തിരുവനന്തപുരം: മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ നിഖില അവതരിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക നിലപാടുകൾ അടക്കം തുറന്നു പറഞ്ഞിട്ടുമുണ്ട് നിഖില. കണ്ണൂരുകാരായിയ നിഖില തന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുവരികയും ചെയ്യാറുണ്ട്. ഇക്കുറി തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും അവിടെ തുടരുന്നുണ്ടെന്നാണ് നിഖില പറയുന്നത്. 'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു. അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം.

അേേതസമയം നിഖിലയുടെ അഭിപ്രായം സൈബറിടത്തിൽ ചിലർക്ക് പിടിച്ചിട്ടില്ല. നിഖില പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള വ്യാഖ്രതയിലാണ് ഇക്കൂട്ടർ. ചിലർ പഴയതു പോലെയല്ല, ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ടെന്നും വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നു. ഇതിനിടെ ചിലർ നിഖിലയുടെ അഭിപ്രായത്തിന്റെ പേരിൽ കടുത്ത വിമർശനവും ഉന്നയിച്ചു കൊണ്ടുംരംഗത്തുണ്ട്.

നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയൽവാശി. നേരത്തെ 'ജോ ആൻഡ് ജോ' എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി സംസാരിക്കവേ നിഖില പറഞ്ഞ മറ്റൊരു വാചകവും ശ്രദ്ധ നേടിയിരുന്നു. മൃഗങ്ങളെ ഭക്ഷണത്തിനായി കശാപ്പു ചെയ്യുന്നതിനെക്കുറിച്ചായിരുന്നു നിഖിലയുടെ നിരീക്ഷണം.

'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്,' നിഖില പറഞ്ഞു.