- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ കൈയൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ; നിനക്കുള്ള അവസാനത്തെ താക്കീതാണ്.. കേസ് പിൻവലിച്ചു മാപ്പു പറയുക; 20ാം തീയ്യതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും'; കെ കെ രമ എംഎൽഎക്ക് വീണ്ടും വധഭീഷണിക്കത്ത്
കോഴിക്കോട്: 'എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ കൈയൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ നിനക്കുള്ള അവസാനത്തെ താക്കീതാണ് കേസ് പിൻവലിച്ച് മാപ്പ് പറയുക. അടുത്ത മാസം 20ാം തീയ്യതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും' കെ.കെ. രമ എംഎൽഎക്ക് ലഭിച്ച വധ ഭീഷണിക്കത്തിലെ വാക്കുകളാണിത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമയ്ക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുന്നത്. ഇതിന് മുമ്പും നേരത്തെ രമയ്ക്ക് വധ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ. രമ എംഎൽഎ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല.
സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ തീരുമാനം. ഇതിനിടെ, നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. എംആർഐ സ്‌കാൻ പരിശോധിച്ച ശേഷമാണ് നിർദ്ദേശം. എംഎൽഎയുടെ കയ്യിലെ ലിഗ്മെന്റിൽ വിവിധ ഭാഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്ന് എംആർഐ സ്‌കാനിലൂടെ വ്യക്തമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
അതിനിടെ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിലെ എസ് ഐക്കും വാച്ച് ആൻഡ് വാർഡിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. എംഎൽഎമാർ കൈയൊടിച്ചെന്ന് വാച്ച് ആൻഡ് വാർഡ് വ്യാജ പരാതി നൽകിയെന്നും സ്പീക്കറുടെ അനുമതിയില്ലാതെയാണ് എസ്‌ഐ കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. രമേശ് ചെന്നിത്തലയാണ് നോട്ടീസ് നൽകിയത്.ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
അഡീഷണൽ ചീഫ് മാർഷൽ ഹുസൈൻ, വനിതാ സാർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർ ഗൂഢാലോചന നടത്തിയെന്നും നോട്ടീസിൽ ആരോപണമുണ്ട്. പരിശോധനയിൽ ഷീനയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിന് കൈക്ക് പരിക്കേറ്റെന്ന് കള്ളപരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഴ് യു.ഡി.എഫ് എംഎൽഎമാർക്കെതിരെ കേസെടുത്തത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അവരുടെ കൈക്ക് പൊട്ടലിലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രമേശ് ചെന്നിത്തല നൽകിയ നോട്ടീസിൽ പറയുന്നു.സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്‌തെന്നാണ് മ്യൂസിയം എസ് ഐ ജിജുകുമാർ പി ഡിക്കെതിരായ പരാതി.
തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷമുണ്ടായത്. ഈ സംഘർഷത്തിൽ കെ.കെ രമ എം.എൽഎക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