- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജനെതിരേ കേസ് കൊടുക്കാൻ ആലോചിച്ചവർക്കു പോലും ഇപ്പോൾ പിന്തുണയ്‌ക്കേണ്ട അവസ്ഥ; ആ സ്ഥാപനത്തിലെ ജീവനക്കാരും അവരുടെ കുടുംബവും എന്തു പിഴച്ചു; സോഴ്‌സുകളെ തിരിച്ചറിഞ്ഞ് വാർത്ത തടയാമെന്ന മോഹം ഈ ഫോൺ പിടിത്തത്തിനു പിന്നിലുണ്ടാകാം; മറുനാടന് പിന്തുണയുമായി വീണ്ടും ദീപിക; ഇതല്ലേ പൊലീസ് തേർവാഴ്ച!
തിരുവനന്തപുരം: വീണ്ടും മറുനാടൻ മലയാളിക്ക ദീപികയുടെ ഉറച്ച പിന്തുണ. കഴിഞ്ഞ ദിവസം എഡിറ്റോറിയലിലൂടെ പിന്തുണ നൽകിയ ദീപിക തുടർച്ചയായ രണ്ടാം ദിവസവും മാധ്യമ വേട്ട ചർച്ചയാക്കുകയാണ്. ഇതല്ലേ പൊലീസ് തേർവാഴ്ച എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. 'മറുനാടൻ മലയാളി'യുടെ ഉടമ ഷാജൻ സ്‌കറിയയെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ എന്ന മറവിൽ അദ്ദേഹവുമായി ബന്ധമുള്ള പത്രലേഖകരെയും കുടുംബാംഗങ്ങളെയും എല്ലാം വേട്ടയാടുന്ന, അവരുടെ ഫോണും ലാപ്‌ടോപ്പും എല്ലാം പിടിച്ചെടുക്കുന്ന ഇടതുപക്ഷ പൊലീസ് പത്രസ്വാതന്ത്ര്യത്തെ മാത്രമല്ല, മനുഷ്യാവകാശങ്ങളെക്കൂടി ലംഘിക്കുകയാണ്-ദീപിക പറയുന്നു. സമഗ്രമായ ലേഖനമാണ് ഈ വിഷയത്തിൽ ദീപിക എഴുതുന്നത്.
അടുത്തകാലത്തായി പൊലീസ് വേട്ടയാടുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് ഹരമായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാൻവേണ്ടി ജനങ്ങളോട് പറഞ്ഞ 'എല്ലാം ശരിയാക്കാം' എന്ന വാഗ്ദാനം ശരിക്കും നിറവേറപ്പെടുകയാണ്. അദ്ദേഹം അധികാരത്തിൽ എത്തിയശേഷം മലയാളിക്ക് കേരള പൊലീസിന്റെ തലവനാകാൻ സാധിച്ചില്ല. ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടല്ല, യുപിഎസി അംഗീകരിക്കാത്തതുകൊണ്ടുമല്ല; പിണറായി സർക്കാർ അവഗണിക്കുന്നതുകൊണ്ടാണ്. മലയാളികളെ തലപ്പത്തു വേണ്ടാത്ത കേരള സർക്കാർ!-ദീപിക പറയുന്നു.
ഷാജനെതിരേ കേസ് കൊടുക്കാൻ ആലോചിച്ചവർക്കുപോലും ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട അവസ്ഥയുണ്ടാക്കി കേരള പൊലീസ്. ഷാജൻ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തിന് ആ സ്ഥാപനത്തിലെ ജീവനക്കാരും അവരുടെ കുടുംബവും എന്തു പിഴച്ചു കേരള പൊലീസിന് പത്രക്കാരുടെ ഫോൺ ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. അവരുടെ സോഴ്‌സുകളെ തിരിച്ചറിഞ്ഞ് തടയാമെന്ന മോഹം ഈ ഫോൺപിടിത്തത്തിനു പിന്നിലുണ്ടാകാം-ദീപിക പറയുന്നു.
