- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അഴിമതിക്കെതിരെ പ്രതികരിച്ചതിന് പ്രതികാര നടപടി; തൊഴിലിടത്തില്‍ ജോളി മധുവിന് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം; കയര്‍ ബോര്‍ഡിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
ജോളി മധുവിന്റെ മരണം: ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം
കൊച്ചി: കൊച്ചി കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്‍കിയ ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. വിപുല്‍ ഗോയല്‍, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാര്‍, അബ്രഹാം സിയു എന്നിവര്‍ക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.
അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ
ജോളി മധു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജോളി മരിച്ചത് തൊഴില്‍ പീഡനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെയാണ് അന്വേഷണത്തിന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്.
സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കയര്‍ ബോര്‍ഡിലെ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്നു ജോളി. തൊഴിലിടത്തില്‍ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും അതിനെ തുടര്‍ന്നാണ് ജോളി മരിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ആരോപണ വിധേയനായ ബോര്‍ഡ് സെക്രട്ടറി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊച്ചിയിലെ കയര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പലതവണ പരാതി നല്‍കിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.
'ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ത്രീകള്‍ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിന്റെ മരണം. പലതവണ പരാതി നല്‍കിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാന്‍സര്‍ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാര്‍ക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്' ഡിസിസി അധ്യക്ഷന്‍ പറഞ്ഞു. കയര്‍ ബോര്‍ഡ് ഓഫീസില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.