ ശാന്തമായോ സമാധാനപരമായോ മാത്രമല്ല നടന്നിട്ടുള്ളത്. പക്ഷേ, അതിന്റെ പേരിൽ നുണകൾ പ്രചരിപ്പിച്ചു വ്യക്തിഹത്യ നടത്തുക പതിവില്ല. പ്രത്യേകിച്ചും പൊതുരംഗത്തിറങ്ങുന്ന സ്ത്രീകളെ അങ്ങനെ ഒറ്റപ്പെടുത്തി നേരിടുന്നത് കണ്ടിട്ടില്ല. സമീപകാലത്ത് പക്ഷേ, അത് വർദ്ധിച്ചിട്ടുണ്ട്. നുണകളുടെ ഊന്നുകാലിൽ മാത്രം നിവർന്നു നിൽക്കാൻ കഴിയുന്ന ചില അവശ ജന്മങ്ങളുടെ അതിജീവന ഉത്സാഹമാണത്. പരാജിത രാഷ്ട്രീയത്തിന്റെ അവസാന അഭയമാണ് നുണനിർമ്മാണം.

കെ കെ രമയുടെ കൈയ്ക്ക് ക്ഷതമുണ്ടായത് സമരരംഗത്തു വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എം എൽ എമാരും നടത്തിയ ബലപ്രയോഗം കാരണമാണ്. അങ്ങനെയുണ്ടായില്ലെന്ന് സ്ഥാപിക്കാനും രമയെ ആക്ഷേപിക്കാനും നുണകൾകൊണ്ടു സാദ്ധ്യമാവും എന്നു സൈബർ സേന കരുതുന്നു. കൈകൾക്കു പ്ലാസ്റ്ററിടും മുമ്പുള്ള ഫോട്ടോ പ്ലാസ്റ്ററിട്ട ശേഷമുള്ള ഫോട്ടോയോടൊപ്പം പ്രദർശിപ്പിച്ചു പൂർവ്വാപരക്രമം മാറ്റി സത്യത്തെ അസത്യമാക്കാനാണ് സൈബർഗീബൽസുമാർ ശ്രമിച്ചത്. അതു ചില മാന്യസുഹൃത്തുക്കളും പങ്കുവെച്ചതു കണ്ടു. 'ഞങ്ങൾ പറയുന്നതേ സത്യമാകൂ' എന്ന സൈബർഗീബൽസ് തത്വത്തെ ഉറപ്പിച്ചെടുക്കാൻ ആരൊക്കെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്! കഷ്ടം!

കെ കെ രമ നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടാവും. വഴിമാറിയ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന പെൺശബ്ദമാണത്. നിങ്ങൾ കഴുത്തറുത്തിട്ടും ജീവൻ വെടിയാതെ പൊരുതി നിൽക്കുന്ന സമരവീറിന്റെ ജീവിതമാണത്. തീർച്ചയായും നിങ്ങളറിയാതെ വരില്ല, ആർത്തി തീരാത്ത ആണധികാര ഏമ്പക്കങ്ങളിൽ അടിപതറി വീഴുന്ന പെണ്ണുടലല്ല അവരെന്ന്. അതുകൊണ്ട് ആ നുണക്കളിയും കൂവിയാർക്കലും നിർത്തിയേക്കണം. പുറത്തിറങ്ങി സംസാരിക്കുന്ന പെൺപോരാളികളോടു ഭീരുക്കൾക്കുള്ള പൊട്ടിയൊലിക്കുന്ന അസഹിഷ്ണുതയ്ക്ക് മരുന്നു കാണില്ല. പക്ഷേ, ജനങ്ങൾക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് അതു മാറ്റാൻ കഴിയും.
ആസാദ്
16 മാർച്ച് 2023