- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനപദ്ധതികൾ നാടിനാവശ്യമാണ്; നിസഹായരായ മനുഷ്യരെ വഴിയാധാരമാക്കിയും തീവ്രവാദിയെന്നു വിളിച്ചുമല്ല അതൊന്നും കെട്ടിപ്പടുക്കേണ്ടത്; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തെ പിന്തുണച്ചും സർക്കാരിനെതിരെ ആഞ്ഞടിച്ചും ദീപിക
തിരുവനന്തപുരം:വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തെ പിന്തുണച്ചും സർക്കാരിനെതിരെ ആഞ്ഞടിച്ചും ദീപിക ദിനപത്രം. വിഴിഞ്ഞത്ത് ആദ്യം സമാധാനം പുനഃസ്ഥാപിക്കുകയും വൈകാതെ നീതി ലഭ്യമാക്കണമെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇരകളുടെ അതിജീവനസമരവും അതിനെതിരായുള്ള സർക്കാരിന്റെ നീക്കങ്ങളും ഒപ്പം പദ്ധതിയെയും അദാനിയെയും പിന്തുണയ്ക്കുന്നവരുടെ ഇടപെടലുകളുമൊക്കെ കഴിഞ്ഞ ദിവസത്തെ ദൗർഭാഗ്യകരമായ സംഭവങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചെല്ലാം നിഷ്പക്ഷമായ അന്വേഷണമുണ്ടാകട്ടെയെന്നും നുണവ്യാപാരികളെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം -
വികസനപദ്ധതികൾ നാടിനാവശ്യമാണ്. പക്ഷേ, നിസഹായരായ മനുഷ്യരെ വഴിയാധാരമാക്കിയും തീവ്രവാദിയെന്നു വിളിച്ചുമല്ല അതൊന്നും കെട്ടിപ്പടുക്കേണ്ടത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന സംഘർഷാവസ്ഥ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. ആദ്യം സമാധാനം പുനഃസ്ഥാപിക്കുകയും ഒട്ടും വൈകാതെ നീതി ലഭിക്കേണ്ടവർക്ക് അതു ലഭിച്ചെന്ന് ഉറപ്പാക്കുകയും വേണം. ഒന്നിനും പരിഹാരമല്ലാത്ത അക്രമസംഭവങ്ങളല്ല, എല്ലാത്തിനും പരിഹാരമുണ്ടാക്കുന്ന ക്രിയാത്മക ചർച്ചകളാണ് ഉടനുണ്ടാകേണ്ടത്. അത് അസാധ്യമല്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇരകളുടെ അതിജീവനസമരവും അതിനെതിരായുള്ള സർക്കാരിന്റെ നീക്കങ്ങളും ഒപ്പം പദ്ധതിയെയും അദാനിയെയും പിന്തുണയ്ക്കുന്നവരുടെ ഇടപെടലുകളുമൊക്കെ കഴിഞ്ഞ ദിവസത്തെ ദൗർഭാഗ്യകരമായ സംഭവങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചെല്ലാം നിഷ്പക്ഷമായ അന്വേഷണമുണ്ടാകട്ടെ.
ജുഡീഷൽ അന്വേഷണമെങ്കിൽ അങ്ങനെ. പൊലീസ് സ്റ്റേഷൻ ആക്രമണം മാത്രമല്ല, അതിനു പിന്നിലെ കാരണങ്ങളും ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം. രാജ്യത്തെ ഏതാണ്ട് എല്ലാ വികസനപദ്ധതികളുടെയും ഇരകൾക്കു സംഭവിക്കുന്നത് വിഴിഞ്ഞത്തും സംഭവിക്കുകയാണ്. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ഇരകൾ വർഷങ്ങളോളം സമരത്തിലാകുന്നതും അതിനൊടുവിൽ സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുന്നതും അത് നടപ്പാക്കിക്കിട്ടാൻ വീണ്ടും സമരമാരംഭിക്കുന്നതും ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ടവർ സംയമനം നഷ്ടപ്പെട്ട് അക്രമസംഭവങ്ങളിലേക്കും ആത്മഹത്യകളിലേക്കുമൊക്കെ വഴിതെറ്റുന്നതും നിർഭാഗ്യവശാൽ രാജ്യത്ത് ആവർത്തിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയിൽ മറ്റൊരു പ്രതിഭാസംകൂടി സംജാതമായിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുകാർക്കുവേണ്ടി സമരം ചെയ്യുന്നവരുടെ സാന്നിധ്യം. സർക്കാരിൽനിന്നു നീതി കിട്ടുമെന്നു കരുതി ഒരു സമരവും ചെയ്യാതെ നാലു വർഷത്തോളം സിമന്റ് ഗോഡൗണിൽ 300 കുടുംബങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ-സമുദായസംഘടനാ നേതാക്കൾ അദാനി മുതലാളിക്കുവേണ്ടി രോഷാകുലരാകുകയും കരയുകയും ചെയ്യുന്നത് എന്തിനാണെന്നു തിരിച്ചറിയണം.
വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ വിദേശത്തുനിന്ന് വലിയ തുക സംഭാവന വാങ്ങിയാണ് മത്സ്യത്തൊഴിലാളികളും അവരുടെ നേതാക്കളും സമരം നടത്തുന്നതെങ്കിൽ അത് അന്വേഷിക്കണം. അദാനിക്കുവേണ്ടി വിഴിഞ്ഞത്ത് നിലവിളിക്കുന്നവർ വിചാരിച്ചാൽ കേന്ദ്രത്തിൽ പറഞ്ഞ് അത് അന്വേഷിച്ചു കണ്ടുപിടിക്കാവുന്നതല്ലേയുള്ളൂ. അല്ലെങ്കിൽ ഇത്തരം നുണവ്യാപാരികളെയും ആ സംഭാവന രഹസ്യമല്ലെന്ന് ഏറ്റുപാടി ആടിനെ പട്ടിയാക്കുന്നവരെയും നിലയ്ക്കു നിർത്തണം. ജനരോഷം സമരക്കാർക്കെതിരേ തിരിച്ചുവിടാൻ ശ്രമിക്കുന്ന ചില സമുദായ സംഘടനാ നേതാക്കൾക്കൊപ്പം സർക്കാരും കൈകോർക്കുന്നതായിട്ടാണ് മനസിലാകുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെ നാളുകളായുള്ള പ്രകോപന പ്രസംഗങ്ങളിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മുന്നിൽനിൽക്കുന്നുവെന്നേയുള്ളു. ഒപ്പത്തിനൊപ്പംനിന്നു മത്സരിച്ച് അദാനിയുടെ പ്രീതിക്കു പൊരുതുന്നവർ വേറെയുമുണ്ട്. സർക്കാരിനെതിരേ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ സംശയം.
തീരദേശത്തെ മത്സ്യത്തൊഴിലാളികളെ മുഴുവൻ പുകച്ചു പുറത്തു ചാടിച്ച് പ്രദേശം അദാനിക്കു തീറെഴുതാനുള്ള എല്ലാ ഒത്താശയും സർക്കാർ ചെയ്തത്, ദുരന്തമുഖത്താണ് ഒരു ജനതയെ കൊണ്ടെത്തിച്ചത് എന്നാണ് അധികാരത്തിലെത്തുന്നതിനു ദിവസങ്ങൾക്കുമുന്പ് 2016 ഏപ്രിൽ 25ന് സിപിഎമ്മിന്റെ മുഖപത്രം ആഞ്ഞെഴുതിയത്. ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി രൂപയാണെന്നു കടൽക്കൊള്ളയെന്ന തലക്കെട്ടിൽ ഒന്നാം പേജിലെഴുതിയതും മറക്കരുത്. പറഞ്ഞതൊക്കെ പിൻവലിച്ച്, പ്രതിസ്ഥാനത്തു നിർത്തിയവരുമായി നിങ്ങൾക്കു കൈകോർക്കാൻ ഒരു മടിയുമുണ്ടായില്ലെങ്കിൽ അതിന്റെ കാരണവും അന്വേഷിക്കേണ്ടതല്ലേ അധികാരം കിട്ടിയപ്പോൾ, നിങ്ങൾ പറഞ്ഞ ആ ദുരന്തമുഖത്ത് അതേ മത്സ്യത്തൊഴിലാളികളെ നിങ്ങൾ ചവിട്ടിത്താഴ്‌ത്തി. യാതൊരു സ്വകാര്യതയുമില്ലാതെ കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള മക്കളുമായി അപ്പനുറങ്ങാത്ത ഗോഡൗണുകളിലാണ് അവർ കഴിഞ്ഞത്. നിങ്ങൾ തിരിഞ്ഞുനോക്കിയില്ല. തൊഴിൽപോലും ഇല്ലാതായ അവരും മക്കളും എങ്ങനെ ഭക്ഷണം കഴിക്കുന്നു, എങ്ങനെ പഠിക്കുന്നു, എങ്ങനെ വസ്ത്രമുടുക്കുന്നു എന്നൊന്നും നിങ്ങളുടെ ഒരു മന്ത്രിപുംഗവനും വന്നു നോക്കിയില്ല. ആ മനുഷ്യരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഓണവും ക്രിസ്മസും റംസാനുമൊക്കെ കടലിൽ താഴ്ന്നത് നിങ്ങളുടെ കൊട്ടാരങ്ങളുടെ വിളിപ്പാടകലെയാണ്.
