- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എല്ലാ നിയമനങ്ങളും നടത്തുന്നത് ആനാവൂർ നാഗപ്പൻ! തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നിയമനങ്ങൾക്ക് 'കുടുംബ ശ്രീ' അംഗങ്ങളെ നൽകേണ്ടതും സിപിഎം ജില്ലാ സെക്രട്ടറി; മെഡിക്കൽ കോളേജിലെ 'ഡി ആർ ഫാൻസ്' നിയമനങ്ങൾക്ക് തെളിവായി നഗരസഭയിലെ പ്രധാനിയുടെ കത്തും; മേയറുടെ ആ കത്തിന് പിന്നാലെ മറ്റൊരു ലെറ്ററും; ആരോഗ്യ വകുപ്പ് നിയമനങ്ങൾക്കും പാർട്ടിയിൽ ഏകജാലക സംവിധാനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ സർക്കാർ സംവിധാനത്തിൽ എല്ലാം നിയമനം നടക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്നെ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിയമന മാഫിയയ്ക്ക് പിന്നിൽ ഡിആർ ഫാൻസ് എന്ന് തെളിവ് സഹിതം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്ു. അത് തെളിയിക്കുന്ന മറ്റൊരു കത്തും പുറത്തു വിരകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിയമനങ്ങൾ നടത്തുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ പാർലമെന്ററീ പാർട്ടി സെക്രട്ടറിയായ ഡി ആർ അനിലാണ്. നിയമനങ്ങൾക്ക് വേണ്ടി കുടുംബ ശ്രീ അംഗങ്ങളുടെ ലിസ്റ്റ് അനിൽ ആവശ്യപ്പെടുന്നതും ജില്ലാ സെക്രട്ടറിയോടാണ്.
തിരുവനന്തപുരത്ത് എല്ലാ സർക്കാർ താൽകാലിക നിയമനങ്ങളും നടത്തുന്നത് ആനാവൂർ നാഗപ്പൻ എന്ന വിവാദമാണ് ഉയരുന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നിയമനങ്ങൾക്ക് 'കുടുംബ ശ്രീ' അംഗങ്ങളെ നൽകേണ്ടതും സിപിഎം ജില്ലാ സെക്രട്ടറിയെന്ന വസ്തുതയാണ് അനിലിന്റെ കത്ത് ചർച്ചയാക്കുന്നത്. മെഡിക്കൽ കോളേജിലെ 'ഡി ആർ ഫാൻസ്' നിയമനങ്ങൾക്ക് തെളിവാണ് നഗരസഭയിലെ പ്രധാനിയുടെ കത്ത്. ആരോഗ്യ വകുപ്പ് നിയമനങ്ങൾക്കും പാർട്ടിയിൽ ഏകജാലക സംവിധാനം ഉണ്ടെന്നതാണ് വസ്തുത. തൊഴിലില്ലായ്മാ കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് പുറത്തു വന്ന കത്തുകൾ.
ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ മാനേജർ, കെയർ ടേക്കർ അടക്കം ഒൻപത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഒക്ടോബർ 24-ാം തീയതി ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. കത്തിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. നഗരസഭയിലെ സിപിഎം. പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ഡി.ആർ. അനിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്. ഇതു ശരിവയ്ക്കുന്നതാണ് ഡി ആർ അനിലിന്റെ പുതിയ കത്ത്.
