- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിൻജാൽ' ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ കനക്കും; അതിർത്തി പ്രദേശങ്ങളിൽ മുന്നറിയിപ്പ്; തമിഴ്‌നാട്ടിൽ മഴ തുടരുന്നു; പുതുച്ചേരിയിൽ വെള്ളപൊക്കം; ഗ്രാഫിക്സ് വിവരങ്ങൾ പുറത്ത്; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്;അതീവ ജാഗ്രത!
തിരുവനന്തപുരം/ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഫിൻജാൽ' ചുഴലിക്കാറ്റ് ആശങ്ക മാറുന്നില്ല. ഡെക്കാൻ പെനിൻസുലയിലൂടെ കടന്നുപോയി അറബിക്കടലിൽ അവസാനിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഡെക്കാൻ പെനിൻസുലയിലൂടെ കടന്നുപോകുകയും ഡിസംബർ 5,6 തീയതികളിൽ അറബിക്കടലിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ കേരളം, കർണാടക, ഗോവ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗ്രാഫിക്സ് റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാട്ടിൽ ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് പുതുച്ചേരിയിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. മിക്ക പ്രദേശങ്ങളിലും ഇപ്പോൾ വെള്ളപ്പൊക്ക ഭിഷണിയിലാണ്. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്.
പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ ശക്തമായതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്.
ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ നൂറ് പേരെ പുറത്തെത്തിച്ചു.
എല്ലാ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിൽ രാവിലെ മഴ മാറി നിന്നത് ആശ്വാസമായി. നിലവിൽ ചെന്നൈയിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് ചെന്നൈയിലുള്ളത്. ചെന്നൈ വിമാനത്താവളം പുലർച്ചെ ഒരു മണിക്ക് തുറന്നെങ്കിലും ചില വിമാനങ്ങൾ വൈകി. ചെന്നൈയിൽ നാല് പേരാണ് മഴക്കെടുതിയിൽ മരിച്ചത്.