അതിജീവനസമരക്കാരെ തീവ്രവാദികളായും വികാരജീവികളായും വിദേശത്തുനിന്നു പണം കൈപ്പറ്റുന്നവരായുമൊക്കെ ചിത്രീകരിക്കുന്നവരേ, മത്സ്യത്തൊഴിലാളികളുടെ ദേശസ്നേഹത്തിന്റെ അടയാളം നിങ്ങൾക്കടുത്തുണ്ട്. വിഴിഞ്ഞത്തുനിന്ന് 25 കിലോമീറ്ററകലെ തുന്പ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് ഇന്ത്യയുടെ അഭിമാനമായ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രം. 1962ൽ അതവിടെ പണിയാൻ വേണ്ടി സ്വമനസാലെ ഒഴിഞ്ഞുപോയ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിന്റെ കഥയ്ക്കു തുല്യമായതൊന്ന് നിങ്ങളുടെ ദേശസ്നേഹ പുസ്തകങ്ങളിലുണ്ടാവില്ല. വിക്രം സാരാഭായ് അന്നത്തെ ബിഷപ്പായിരുന്ന പീറ്റർ ബർണാർഡ് പെരേരയുമായി സംസാരിച്ചപ്പോൾ അടുത്ത ഞായറാഴ്ച നിങ്ങൾ പള്ളിയിലേക്കു വരൂയെന്നാണ് അദ്ദേഹം പറഞ്ഞത്. പള്ളി നിറഞ്ഞിരുന്ന വിശ്വാസികളോട് ബിഷപ് പറഞ്ഞു: ''ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെയാണ് തേടുന്നത്.
മതം ആധ്യാത്മികമാണ്. രണ്ടും ഈശ്വരപ്രഭാവത്തിലാണ്. മക്കളേ, അതുകൊണ്ട് നമ്മൾ ഈ ദേവാലയം ശാസ്ത്രലോകത്തിനായി കൊടുക്കണം.'' 350 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അവരുടെ വീടുകളും ആരാധനാലയമായിരുന്ന മേരി മഗ്ദലീൻ പള്ളിയും വിട്ടുകൊടുത്തു. രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം അതേക്കുറിച്ച് ഇങ്ങനെ എഴുതി: ''മഗ്ദലീൻ പള്ളി തുന്പ സ്പേസ് സെന്ററിന്റെ ആദ്യത്തെ ഓഫീസായി. ആ പ്രാർത്ഥനാലയമായിരുന്നു എന്റെ ആദ്യത്തെ ലബോറട്ടറി. ബിഷപ്പിന്റെ മുറി എന്റെ ഡിസൈനിങ് ആൻഡ് ്രേഡായിങ് ഓഫീസായി.''വിഴിഞ്ഞത്ത് വീടും കുടിയും നഷ്ടപ്പെട്ട് വർഷങ്ങളായി അലയുന്നവരുടെ അപ്പനമ്മമാരുടെ കഥയാണിത്. 2018ലെ പ്രളയകാലത്തും നമ്മളവരെ കണ്ടു. 2017ലെ ഓഖി ചുഴലിക്കാറ്റിൽ ഉറ്റവരും ഉടയവരും ഉള്ളതുമെല്ലാം നഷ്ടപ്പെട്ടതിന്റെ തീരാവേദനയും നഷ്ടങ്ങളും നെഞ്ചിലൊതുക്കിയാണ് സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ കേരളത്തിലങ്ങോളമിങ്ങോളം ആ മനുഷ്യർ നീന്തിനടന്നത്. ആ കടലിന്റെ മക്കളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു കൈയടി വാങ്ങിയതല്ലാതെ സർക്കാർ എന്നെങ്കിലും ബഹുമാനിച്ചിട്ടുണ്ടോ