ദീപികയിലെ ലേഖനത്തിന്റെ പൂർണ്ണ രൂപം
ഇതല്ലേ പൊലീസ് തേർവാഴ്ച
അനന്തപുരി/ദ്വിജൻ
പിണറായിയുടെ പൊലീസ് എന്തെല്ലാമാണു കാട്ടിക്കൂട്ടുന്നത് പിണറായിക്കും സ്വന്തക്കാർക്കുംവേണ്ടി ശരിക്കും പൊലീസ് അഴിഞ്ഞാടുകയാണോ സർക്കാരിനും പാർട്ടിക്കും, എന്തിന്, പാർട്ടിയുടെ സംഘടനകൾക്കെതിരേ പറയുന്നവരെപോലും കേസിൽ കുടുക്കി പേടിപ്പിക്കുകയാണ്. അങ്ങനെ ചെയ്യും എന്നാണല്ലോ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള പ്രമുഖർക്കെല്ലാമെതിരേ കേസുകളായി. കേസിന്റെ പരിണാമം എന്താകും എന്നത് കേസെടുക്കുന്നവർക്ക് വിഷയമല്ലല്ലോ പ്രതിസ്ഥാനത്തു നിർത്തപ്പെട്ടവനെ ബുദ്ധിമുട്ടിക്കാനും പണം ചെലവാക്കിക്കാനും സാധിക്കുമല്ലോ സർക്കാരിന് നികുതിപ്പണം ചെലവാക്കാം. സാധാരണക്കാരനല്ലേ വെള്ളം കുടിക്കുക.
ഏതാനും മാസം മുന്പ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന്, അവരുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ മൊബൈൽഫോൺ പിടിച്ചെടുത്ത പൊലീസ് ഭീകരത ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിയമിക്കുന്‌പോൾ സർക്കാർ കൊടുക്കുന്ന സന്ദേശം ഇതുതന്നെ ആവണമല്ലോ അടുത്തകാലത്തായി പൊലീസ് വേട്ടയാടുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് ഹരമായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാൻവേണ്ടി ജനങ്ങളോട് പറഞ്ഞ 'എല്ലാം ശരിയാക്കാം' എന്ന വാഗ്ദാനം ശരിക്കും നിറവേറപ്പെടുകയാണ്. അദ്ദേഹം അധികാരത്തിൽ എത്തിയശേഷം മലയാളിക്ക് കേരള പൊലീസിന്റെ തലവനാകാൻ സാധിച്ചില്ല. ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടല്ല, യുപിഎസി അംഗീകരിക്കാത്തതുകൊണ്ടുമല്ല; പിണറായി സർക്കാർ അവഗണിക്കുന്നതുകൊണ്ടാണ്. മലയാളികളെ തലപ്പത്തു വേണ്ടാത്ത കേരള സർക്കാർ!
ഭീകരമായ മാധ്യമവേട്ട
സർക്കാരിന്റെ മാധ്യമവേട്ട എല്ലാ പരിധികളും ലംഘിക്കുന്‌പോൾ ഇടതു സഹയാത്രികർ വരെ അന്പരന്നുപോകുന്നു. ഇടതുസർക്കാർ എന്തുകാണിച്ചാലും മൗനത്തിന്റെ വാൽമീകത്തിൽ സ്വയം ഒളിക്കുന്ന ഇടതുമുന്നണിയുടെ ഘടകകക്ഷികളും പദവികൾ നോക്കി വായടച്ചു പണിയെടുക്കുന്ന ശീലമുള്ള ഇവിടുത്തെ ബുദ്ധിജീവികളുംപോലും ഇളകിത്തുടങ്ങുന്നു. ഇടതുമുന്നണിയുടെ ഒരു ഘടകകക്ഷി നേതാവും മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും എംഡിയുമായ എം വി ശ്രേയാംസ്‌കുമാറിന് എത്ര കടിച്ചുപിടിച്ചിട്ടും പൊലീസിനെതിരേ വായ് തുറക്കാതിരിക്കാനായില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേരു പറയിക്കാനാണ് ഞങ്ങളുടെ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്തതും അവരുടെ ഫോൺ പിടിച്ചെടുത്തതുമെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കേരള പൊലീസിനുള്ളിൽ നടക്കുന്ന ഭീകരമായ ആഭ്യന്തര സംഘർഷത്തെക്കുറിച്ചുകൂടി സൂചിപ്പിച്ചു. ഇടതുപക്ഷ ബാനറിൽ ലോക്‌സഭയിലും നിയമസഭയിലും എത്തിയ പത്രപ്രവർത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോളും സർക്കാരിന്റെ മാധ്യമവേട്ടയ്‌ക്കെതിരേ രംഗത്തുവന്നു.
