തിരുവനന്തപുരം: തിരുവനന്തപുരത്തെ സമരപ്പന്തലിൽ വെച്ച് സാമൂഹിക പ്രവർത്തക ദയാബായിയുടെ പണവും സുപ്രധാന രേഖകൾ അടങ്ങിയ ഡയറിയും മോഷണം പോയി മാസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താതെ അധികൃതർ മൗനം പാലിക്കുന്നു. തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോഴാണ് സമരപ്പന്തലിൽ നിന്ന് ദയാബായിയുടെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയത്. നഷ്ടപ്പെട്ട പണവും ഡയറിയും തിരികെക്കിട്ടുന്നതും നോക്കിയിരിക്കുകയാണ് ദയാബായി.

ഒക്ടോബറിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി സമരം ചെയ്ത ദയാബായിയെ പൊലീസ് ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് ബാഗ് നഷ്ടമായത്.

70,000 രൂപയടങ്ങിയ പേഴ്‌സും വിലപ്പെട്ട വിവരങ്ങളടങ്ങിയ ഡയറിയും മഴക്കോട്ടും നഷ്ടപ്പെട്ടു. രണ്ട് മാസമായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന വിഷമത്തിലാണ് ലോകം ആദരിക്കുന്ന സാമൂഹിക പ്രവർത്തക ദയാബായി. പണത്തെക്കാളുപരി ഡയറിയും സുഹൃത്ത് സമ്മാനിച്ച മഴക്കോട്ടും നഷ്ടപ്പെട്ടതാണ് വലിയ വേദനയെന്ന് ദയാബായി പറയുന്നു. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്റർ പണിയുന്നതിനും തനിക്ക് വീട് പണിയുന്നതിനും വേണ്ടി സ്വരൂപിച്ചുവെച്ചതിൽപ്പെട്ടതാണ് പണം എന്നും ദയാബായി പറഞ്ഞു.

ഒക്ടോബർ 12നാണു മോഷണം നടന്നത്. കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിന് ഇടയിലായിരുന്നു ഈ സംഭവം. പരാതി ഉയർന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല.

നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടത്. ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു ജീവനെക്കാൾ വിലയുണ്ട്. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണു പഴ്‌സിലെ പണം എന്നും ദയാബായി വ്യക്തമാക്കിയിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും മോശം പെരുമാറ്റമുണ്ടായി. നിരാഹാരത്തിനിടെ ഒക്ടോബർ 12-ന് വൈകീട്ട് നാലിന് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയുമാണ് പേഴ്‌സിലുണ്ടായിരുന്നത്. ആശുപത്രിയിലേക്ക് തന്നെ മാറ്റിയ പൊലീസിന് തന്റെ വസ്തുക്കൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

ഇപ്പോൾ താൻ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ എൻഡോസൾഫാൻ സമരത്തിൽ പങ്കെടുത്തതിനു ശേഷമാണ്. സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം ഇരുന്നപ്പോൾ ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ വലിയ ബുദ്ധിമുട്ടുകളാണ്. നിരാഹാര സമരത്തിൽ പങ്കെടുക്കുമ്പോൾ എന്നും ഡോക്ടർമാർ വന്നു പരിശോധന നടത്തുമായിരുന്നു. അവർ കുഴപ്പമില്ലെന്നു പറയുമ്പോഴും പൊലീസുകാർ നിർബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുമായിരുന്നു.

സംഭവത്തിനു ശേഷം പലവട്ടം കേരളത്തിൽ വന്നെങ്കിലും അനാരോഗ്യം കാരണം ഇതിനു പിന്നാലെ പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഭോപാലിലാണ്. ജനുവരിയിൽ കേരളത്തിലെത്തും. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ തിരുവനന്തപുരത്ത് പോകാൻ നിർവാഹമില്ല. എന്തായാലും നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടും വരെ താൻ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ദയാബായി.