തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് ശുപാർശ ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് തയ്യാറാക്കിയത് താൻ തന്നെന്ന് സമ്മതിച്ച് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷനും, പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി.ആർ. അനിൽ. എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്നില്ലെന്ന് നിരന്തരം പത്രവാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് അവിടത്തെ നിയമനത്തിനായി ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിക്കാമെന്ന് തീരുമാനിച്ചതെന്ന് അനിൽ പ്രതികരിച്ചു.

കുടുംബശ്രീ വഴി നിയമനം നടത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ ആനാവൂർ നാഗപ്പന് കത്തുകൊടുക്കാമെന്ന് കരുതിയത്. എന്നാൽ അത് തന്റെ ധാരണപ്പിശകായിരുന്നുവെന്ന് ഡി.ആർ അനിൽ പറഞ്ഞു. പാർട്ടി സെക്രട്ടറിയോട് നിയമനം നടത്താനല്ല ആവശ്യപ്പെട്ടത്. കത്ത് ഞാൻ തന്നെയാണ് തയ്യാറാക്കിയത്. എന്നാൽ അതുകൊടുത്തിട്ടില്ല. യോഗ്യരായ ആളുകളെ പാർട്ടി സെക്രട്ടറി ചൂണ്ടിക്കാണിക്കട്ടെ എന്ന് വിചാരിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും ഡി.ആർ അനിൽ പറഞ്ഞു.

നഗരസഭയിലെ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ചതായി പ്രചരിക്കുന്ന വിവാദ കത്തിനെ സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല കത്ത് തന്റേതല്ലെന്നും ഉറവിടമന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും, കത്ത് വ്യാജമാണോയെന്ന് തെളിച്ച് പറയാതെ ഉരുളുകയാണ് മേയറും പാർട്ടിയും. ഇത് കത്തെഴുതിയ ആളെ കുറിച്ച് കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണെന്നാണ് ഉയരുന്ന ആരോപണം.

കത്ത് വ്യാജമാണോയെന്നതടക്കം അന്വേഷിക്കട്ടെയെന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം വാർത്താസമ്മേളനത്തിൽ മേയർ പറഞ്ഞത്. പിൻവാതിൽ നിയമനം പാർട്ടി രീതിയല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, കത്തെങ്ങനെ രൂപപ്പെട്ടെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നാണ് പറഞ്ഞത്. താൽക്കാലിക നിയമനത്തിന് ആളുകളെ നിശ്ചയിച്ച് നൽകുന്നത് പാർട്ടി ജില്ലാ സെക്രട്ടറിയാണെന്ന പ്രതിപക്ഷ ആക്ഷേപമുണ്ടാക്കുന്ന ക്ഷീണം മറികടക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിപിഎം. ഇതിന്റെ ഭാഗമായാണ്, അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. എന്നാൽ, നഗരസഭാ പാർലമെന്ററി പാർട്ടിയറിയാതെ ഇങ്ങനെയൊരു കത്തെങ്ങനെ പോയെന്ന ചോദ്യവും ദുരൂഹമാണ്.

വിവാദത്തിൽ മേയറെ സംരക്ഷിക്കാനാണ് സിപിഎം നീക്കം. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാരോപിച്ച് മേയറുടെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണെങ്കിലും മേയറെ തള്ളിപ്പറയുന്നത് കൂടുതൽ ക്ഷീണമാകുമെന്ന് പാർട്ടി വിലയിരുത്തുന്നു.വഷളാക്കിയത് ചേരിപ്പോര്ജില്ലാ നേതൃത്വത്തിൽ പല തട്ടിലായുള്ള ചേരിപ്പോരാണ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇങ്ങനെയൊരു കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുന്നു. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും.

