തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മോക്ക' അതി തീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടതോടെ കൂടുതൽ നാശനഷ്ടം. നിരവധി വീടുകൾ തകർത്തു കൊണ്ടാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മോക്കയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ലക്ഷദീപ് കടൽ എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. അതേസമയം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ചില ജില്ലകളിൽ പതിവിലും താപനില ഉയർന്നുനിൽക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.

മോക്ക ഇന്നലെ ഉച്ച കഴിഞ്ഞ് ബംഗ്ലാദേശ്, മ്യാന്മർ തീരത്ത് കര തൊട്ടു. മരങ്ങൾ വീഴ്‌ത്തിയും വീടുകൾ തകർത്തും പേമാരിക്കൊപ്പം ചുഴലിക്കാറ്റു നാശമുണ്ടാക്കി. മ്യാന്മറിലെ സിത്വെ നഗരത്തിൽ വെള്ളപ്പൊക്കം മൂലം 5 ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ അനുഭവപ്പെട്ട് തുടങ്ങി. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റ് വീശിയതോടെ മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.

വടക്കൻ മ്യാന്മാർ തീരവും കൊടുങ്കാറ്റിന്റെ പരിധിയിൽ ഉൾപ്പെടും. അഞ്ച് ലക്ഷം പേരെ ബംഗ്ലാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാന്മർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു. ഇന്ത്യയിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദ്ദേശം. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുകയാണ്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ആൻഡമാൻ ദ്വീപുകളെ തൊടാതെ മോക്ക വഴിമാറി. തമിഴ്‌നാട്ടിൽ അടുത്ത ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം. താപനില 23 ഡിഗ്രി സെൽഷ്യസ് ഉയരും. ചെന്നൈയിൽ താപനില 3940 ഡിഗ്രി സെൽഷ്യസ് എത്തിയേക്കാം. 40 ഡിഗ്രി അനുഭവപ്പെടുന്ന മറ്റിടങ്ങളിൽ 43 വരെ ഉയരാനും സാധ്യതയുണ്ട്.