കേരള സർക്കാരും ഇടതു നേതാക്കളും കാണിക്കുന്ന തട്ടിപ്പുകൾക്കെതിരേ പറയുന്ന പത്രങ്ങളെ മാത്രമല്ല, കോടതിയെപോലും നിശബ്ദമാക്കുന്നതിന് ഇടതുപക്ഷം തുറന്ന നീക്കം ആരംഭിക്കുകയാണ്. ഭരണഭീകരത എല്ലാ സീമകളും ലംഘിക്കുന്നതിന്റെ സൂചനകളല്ലേ ഓരോന്നായി പ്രത്യക്ഷപ്പെടുന്നത്
തട്ടിപ്പ് നിർത്തുക
ഇടതുഭരണത്തിന്റെ നാളുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ നടത്തുന്ന തട്ടിപ്പിന്റെ കഥകൾ പുറത്തു വരുന്നതിന് സിപിഎം സംഘടനകളും നേതാക്കളും മാധ്യമങ്ങളെ വേട്ടയാടുന്നത് മുഖം നന്നാവാത്തതിന് കണ്ണാടി പൊട്ടിക്കുന്നതുപോലെയല്ലേ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി എല്ലാം നിയന്ത്രിച്ചിരുന്നയാൾ ഇപ്പോൾ നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായി ജയിലിലാണ്. ഇടയ്ക്ക് ജാമ്യത്തിൽ ഇറങ്ങിയ അദ്ദേഹം എഴുതിയ പുസ്തകം അദ്ദേഹത്തിനും പിണറായിക്കും വലിയ വിനയായെങ്കിലും അനുവാദമില്ലാതെ പുസ്തകം എഴുതിയതിന് മുൻ ഡിജിപി ജേക്കബ് തോമസിനെതിരേ നടപടിയെടുത്ത പിണറായി സർക്കാർ 'അശ്വത്ഥാവമാവി'നെ വെറുതെ വിട്ടു. അതാണ് ഇരട്ട നീതി അഥവാ സ്വജനപക്ഷപാതം.
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ കെ.കെ. രാഗേഷിന്റെ ഭാര്യ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ജോലി നേടിയതു വിവാദമായി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഡോക്ടറേറ്റും ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥിസംഘടനക്കാർ ഉന്നയിക്കുന്ന ആരോപണമനുസരിച്ച് അദ്ദേഹം തലശേരി ഗവ. ഗേൾസ് സ്‌കൂളിൽ മുഴുവൻ സമയ അദ്ധ്യാപകനായിരുന്ന കാലത്തുതന്നെ ആസാമിലെ സർവകലാശാലയിൽ റെഗുലർ വിദ്യാർത്ഥിയായി ചേർന്ന് പിഎച്ച്ഡി ബിരുദം നേടി. 2009 മുതൽ 2017 വരെ അദ്ദേഹം അദ്ധ്യാപകനായിരുന്നു. ഇടയ്ക്ക് 2012 മുതൽ 2014 വരെയുള്ള കാലംകൊണ്ടാണ് ഡോക്ടറേറ്റ് നേടിയത്. ഇതു തട്ടിപ്പാണെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. മൂന്നു വർഷംകൊണ്ട് എടുക്കേണ്ട ഡോക്ടറേറ്റ് രണ്ടു വർഷം കൊണ്ട് നേടിയതായും ആക്ഷേപിക്കുന്നു. പത്രക്കാർക്കെതിരേ കേസുകൾ എടുത്ത് എത്രകാലം പിടിച്ചുനിൽക്കാനാവും ഡോക്ടറേറ്റ് നേടിയ സഖാക്കളെ എല്ലാം സംശയിച്ചുപോവുകയാണ് ജനം.
