കണ്ണൂർ: കണ്ണൂർ ജില്ലയെ ഞെട്ടിച്ചു വീണ്ടും ഇരട്ടമരണം. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം യുവദമ്പതികൾ ഓടുന്ന കാറിന് തീപിടിച്ചു മരിച്ച സംഭവത്തിനു പിന്നാലെ പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ പഴയങ്ങാടി പാലത്തിൽ കാറും സ്‌കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് സ്ത്രീകളും മരിച്ചു. അപകടത്തിൽ ഒരു കുട്ടി അടക്കം നാല് പേർക്ക് പരുക്കേറ്റു.

കാറിൽ സഞ്ചരിക്കുകയായിരുന്ന പഴയങ്ങാടി റയിൽവേ സ്റ്റേഷന് സമീപത്തെ കൃഷ്ണൻ നായർ റോഡിലെ എംപി. ഫാത്തിമ(24), സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെറുകുന്ന് കുന്നനങ്ങാട് സ്വദേശിയും കീഴറ കണ്ണപുരം നോർത്ത് എൽപി സ്‌കൂളിലെ അദ്ധ്യാപികയുമായ സി.പി. വീണ(47) എന്നിവരാണ് മരണമടഞ്ഞത്. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിൽ ഇടിച്ച് പുഴയിലേക്ക് മറിയാൻ പോകുന്ന അവസ്ഥയിലും സ്‌കൂട്ടർ പൂർണമായും തകർന്ന നിലയിലുമായിരുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടിയിലേക്ക് വരുന്ന കെഎൽ13എഎൽ 2017 നമ്പർ കാറും പഴയങ്ങാടി ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോവുകയായിരുന്ന കെഎൽ 13 എ 6704 നമ്പർ സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.

മധുസൂദനനാണ് മരണപ്പെട്ട വീണയുടെ ഭർത്താവ്. ഫാത്തിമയുടെ ഭർത്താവ് കുട്ടിയസ്സൻ സാക്കി, മകൾ ഒന്നര വയസ്സുകാരി ഇസ്സ, ഫാത്തിമയുടെ മാതാവ് താഹിറ എന്നിവർക്ക് പരിക്കേറ്റു. ഇരുവരുടെയും മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പാപ്പിനിശേരി- പിലാത്തറി കെ. എസ്. ടി.പി റോഡിലെ സ്ഥിരം അപകട മേഖലയാണ് പഴയങ്ങാടി പാലം. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ മുൻഭാഗവും തകർന്നു.