കൂട്ടിരിപ്പുകാർക്കായി നിർമ്മിച്ച വിശ്രമ കേന്ദ്രത്തിലേക്ക് മാനേജർ, കെയർ ടേക്കർ, ക്ലീനർ തസ്തികയാണുള്ളത്. എല്ലാം കൂടി ഒൻപത് വേക്കൻസികൾ. ഇതിലേക്കാണ് ആളെ നിശ്ചയിച്ചു നൽകാൻ കോർപ്പറേഷനിലെ പാർട്ടി പാർലമെന്ററി സെക്രട്ടറിയായ ഡി ആർ അനിൽ കത്തിലൂടെ പാർട്ടി ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം 24നാണ് സ്വന്തം ലറ്റർ പാഡിൽ അനിൽ കത്തെഴുതിയത്. സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. നേരത്തെ നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരം മേയർ പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത് വന്നിരുന്നു. ഇത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമേ അറിയുകയുള്ളുവെന്നും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കത്ത് വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. വാർത്തയിൽ പറയുന്ന മേയറുടെ ലെറ്റർ പാഡ് ഒറിജിനലാണോയെന്ന് അറിയില്ല. മേയർ സ്ഥലത്തില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും മേയറോട് സംസാരിച്ച് വസ്തുത പരിശോധിച്ചശേഷം വിഷയത്തിൽ മറുപടി പറയാമെന്നും ആനാവൂർ തിരുവനന്തപുരത്ത് പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെടാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കത്ത് വ്യാജമാണെങ്കിൽ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നൽകുന്ന കാര്യം ഉൾപ്പെടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബർ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലായിരുന്നു കത്ത്. ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്മാർ അതാത് വാർഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മേയർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ ഗതിയിൽ സർക്കാർ ആശുപത്രികളിലെ വികസന സമിതികളുടെ രൂപീകരണ ലക്ഷ്യം തന്നെ ആസുപത്രി വികസനവും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കലുമാണ്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉദ്ദേശം നേരെ തിരിച്ചാണ്. പരമാവധി നിയമനങ്ങൾ നടത്തുക പാർട്ടിക്കാരെ ആശുപതതിയിൽ കുത്തി നിറക്കുക, അടിസ്ഥാന സൗകര്യം എങ്ങനെയിരുന്നാലും പ്രശ്നമില്ല പത്ത് നിയമനം നടക്കുമോ എന്നാണ് ഡി ആർ ഫാൻസ് തലവൻ നോക്കുന്നത്. ആശുപത്രി വരാന്തയിൽ പോലും രോഗികൾക്ക് ചികിത്സയ്ക്ക് കിടക്കേണ്ടി വരുന്ന ദുരിത കാഴ്ചകൾ നിറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കുമ്പിടി കളി രോഗികൾക്ക് കാണേണ്ടി വരുന്നത്. ഇതിന് തെളിവാണ് ഇപ്പോൾ പുറത്തു വന്ന കത്ത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അറ്റൻഡർ ഗ്രേഡ് 2 തസ്തികയിൽ 152 ജീവനക്കാരാണ് എംപ്ലോയിമെന്റ് വഴി സ്ഥിര നിയമനം നേടി എത്തിയിത്. 123 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ എസ് എ റ്റി ആശുപത്രിയിലുമാണ് നിയമനം നേടിയത്. നടപടികൾ പാലിച്ച് സ്ഥിരം നിയമനം നേടി ഇവർ എത്തിയതോടെ ആശുപത്രിയിൽ നേരത്തെ താൽക്കാലിക നിയമനം ലഭിച്ചവരെ പിരിച്ചു വിട്ടു. മുൻ കാലങ്ങളിലും ഇങ്ങനെ തന്നെയാണ് കീഴ്‌വഴക്കം. ഇങ്ങനെ ജോലി പോയവരെ കുടുംബ ശ്രീക്കാരുടെ മറവിൽ നിയമിക്കാൻ നീക്കമുണ്ടായിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയിൽ എച്ച് ഡി സിയെ എത്തിക്കണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതായത് താൽക്കാലികക്കാരെ എച്ച് ഡി സി സ്റ്റാഫുകൾ ആക്കുമ്പോൾ തന്നെ എച്ച് ഡി സി യുടെ വരുമാനത്തിൽ വർദ്ധനവ് വരുന്നില്ല ഇതാണ് ഇനി ഉണ്ടാക്കാൻ പോകുന്ന വലിയ പ്രതിസന്ധി അതായത് നിലവിലെ എച്ച് ഡി സി ജീവനക്കാരുടെ ശമ്പളത്തെ പോലും ഈ മണ്ടൻ തീരുമാനം ബാധിച്ചേക്കും. ഇതെല്ലാം ശരിയാണെന്ന തെളിയുകാണ് ഇപ്പോൾ.
ആശുപത്രി വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇടപെടേണ്ട എച്ച് ഡി സി കമ്മിറ്റി മെഡിക്കൽ കോളേജിൽ പിന്നോട്ടാണ് എന്നതിന്റെ നേർ ചിത്രം മറുനാടൻ പുറത്തു വിട്ടിരുന്നു. മറുനാടൻ മലയാളി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പകർത്തിയ ചില ദൃശ്യങ്ങളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഗതികേടിന്റെ കഥ വിവരിക്കുന്നത്. ഈ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ കാട്ടുന്നത് രോഗീ ദുരിതത്തിന്റെ നേർചിത്രമാണ്.
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിന്നിരുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിലാണ്. ഇങ്ങനെയുള്ള മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥയെന്നതാണ് യാഥാർത്ഥ്യം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ ഈ മെഡിക്കൽ കോളേജിന്റെ മോക്ഷ പ്രാപ്തിക്ക് അനിവാര്യതയാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം അനധികൃത നിയമനങ്ങളുടെ സാധ്യതകളാണ് ആശുപത്രി വികസന സമിതി ഇവിടെ നടത്തുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് നിറയുന്നത്. ഈ സാഹചര്യത്തിലാണ് മറുനാടൻ ക്യാമറ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സത്യം തേടിയെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