ആൾമാറാട്ടം വരെ
വ്യാജ സർട്ടിഫിക്കറ്റും പ്രവേശനതട്ടിപ്പും മാത്രമല്ല, ആൾമാറാട്ടം വരെയാണ് നടത്തുന്നത്. കാട്ടാക്കട കോളജിലെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധിക്ക് പകരം ആളെ മാറ്റിയ വിഷയം ജനം മറന്നിട്ടുണ്ടാവില്ലല്ലോ ആ കേസിലെ പ്രതികളും എല്ലാ കവാടവും അടഞ്ഞ് കീഴടങ്ങുന്നതുവരെ പൊലീസ് ഒന്നും ചെയ്തില്ല. കോൺഗ്രസ് അദ്ധ്യാപക സംഘടനയിൽപ്പെട്ട പ്രിൻസിപ്പൽ ചതിച്ചതാണെന്ന് എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് സാനു പിന്നീട് ഇതേക്കുറിച്ചു പറഞ്ഞു. പക്ഷേ, ആൾമാറാട്ടം നടത്തി കൗൺസിലറായ സഖാവ് പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ അയാൾക്കു കേസിൽനിന്നെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ വിശ്വസിക്കാവുന്ന ഒരു ന്യായീകരണം പോലും പറയാനാവുന്നില്ല.
'മറുനാടൻ മലയാളി'
'മറുനാടൻ മലയാളി'യുടെ ഉടമ ഷാജൻ സ്‌കറിയയെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ എന്ന മറവിൽ അദ്ദേഹവുമായി ബന്ധമുള്ള പത്രലേഖകരെയും കുടുംബാംഗങ്ങളെയും എല്ലാം വേട്ടയാടുന്ന, അവരുടെ ഫോണും ലാപ്‌ടോപ്പും എല്ലാം പിടിച്ചെടുക്കുന്ന ഇടതുപക്ഷ പൊലീസ് പത്രസ്വാതന്ത്ര്യത്തെ മാത്രമല്ല, മനുഷ്യാവകാശങ്ങളെക്കൂടി ലംഘിക്കുകയാണ്. ഷാജനോടോ അദ്ദേഹത്തിന്റെ ശൈലിയോടോ തീർത്തും യോജിപ്പില്ലാത്തവർക്കു പോലും ജനാധിപത്യത്തിന്റെ നാലാം തൂണിനോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവിന്റെ പേരിൽ പൊലീസിനെതിരേ പ്രതികരിക്കേണ്ടി വന്നില്ലേ ഷാജനെതിരേ കേസ് കൊടുക്കാൻ ആലോചിച്ചവർക്കുപോലും ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട അവസ്ഥയുണ്ടാക്കി കേരള പൊലീസ്. ഷാജൻ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തിന് ആ സ്ഥാപനത്തിലെ ജീവനക്കാരും അവരുടെ കുടുംബവും എന്തു പിഴച്ചു കേരള പൊലീസിന് പത്രക്കാരുടെ ഫോൺ ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. അവരുടെ സോഴ്‌സുകളെ തിരിച്ചറിഞ്ഞ് തടയാമെന്ന മോഹം ഈ ഫോൺപിടിത്തത്തിനു പിന്നിലുണ്ടാകാം.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടൽ സ്ഥിരം തൊഴിലാക്കിയ ഇടതു വിദ്യാർത്ഥിസംഘടനയുടെ ഒരു നേതാവിനെ കോടതിയുടെ പരിരക്ഷ കിട്ടാതെ വരുന്നതുവരെ സുഖവാസത്തിനു വിട്ട പൊലീസാണ് ഇപ്പോൾ സടകുടഞ്ഞ് നാട്ടുകാരെയെല്ലാം ഭയപ്പെടുത്തി ഓടിനടക്കുന്നത്. 15 ദിവസം അവർ ഒളിവിൽ താമസിച്ചപ്പോൾ ആരുടെയും ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായി കേട്ടില്ല. അവർ ഒളിച്ചു താമസിച്ചിരുന്ന വീട്ടുകാർക്കുപോലും ഒരു അലോസരവും ഉണ്ടാക്കിയതുമില്ല. പ്രതിയെ ഒളിവിലിരിക്കാൻ സമ്മതിച്ചതിന് ഒരു നടപടിയും അവർക്കെതിരേ എടുത്തതായും ആർക്കും അറിവില്ല.
ഷാജന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും അദ്ദേഹം പൊലീസ് പിടിയിലാകാതെ നോക്കുകയും മുൻകൂർ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യദ്രോഹക്കുറ്റക്കാരനല്ല. സ്വർണക്കടത്തു നടത്തിയവനുമല്ല. ഒരു മാനനഷ്ടക്കേസിലെ പ്രതിയാണ്. തടവിലാക്കപ്പെട്ടാലും പൊലീസിന് ചെയ്യാനാവുന്ന പീഡനങ്ങൾക്കു പരിമിതികളുണ്ട്. സുപ്രീംകോടതി വിധി വരുന്നതിനു മുന്പ് തടവിലാക്കി ജയം ഘോഷിക്കാനുള്ള സർക്കാർ ഭീകരതയാണ് പൊലീസ് കാണിക്കുന്നത്. എന്തുണ്ടായി മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളാകെ അദ്ദേഹത്തിനുവേണ്ടി വാദിക്കുകയായി. അദ്ദേഹം അകാരണമായി ഉപദ്രവിച്ചവർ പോലും.
