- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; 'വ്യാജ അതിജീവിത' പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്‍കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതി
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിന് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് അയച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ പൊലീസ് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഈ മാസം 19-ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ ഈശ്വര്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നേടിയത്. എന്നാല്‍, അതിജീവിതയെ 'വ്യാജ അതിജീവിത' എന്ന് സമൂഹമാധ്യമങ്ങളിലൂടെ വിളിച്ചത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് സൈബര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
വ്യാജ അതിജീവിതയെന്ന് വിളിച്ചത് യുവതിയില്‍ ഭയവും മാനസിക സമ്മര്‍ദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബര്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങള്‍ നടത്തിയെന്ന് അതിജീവിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ജാമ്യവ്യവസ്ഥ ലംഘിക്കും വിധം അതിജീവിതയെ അപമാനിച്ചു. ഇത് പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അവഹേളനത്തിനും അപമാനത്തിനും ഇടയാക്കി. പരാതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍നിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാഹുല്‍ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയില്‍ സിറ്റി സൈബര്‍ പൊലീസ് പറയുന്നുണ്ട്.
അതേസമയം തനിക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്കെതിരെ താനും പരാതി നല്‍കിയെന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. തനിക്കെതിരെ നിരന്തരം പരാതി നല്‍കി സൈ്വര്യ ജീവിതം നശിപ്പിക്കുകയാണ് അതിജീവിത. അതിജീവിത ഗൂഢാലോചന നടത്തിയെങ്കില്‍ അന്വേഷിക്കണം. പത്താം തീയതി ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോള്‍ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.




