- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആസ്തി 1,413 കോടി; രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്; ദീർഘനാളത്തെ എന്റെ സമ്പാദ്യമാണ്; അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ആഗ്രഹമെന്ന് ഡികെ; അതിസമ്പന്ന എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവർ
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്. ഡി കെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷണൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നീ സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡികെ അതിസമ്പന്ന എംഎൽഎയായി അറിയപ്പെടുന്നത്.
റിപ്പോർട്ടിൽ 1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളിൽ നിന്നുള്ള ബിജെപി. എംഎൽഎയാണ് ഏറ്റവും ദരിദ്രനായ എംഎൽഎയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷണൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നീ സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കർണാടകയിലെ സ്വതന്ത്ര എംഎൽഎയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് ഗൗഡയുടെ ആസ്തി. 1156 കോടി ആസ്തിയുള്ള കോൺഗ്രസ് എംഎൽഎ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും സമ്പന്നരായ 20 എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. കർണാടക എംഎൽഎമാരിൽ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. എംഎൽഎമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോർട്ടിലുണ്ട്. താൻ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോർട്ടിനോട് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. ദീർഘനാളത്തെ എന്റെ സമ്പാദ്യമാണത്. അത് എന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതും. ഞാൻ അതിസമ്പന്നനല്ല എന്നാൽ ദരിദ്രനുമല്ല, ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
ഡി.കെ.ശിവകുമാർ ഒരു വ്യവസായിയാണെന്നും അതിലെന്താണ് തെറ്റെന്നും ഖനന കോഴ കേസിൽ ആരോപിതരായ ബിജെപി. എംഎൽഎമാരുടെ ആസ്തി നോക്കൂ എന്നും കോൺഗ്രസ് എംഎൽഎ. റിസ്വാൻ അർഷാദ് പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരെ കടന്നാക്രമിച്ച ബിജെപി, കോൺഗ്രസ് ധനികരെയാണ് സ്നേഹിക്കുന്നതെന്നും ഖനന കോഴ കേസിൽ ആരോപണം നേരിട്ട ബിജെപി. എംഎൽഎമാർക്ക് നീതി ലഭിച്ചു എന്നും അഭിപ്രായപ്പെട്ടു.
അതേസമയം ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും അതിസമ്പന്നന്മാരുടെ പട്ടികയിലാണ്. 668 കോടിയാണ് നായിഡുവുന്റെ ആസ്തി. ഗുജറാത്തിലെ മാൻസ ബിജെപി എംഎൽഎ ജയന്തിഭായ് സോമഭായ് പട്ടേൽ: 661 കോടി. കർണാടക ഹെബ്ബാൾ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ ബൈരതി സുരേഷ്: 648 കോടി, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹൻ റെഡ്ഡി: 510 കോടി എന്നിങ്ങനെ നീളുന്നു പട്ടികയിലെ അതിസമ്പന്നർ.
28 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എംഎൽഎമാർ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.




