തിരുവനന്തപുരം: കേരളത്തിൽ പൊലീസ് പട്രോളിങ് പതിവുള്ള കാര്യമാണ്. ഇനി സമാന മാർഗ്ഗത്തിൽ സൈബർ പട്രോളിങിന്റെയും കാലമാണ ്ഇനി വരുന്നത്. ഈ മാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് ആദ്യമായി സൈബർ ഓപ്പറേഷൻസിന് മാത്രമായി പൊലീസ് തലപ്പത്ത് എഡിജിപിയെ നിയമിച്ചത്. ഇപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ വരുന്ന 80 % പരാതികളും ഇമെയിൽ വഴിയാണ്. വാട്‌സാപ്പിൽ പരാതി കിട്ടിയാലും അന്വേഷിക്കണമെന്നാണ് പൊലീസിന് നൽകിയിട്ടുള്ള പുതിയ നിർദ്ദേശം.

സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും നേരിട്ട് ഇമെയിലിൽ പരാതി ലഭിക്കുന്നു. ഏതു കുറ്റകൃത്യത്തിലും സൈബർ വിഭാഗത്തിന്റെ സഹായമില്ലെങ്കിൽ പ്രതിയെ കിട്ടില്ലെന്നതാണ് സ്ഥിതി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും പൊലീസിൽ സൈബർ വിഭാഗം ശക്തമല്ലെന്ന ആക്ഷേപം പരിഹരിക്കുന്നതിനാണ് സർക്കാരിന്റെ നീക്കം.

സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് ഒരു ഐജിയും ഉടൻ നിയമിതനായേക്കും. നോർത്ത്, സൗത്ത് സോണുകളുടെ ചുമതലക്കാരായി 2 എസ്‌പിമാർ വരും. ജില്ലകൾ തിരിച്ച് 4 റേഞ്ചുകൾ രൂപീകരിക്കും. ചുമതല 4 ഡിവൈഎസ്‌പിമാർക്ക്. കൂടാതെ പൊലീസ് ആസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്, ക്രൈം എൻക്വയറി എന്നീ വിഭാഗങ്ങൾ കൂടി വരും. 19 പൊലീസ് ജില്ലകളിലെ സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവികളുടെ നിയന്ത്രണത്തിലാണ്. ഈ സ്റ്റേഷനുകളെ ഇനി പുതിയ എഡിജിപി ഏകോപിപ്പിക്കും. സമൂഹമാധ്യമ നിരീക്ഷണവും ശക്തമാക്കും.

സൈബർ ഫൊറൻസിക് വിഭാഗവും സൈബർ ഓപ്പറേഷൻസിന്റെ കീഴിലാകും. കേരളം പിന്നിൽ നിൽക്കുന്ന മേഖലയാണ് സൈബർ ഫൊറൻസിക് . കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന മൊബൈലുകൾ പരിശോധിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ 6000 മൊബൈൽ ഫോണുകളാണ് നിലവിലുള്ളത്. പൊലീസിന് തുണയായി നിൽക്കുന്നത് സ്വകാര്യ പങ്കാളിത്തതോടെയുള്ള സൈബർ ഡോം ആണ്. സൈബർ രംഗത്തെ ഗവേഷണമാണ് സൈബർ ഡോം ചെയ്യുന്നത്. ഇതിനെ ൈസബർ ഓപ്പറേഷൻസിന്റെ ഭാഗമാക്കാൻ കഴിയുമോയെന്നു പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

11 വിഭാഗങ്ങൾ സൈബർ ഓപ്പറേഷൻസിന് കീഴിൽ

അതേസമയം സംസ്ഥാന പൊലീസിൽ ആദ്യമായി സൈബർ ഓപ്പറേഷൻസിന്റെ ചുമതലയിലേക്കു വന്ന എഡിജിപി ടി.വിക്രമിന്റെ കീഴിൽ സൈബർ ഡോം ഉൾപ്പെടെ 11 വിഭാഗങ്ങളെ ഉൾപ്പെടുത്തി ഡിജിപിയുടെ ഉത്തരവിറങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ, ഫിംഗർ പ്രിന്റ് ബ്യൂറോ, ടെലികമ്യൂണിക്കേഷൻ വിഭാഗം, ഐസിടി വിഭാഗം, നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ, സൈബർ സ്‌പേസ് കോഓർഡിനേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപനമാണ് പുതിയ എഡിജിപിയുടെ കീഴിൽ വരിക.

സൈബർ ഡോമിന്റെയും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിന്റെയും നോഡൽ ഓഫിസറാകും സൈബർ ഓപ്പറേഷൻസ് എഡിജിപി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സിറ്റി കമ്മിഷണർമാർ ഉൾപ്പെടെ പുതിയ തസ്തികകളിൽ നിയമിക്കപ്പെട്ടവരെല്ലാം ഇന്നലെ ചുമതലയേറ്റു. എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരും ചുമതലയേറ്റു.