- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡി കെ ശിവകുമാറിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകും; രാജരാജേശ്വര ക്ഷേത്ര ദേവസ്വം ഭാരവാഹികൾ
കണ്ണൂർ: കർണാടക സർക്കാരിനെ താഴെ ഇറക്കാൻ വേണ്ടി കേരളത്തിൽ മൃഗബലി നടന്നതായ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ ആരോപണം കേരള രാഷ്ട്രീയത്തിൽ വിവാദമാകുന്നു. ഡി.കെ യുടെ വെളിപ്പെടുത്തൽഅപലപനീയമാണന്നെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ അതു നടക്കുമെന്ന് കരുതുന്നില്ല. പ്രബുദ്ധകേരളം അത്തരം കാര്യങ്ങളെ ചെറുക്കും. കേരളം അത്തരം വൃത്തികേടുകളിലേക്ക് പോകുന്ന സംസ്ഥാനമല്ലെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ കർണാടക സർക്കാരിനെതിരെ കേരളത്തിൽ യാഗം നടന്നുവെന്ന ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും നശിപ്പിക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടന്നെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം ഭാരവാഹികളാണ് രംഗത്തു വന്നത് വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തിൽ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവൻ മെമ്പർ പറഞ്ഞു.
അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കർണാടക മുന്മുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവൻ പറഞ്ഞു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയിൽ കർണാടക സർക്കാരിനെ മറിച്ചിടാൻ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകൾ, പോത്തുകൾ പന്നികൾ എന്നിവയെയൊക്കെ ബലി നൽകിയെന്നും ഡി.കെ ശിവകുമാർ ആരോപിച്ചു.
ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് അറിയാമെന്നും, എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപമാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉൾപ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നൽകിയത്. പൂജകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു.
പൂജകളിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിൽ നിന്നുള്ള ആളുകളാണ് പൂജകൾ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവർക്ക് വിട്ടുനൽകുന്നു. അവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ പൂജകൾ നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറല്ലെന്നും ശിവകുമാർ പറഞ്ഞു.
തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം(അഗ്‌നിബലി), പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്. ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികൾ പ്രതികരണവുമായി രംഗത്തുവന്നത്.