അതേസമയം എസ്.എ.ടി. ആശുപത്രിക്ക് സമീപത്തെ വിശ്രമകേന്ദ്രം കോർപ്പറേഷൻ ഒന്നര വർഷം മുമ്പ് ബലമായി പിടിച്ചെടുത്തതും കരാർ നിയമനങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന. ഇപ്പോൾ പുറത്തു വന്ന കത്തുകൾ സൂചിപ്പിക്കുന്നതും ഇതുതന്നെ. ഇതിനിടെ അച്ചടക്കം ലംഘിച്ചവർക്കെതിരെ കർശന നടപടി എടുത്തേക്കും. ഡി ആർ അനിലിനും അംശു വാമദേവനും എതിരെ നടപടി വന്നേക്കും. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് വമ്പൻ സംഘം പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് അവരാണ്. അഴിമതിയും കെടുകാര്യസ്ഥയും ആശുപത്രി വികസന സമിതിയുടെ പേരിൽ നടക്കുകയാണ്. കോവിഡ് സമയത്ത് പ്രത്യേക കിടക്കകൾ തയ്യാറാക്കാൻ എസ്.എ.ടി. വളപ്പിലെ ഈ ഡോർമെറ്ററി കെട്ടിടം ഉപയോഗപ്പെടുത്താൻ ആശുപത്രി അധികൃതർ തീരുമാനിച്ചതിന് പിന്നാലെയാണ് കോർപ്പറേഷൻ പിടിച്ചെടുത്തത്. ഔഷധ സൂക്ഷിപ്പുകേന്ദ്രത്തിന്റെ (ഇൻഹൗസ് ഡ്രഗ്ബാങ്ക്) സാധനങ്ങൾ ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇവ മാറ്റാൻ പോലും സമയം നൽകാതെയാണ് കെട്ടിടം കോർപ്പറേഷൻ പൂട്ടിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മറ്റ് രോഗികളെ ഈ ഡോർമെറ്ററിയിലേക്ക് മാറ്റാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്. കോർപ്പറേഷൻ കെട്ടിടം ഏറ്റെടുത്തതോടെ അതും നടന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം.

മേയർ ആര്യാ രാേജന്ദ്രനും സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിലും ചേർന്നാണ് കെട്ടിടം പൂട്ടിയത്. ഇവിടത്തെ നിയമനങ്ങളും, കേന്ദ്രഫണ്ടും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ആരോപണമുയർന്നിരുന്നു. ഈ വിശ്രമകേന്ദ്രത്തിലേക്ക് നിയമിക്കാൻ ഒമ്പതു പേരുടെ പട്ടിക ആവശ്യപ്പെട്ട് ഡി.ആർ.അനിൽ നൽകിയ കത്താണ് ഇപ്പോൾ പുറത്ത് വന്നത്. മെഡിക്കൽ കോളേജ് വാർഡിലെ കൗൺസിലറായ ഡി.ആർ.അനിൽ, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് കത്ത് നൽകിയത്. ഇവിടത്തെ നിയമനങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ പട്ടിക നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കുടുംബ ശ്രീ അംഗങ്ങളുടെ പട്ടിക എങ്ങനെ ജില്ലാ സെക്രട്ടറി നൽകുമെന്നതാണ് ഉയരുന്ന ചോദ്യം.

തങ്ങൾ നിർമ്മിച്ചു നൽകിയ കെട്ടിടത്തിന്റെ നടത്തിപ്പ് കോർപ്പറേഷനാണെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ വിശദീകരണം. ഏറ്റെടുത്തതിന് ശേഷം ഒന്നര വർഷത്തോളമായി ഈ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. എന്നാൽ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന കെട്ടിടങ്ങളുടെ നടത്തിപ്പ് ചുമതല അതത് സ്ഥാപനങ്ങൾക്ക് തന്നെയാണ് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത്. തിടുക്കപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത് സ്വന്തം ആൾക്കാരെ നിയമിക്കുന്നതിനാണെന്ന ആരോപണമാണ് ഇപ്പോൾ സജീവമാകുന്നത്. ഇതിനിടെയാണ് പട്ടം വാർഡ് കൗൺസിലർ കൂടിയായ അംശു വാമദേവന്റെ വെളിപ്പെടുത്തൽ വരുന്നത്. പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിലാണ് കത്ത് തയ്യാറാക്കിയത്. അതിൽ മുൻഗണ നൽകണമെന്നല്ല, കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിച്ചാണെന്ന് ചാനൽ ചർച്ചയ്ക്കിടെ അംശു വാമദേവൻ പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞ ഡി.ആർ അനിൽ ഈ പ്രസ്താവനയോടെ വീണ്ടും പ്രതിരോധത്തിലായി.

എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാർക്കായി നിർമ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ വൻ അലംഭാവം കാണിക്കുന്നുവെന്നും എന്ന തരത്തിൽ പത്ര വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് കാട്ടി പാർലമെന്ററി സെക്രട്ടറി എന്ന നിലയിൽ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടാൻ കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ചെയ്തതിനാൽ ആ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നുമാണ് ഡി ആർ അനിൽ പറഞ്ഞതെന്ന് അംശു വാമദേവൻ കൂട്ടിച്ചേർത്തു.