തിരുവനന്തപുരം: കായിക മന്ത്രിയുടെ നാവ് ഫലിച്ചു! പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്‌മാന്റെ വാ വിട്ട വാക്കിന് ബഹിഷ്‌കരണത്തിലൂടെ മറുപടി നൽകുകയാണോ ക്രിക്കറ്റ് ആരാധകർ? കാര്യവട്ടം സ്‌റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരെ മിന്നുന്ന സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ചുറിയുമായി വിരാട് കോലിയും തകർപ്പൻ ബാറ്റിംഗുമായി രോഹിത് ശർമ്മയും നിറഞ്ഞാടിയിട്ടും ഗാലറിയിൽ ആവേശം ഏറ്റെടുക്കാൻ ആളില്ലാതെ പോയി.

പരമ്പര ഇന്ത്യ നേടിയെങ്കിലും സൂപ്പർ താരങ്ങളുടെ പ്രകടനം നേരിട്ടു കാണാൻ ആരാധകർ എത്തുമെന്നായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ ആകെ 55,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്ക് വിറ്റഴിഞ്ഞുപോയത് 5700 ടിക്കറ്റുകൾ മാത്രമാണ്. ഇതുവരെ ആകെ നാല് അന്താരാഷ്ട്ര മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുമുമ്പ് നടന്ന മത്സരങ്ങളിൽ വലിയ തോതിൽ ടിക്കറ്റ് വിൽപ്പന നടന്നിരുന്നുവെങ്കിലും ഞായറാഴ്ചത്തെ മത്സരത്തിൽ ടിക്കറ്റ് വിറ്റഴിയാതെ ഇരുന്നത് കെ.സി.എ.യെ ആശങ്കയിലാക്കിയിട്ടുണ്ട്.

ടിക്കറ്റ് വിൽപ്പന കുറഞ്ഞാൽ ഇനിവരുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിക്കുന്നതിൽ പുനരാലോചന വന്നേക്കാമെന്നാണ് കരുതുന്നത്. കാര്യവട്ടത്ത് ഇത് രണ്ടാമത്തെ ഏകദിന മത്സരമാണ് നടക്കുന്നത്. ഇതിനുമുമ്പ് 2018 ഡിസംബറിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ഏകദിനമാണ് ആദ്യത്തേത്. കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്റി20 മത്സരങ്ങളായിരുന്നു.

ഇത്തവണ താരങ്ങൾ എത്തിയപ്പോഴും സാധാരണ ഗതിയിൽ കാണാറുള്ള ആവേശമൊന്നും ഇത്തവണ വിമാനത്താവളത്തിലുമുണ്ടായിരുന്നില്ല. പരമ്പര ഇന്ത്യയ്ക്ക് ലഭിച്ചതിനാൽ ഇന്ന് നടക്കുന്ന മത്സരം വലിയ ആവേശമുണ്ടാക്കില്ലെന്ന വിലയിരുത്തലും ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമൊക്കെ വിൽപ്പനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. മത്സരം ഞായറാഴ്ച ആയിട്ടുകൂടി ടിക്കറ്റ് വിറ്റഴിയാതെ ഇരിക്കുന്നത് ക്രിക്കറ്റ് അസോസിയേഷനിൽ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്.

ടിക്കറ്റിന് മേൽ വിനോദ നികുതി കുത്തനെ ഉയർത്തിയത് ടിക്കറ്റ് വില വർധിപ്പിച്ചിട്ടുണ്ട്. വിനോദ നികുതി കുറയ്ക്കില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്‌മാൻ പറഞ്ഞത് വിവാദമായിരുന്നു. 18 ശതമാനം ജി.എസ്.ടി., 12 ശതമാനം വിനോദ നികുതി എന്നിവകൂടി ചേരുമ്പോൾ 300 രൂപ നികുതിയും ഓൺലൈൻ ആപ്പായ പേ ടി.എം. ഇൻസൈഡറിന്റെ കൺവീനിയൻസ് ചാർജും ഉൾപ്പടെ ആയിരത്തിന്റെ ടിക്കറ്റ് 1475.74 രൂപയ്ക്കാണ് വാങ്ങാൻ കഴിയുക.

സെപ്റ്റംബറിൽ ഇവിടെ നടന്ന ട്വന്റി20 മത്സരത്തിന് നികുതികൾ ഉൾപ്പെടെ 1500 രൂപയ്ക്കാണ് (ബുക്കിങ് ആപ്പിന്റെ കൺവീനിയൻസ് ചാർജ് കൂടാതെ) ഏറ്റവും കുറഞ്ഞ ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാൽ അന്ന് സർക്കാർ ഇടപെട്ട് കോർപ്പറേഷന്റെ വിനോദനികുതിയിൽ ഇളവ് നൽകിയിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല, 24 ശതമാനം വിനോദ നികുതി വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കാണികൾക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് 12 ശതമാനത്തിൽ ഒതുക്കിയത്.

കോർപ്പറേഷൻ വിനോദനികുതിക്ക് വാശിപിടിച്ചതോടെ കഴിഞ്ഞ ട്വന്റി20 മത്സരത്തേക്കാൾ ടിക്കറ്റ് നിരക്കിൽ കുറവുവരുത്തി കാണികളുടെ ഭാരം കുറയ്ക്കാനാണ് കെ.സി.എ. തീരുമാനിച്ചത്. ഇതോടെ ട്വന്റി20 മത്സരത്തിനേക്കാൾ കുറഞ്ഞ ചെലവിൽ ഏകദിനം കാണാൻ സാധിക്കുമായിരുന്നു. പട്ടാള റിക്രൂട്ട്‌മെന്റിന് നൽകി പിച്ചുൾപ്പെടെ നാശംനേരിട്ട ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലക്ഷങ്ങൾ ചെലവിട്ട് അന്താരാഷ്ട്ര മത്സരത്തിന് സജ്ജമാക്കിയത് ക്രിക്കറ്റ് അസോസിയേഷനാണ്.