- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡിഎ കുടിശ്ശിക നല്‍കുന്നത് സാമ്പത്തിക സ്ഥിതി നോക്കി മാത്രം; ഡിഎ അവകാശമല്ലെന്ന സര്‍ക്കാര്‍ വാദം വിവാദത്തില്‍; ഡിഎ കുടിശ്ശികയില്‍ കണക്കുകള്‍ നിരത്തി തര്‍ക്കം; സര്‍ക്കാരും സംഘടനകളും രണ്ട് തട്ടില്‍; പെന്‍ഷനും ഡിഎയും: പ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചതെന്ന് ധനമന്ത്രി; വഞ്ചനയെന്ന് പ്രതിപക്ഷ സംഘടനകള്‍; ജീവനക്കാരുടെ മോഹം വെറുതെയാകുമോ ?

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി ഉറപ്പായ പെന്‍ഷന്‍ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കുമ്പോഴും അനിശ്ചിതത്വം തുടരുന്നു. ഡിഎ കുടിശ്ശിക ഭരണപരമായ തീരുമാനമാണെന്നും ജീവനക്കാരുടെ അവകാശമല്ലെന്നും കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വലിയ വിവാദമായിട്ടുണ്ട്.
ഏകദേശം 25,000 കോടി രൂപ വരുന്ന കുടിശ്ശിക ഒറ്റയടിക്ക് നല്‍കുന്നത് സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നും ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനിടെ ഈ പ്രായോഗിക ബുദ്ധിമുട്ടാണ് കോടതിയെ അറിയിച്ചതെന്നും ഇത് ഡിഎ നല്‍കില്ലെന്ന വ്യാഖ്യാനമായി കാണേണ്ടതില്ലെന്നും ധനമന്ത്രി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ള വലിയ തുക വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഈ തുക ലഭിച്ചാല്‍ കുടിശ്ശിക തീര്‍ക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ഡിഎയുടെ കണക്കിനെച്ചൊല്ലി സര്‍ക്കാരും സംഘടനകളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഒന്‍പത് ശതമാനമാണ് കുടിശ്ശികയെന്ന് സര്‍ക്കാരും എന്നാല്‍ അത് 13 ശതമാനമാണെന്ന് സംഘടനകളും വാദിക്കുന്നു. ഡിഎ അവകാശമല്ലെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ എല്‍.ഡി.എഫ് അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സമരങ്ങളിലൂടെ നേടിയെടുത്ത അവകാശം നിഷേധിക്കാനാവില്ലെന്നാണ് എന്‍.ജി.ഒ യൂണിയന്‍ അടക്കമുള്ള സംഘടനകളുടെ നിലപാട്. കൂടാതെ, മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായി സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലും ആവശ്യപ്പെട്ടു.
ഡിഎ കുടിശ്ശിക ലഭിക്കാത്തതുവഴി ഓരോ ജീവനക്കാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുടിശ്ശിക ലഭ്യമാകും വരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. പങ്കാളിത്ത പെന്‍ഷന് പകരം നിശ്ചിത തുക ഉറപ്പുനല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കടം വെട്ടിക്കുറച്ചതിനെതിരേ കേരളം നല്‍കിയ കേസ് ഭരണഘടനാ ബെഞ്ചിന് മുന്നിലുണ്ട്. വിധി അനുകൂലമായാല്‍ സാമ്പത്തിക പ്രതിസന്ധിക്കു ഒരുപരിധിവരെ പരിഹാരമാകുമെന്ന് മന്ത്രി പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഡിഎയുടെ കണക്കിലും തര്‍ക്കമുണ്ട്. ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും വ്യത്യസ്തവാദമാണ് ഉന്നയിക്കുന്നത്. ഒരു ശതമാനം ഒരു മാസം നല്‍കാന്‍ 60 കോടിയാണ് ചെലവ്. നിലവിലെ ഒന്‍പത് ശതമാനം നല്‍കാന്‍ തന്നെ 25,000 കോടിക്കടുത്ത് വേണ്ടിവരുമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം എന്ന രീതി പ്രകാരം 2024 ജൂലായ് ഒന്നുമുതലാണ് പരിഷ്‌കരിച്ച ശമ്പളം നല്‍കേണ്ടത്. ശമ്പളപരിഷ്‌ക്കരണം വരുന്നതോടെ ഡിഎ പൂജ്യമാകും. അതുവരെ നല്‍കേണ്ടത് 31 ശതമാനമാണ്. അതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് ഉത്തരവായ ഏഴു ശതമാനമടക്കം 22 ശതമാനം ഡിഎ ഈ സര്‍ക്കാര്‍ അനുവദിച്ചു. കുടിശ്ശിക ഒന്‍പത് ശതമാ നം. 2024 ജൂലായ് ഒന്നിന് ശേഷമുള്ളത് ശമ്പളപരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം.
ശമ്പളപരിഷ്‌ക്കരണം ഇനിയും നടപ്പാക്കാത്തതിനാല്‍ 2025 ജനുവരിയിലും ജൂലായിലും രണ്ട് ശതമാനംവീതം ഡിഎകൂടി ലഭിക്ക ണമെന്നാണ് സംഘടനകളുടെ ആവശ്യം. അതായത് ഈ നാലുകൂടി ചേര്‍ത്താല്‍ കുടിശ്ശിക 13 ശതമാനമാവും. ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത് സംസ്ഥാനത്തിനും ബാധകമാക്കിയാല്‍ കുടിശ്ശിക ഇനിയും കൂടുമെന്നും സംഘടനകള്‍ പറയുന്നു.