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ നഷ്ടങ്ങളുടെ കണക്ക് സർക്കാരിനു കൃത്യമായുണ്ടല്ലോ. മത്സ്യത്തൊഴിലാളികൾക്കെതിരേ പ്രസ്താവനയിറക്കാൻ മത്സരിക്കുന്ന നിങ്ങളുടെ പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം കേരളജനതയ്ക്കു കൊടുക്കേണ്ടതല്ലേ നിങ്ങൾ തല്ലിച്ചതയ്ക്കുകയും എണ്ണമറ്റ വെട്ടുകളാൽ ഇല്ലാതാക്കുകയും ചെയ്ത മനുഷ്യരുടെ കുടുംബങ്ങളോടു നീതി പുലർത്തണമെന്നു തോന്നുന്നില്ലേ വീണ്ടുവിചാരമില്ലാതെ സിൽവർലൈൻ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെപേരിൽ നഷ്ടമായ കോടികളോ
വികസനപദ്ധതികൾ നാടിനാവശ്യമാണ്. പക്ഷേ, നിസഹായരായ മനുഷ്യരെ വഴിയാധാരമാക്കിയും തീവ്രവാദിയെന്നു വിളിച്ചുമല്ല അതൊന്നും കെട്ടിപ്പടുക്കേണ്ടത്. ഏഴിമലയും മൂലന്പള്ളിയും മുതൽ ഉദാഹരണങ്ങൾ എത്രവേണെങ്കിലുമുണ്ട്. ഓരോ വികസനപദ്ധതിയും പുറന്പോക്കിൽ തള്ളുന്ന മനുഷ്യരുടെ എണ്ണവും നിലവിളിയും വർധിക്കുകയാണ്. വിഴിഞ്ഞത്തെ സംഘർഷം ഒരു ദിവസംകൊണ്ടു സംഭവിച്ചതല്ല. നാലഞ്ചുവർഷത്തെ ചരിത്രമുണ്ട് അതിന്. എല്ലാം അന്വേഷിക്കണം.
സമരക്കാരും ജാഗ്രത പുലർത്തണം. ഇതു നിങ്ങളുടെ അതിജീവന സമരമാണെങ്കിലും അക്രമങ്ങളിലേക്കു വഴുതിവീഴാൻ ഇടയാകരുത്. ഒന്നിച്ചുജീവിക്കുന്നവർക്കിടയിൽ ഭിന്നതയുണ്ടാക്കി നേട്ടത്തിനു ശ്രമിക്കുന്നവർ നിങ്ങളെക്കാൾ ജാഗ്രതയിലാണെന്നു മറക്കരുത്. അവരുടെയും മന്ത്രിമാരുടെയും പ്രകോപനങ്ങളിൽ നിങ്ങൾ വീണുപോയാൽ വലിയ വില കൊടുക്കേണ്ടിവരും. പദ്ധതിക്കേതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങളിലേറെയും ശരിയാണെന്നാണ് പ്രധാന പഠനറിപ്പോർട്ടുകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
സീപോർട്ട് അധികാരികൾ നല്കിയ വിശദീകരണത്തിൽ മാത്രമാണ് തീരം കടലെടുക്കുന്നതിന്റെ കാരണം തുറമുഖ നിർമ്മാണമല്ലെന്നു പറയുന്നത്. പ്രളയത്തിൽ കൈകാലിട്ടടിച്ച കേരളത്തെ നെഞ്ചോടുചേർത്ത നിങ്ങളെ മനുഷ്യത്വമുള്ള മലയാളികൾ മറക്കില്ല. രാജ്യത്തിന്റെ നന്മയ്ക്ക് സ്വന്തം വീടും ആരാധനാലയവുമൊക്കെ വിട്ടുനിൽകിയ നിങ്ങളുടെ ദേശസ്നേഹത്തെ കപടദേശപ്രേമികളല്ലാതെ ആരും ചോദ്യം ചെയ്യില്ല. 1962ലും 2018ലും നിങ്ങൾ കാണിച്ച മഹത്വം ആവർത്തിക്കുക. സമാധാനം ഉറപ്പാക്കി നീതിക്കുവേണ്ടി പൊരുതുന്നവരാകട്ടെ നിങ്ങൾ, കേരളത്തിന്റെ പ്രിയ സൈന്യമേ.
മറുനാടന് മലയാളി ബ്യൂറോ