തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിന് മുമ്പ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും കൈപ്പറ്റിയില്ലെന്നും ഉള്ള പൊലീസ് വാദം പച്ചക്കള്ളമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദീപ. രാഹുലിന് ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ദീപ അറിയിച്ചു. അതിജീവിതയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്

രാഹുലിനെ ഒരു അറിയിപ്പും കൂടാതെ വീട്ടില്‍ വന്ന് വിളിച്ച് കൊണ്ടുപോവുകയായിരുന്നു. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ (Non-Bailable Section 75A) ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും ഏത് പരാമര്‍ശമാണ് കുറ്റകരമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീതി നിഷേധിക്കപ്പെട്ടു എന്നതിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കാന്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമപരമായി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസിനെ നേരിടുമെന്നും ദീപ വ്യക്തമാക്കി.

മാധ്യമങ്ങള്‍ 'ഇര' എന്ന പ്രയോഗം ഉപയോഗിച്ച് ഒരു വ്യക്തിയെ മാത്രം മഹത്വവല്‍ക്കരിക്കുന്നു. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ ശരിയും തെറ്റും രണ്ടുപേരുടെയും ഭാഗത്തും ഉണ്ടാകാം. എന്നാല്‍ അതിനെതിരെ സംസാരിച്ച ഒരാള്‍ക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും അവര്‍ പ്രതികരിച്ചു.

കേസിന്റെ തുടര്‍നടപടികള്‍

അതിജീവിതയെ അപമാനിക്കാന്‍ ശ്രമിച്ചവരെയാണ് നിലവില്‍ പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ ആരോപണങ്ങള്‍ നേരിടുന്ന സന്ദീപ് വാര്യര്‍, അഡ്വ. ദീപ ജോസഫ്, പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ക്കെതിരെയും തുടര്‍നടപടിയുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ മൂന്നാം തീയതി കോടതിയുടെ പരിഗണനയ്ക്ക് വരും. കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.

പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, 'ഇതൊരു കള്ളക്കേസാണ്, നിയമപരമായി നേരിടും' എന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. ഇതിനൊപ്പം, ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഇരയെ മോശക്കാരിയാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിര്‍ണ്ണായകമായ ദൃശ്യങ്ങളുണ്ട് എന്ന് കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. റെയ്ഡിനിടെ ലാപ്‌ടോപ്പ് മാറ്റാന്‍ ശ്രമിച്ചതിനെക്കുറിച്ച് ഭാര്യ ദീപ ഈശ്വര്‍ പ്രതികരിച്ചു. 'പോലീസ് എന്ത് ഉദ്ദേശത്തിലാണ് വന്നതെന്ന് അറിയില്ലായിരുന്നു, അതുകൊണ്ടാണ് ലാപ്‌ടോപ്പ് മാറ്റിയത്,' അവര്‍ പറഞ്ഞു.