- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടെ ഉത്തരക്കടലാസ് എങ്ങനെ വൈറലായി; നെയ്മർ ആരാധികയുടെ വൈറൽ ഉത്തരത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ; മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളോട് വിശദീകരണം തേടി; മറുപടി തൃപ്തികരമല്ലെങ്കിൽ സ്‌കൂളുകൾക്കെതിരെ നടപടി ഉണ്ടായേക്കും
മലപ്പുറം: മെസ്സിയെക്കുറിച്ച് ഞാനെഴുതില്ലെന്നും ഞാൻ നെയ്മർ ആരാധികയാണെന്നും ഉത്തരമെഴുതിയ കുട്ടിയുടെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ. ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്.
മറുപടി തൃപ്തികരമല്ലെങ്കിൽ സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ ചില സ്‌കൂളുകളിലെ നാലാം ക്ലാസ് ചോദ്യപേപ്പറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അർജന്റീനൻ ഫുട്‌ബോൾ താരം മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മർ ആരാധികയായ വിദ്യാർത്ഥിനി ഉത്തരമെഴുതാൻ വിസമ്മതിച്ച് വിയോജനക്കുറിപ്പ് എഴുതിയതും വലിയ ചർച്ചയായി.
'ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.' എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞു നെയ്മർ ആരാധിക ഉത്തരക്കടലാസിൽ എഴുതിയത്.കുട്ടിയുടെ ചിത്രവും ഉത്തരക്കടലാസും ഇതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഫുട്‌ബോളിന് ഏറെ ആരാധകരുള്ള കേരളത്തിൽ അർജന്റീന, ബ്രസീൽ ആരാധകരും വിഷയം ഏറ്റുപിടിച്ചിരുന്നു.
ചോദ്യം കണ്ടപ്പോൾ ആദ്യം ഒന്നും എഴുതണ്ട എന്നായിരുന്നു വിചാരിച്ചതെങ്കിലും നെയ്മർ ഫാനായ റിസയ്ക്ക് അത് പ്രകടിപ്പിക്കണമെന്നുതോന്നി.അഞ്ചുമാർക്ക് പോയാലും കുഴപ്പമില്ല.റിസ ഇഷ്ടക്കേട് മറച്ചുവച്ചില്ല. ഉത്തരക്കടലാസിൽ മെസിക്കെതിരെ എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, നാട്ടുകാരുടെ കുസൃതിക്കുടുക്കയായി മാറിയിരിക്കുകയാണ് തിരൂർ പുതുപ്പള്ളി ശാസ്ത എഎൽപി സ്‌കൂളിലെ ഈ വിദ്യാർത്ഥിനി.
മലയാളം പരീക്ഷയിൽ മെസിയുടെ ജീവചരിത്രമെഴുതാനുള്ള ചോദ്യത്തിനുള്ള ഉത്തരപേപ്പർ പരിശോധിച്ച മലയാളം അദ്ധ്യാപിക ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കുസൃതി കണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചോദ്യത്തിനോട് കുട്ടികൾ വ്യത്യസ്ത തരത്തിലാണ് പ്രതികരിച്ചതെന്ന് അദ്ധ്യാപകർ പറയുന്നു. ചിലർ മെസിയെക്കുറിച്ച് നന്നായി എഴുതി.
മറുനാടന് മലയാളി ബ്യൂറോ