കൂടുതൽ ജാഗ്രത വേണം
പിണറായി സർക്കാർ മോദി സർക്കാരിനേക്കാൾ ഭീകരവാദികളാണെന്നും അവകാശസംരക്ഷണത്തിന് ജനം കൂടുതൽ ജാഗ്രത കാണിക്കണം എന്നുമുള്ള ചിന്ത ശക്തമാവുകയാണ്. ഈ മുന്നേറ്റത്തിന് യോജിക്കാവുന്ന എല്ലാവരും യോജിക്കണമെന്നും ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും ജനം മനസിലാക്കുന്നു.1959ൽ വിമോചനസമരം ഉണ്ടായതുപോലെ ഒരു സാഹചര്യം.
ഏതാനും മാസം മുന്പ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നടത്തിയ ആരോപണങ്ങളെത്തുടർന്ന് ഒരു കേസിലും പ്രതിയല്ലാത്ത അവരുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി. അതിനോടും ജനം കാര്യമായി പ്രതികരിച്ചില്ല. അവർക്കുവേണ്ടിയല്ല, പൊലീസ് ഭീകരതയ്‌ക്കെതിരേ. ഈ നിസംഗതയാണ് പൊലീസിന് തന്റേടം കൂട്ടുന്നത്.
കോഴിക്കോട് തീവണ്ടി തീവയ്പ് കേസിലെ പ്രതിയെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. ആ പ്രതിയുമായി വന്ന വാഹനത്തെ പിന്തുടർന്ന് ചിത്രമെടുത്തെന്നാരോപിച്ചു മാതൃഭൂമി റിപ്പോർട്ടർമാർക്കെതിരേ നാലുമാസം കഴിഞ്ഞ് കേസെടുത്തു. അവരുടെ ഫോണെല്ലാം പിടിച്ചെടുത്തു. പ്രതിയെ കൊണ്ടുവരുന്ന കാര്യത്തിൽ പൊലീസ് കാണിച്ച വീഴ്ചകളുടെ കഥ പുറത്തു വന്നിരുന്നു. സ്വകാര്യവ്യക്തിയുടെ വാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. വാഹനം വഴിക്കു കേടായി. ഇത്തരം സുരക്ഷാ പാളിച്ചകളൊന്നും ഇതുവരെ ആരുടെയും അന്വേഷണവിഷയമായതായോ നടപടിയുണ്ടായതായോ വിവരമില്ല.
എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാതെ ജയിച്ച എസ്എഫ്‌ഐ നേതാവ് പി.എം. ആർഷോയുടെ ഫലം വലിയ വിവാദമായി. അപ്പോൾ അത് ഗൂഢാലോചനയായി ചിത്രീകരിച്ച് ആർഷോ പൊലീസിൽ പരാതി കൊടുത്തു. ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർക്കെതിരേ കേസെടുത്തു. ഫലം പ്രസിദ്ധീകരിച്ച് മൂന്നു മാസത്തിനു ശേഷം വാർത്തയാക്കിയതിനാണ് കേസ്. വാർത്ത അസത്യമാണെന്ന് ആരോപണമില്ല. ഗൂഢാലോചനയാണെന്നാണ് ആരോപണം. അതിനാണു കേസ്.
ഏഷ്യാനെറ്റിലെ അബ്‌ജോദ് വർഗീസിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് വിളിപ്പിച്ചത് 2020ൽ മുല്ലപ്പള്ളി നടത്തിയ പ്രസംഗം സംബന്ധിച്ച വാർത്ത വായിച്ചതിനാണ്. സരിത മുല്ലപ്പള്ളിക്കെതിരേ നല്കിയ പരാതിയിൽ തെളിവെടുക്കുന്നതിന്! ഇനിയും വരാം ഇത്തരം സംഭവങ്ങൾ. എഡിറ്റേഴ്‌സ് ഗിൽഡ് സർക്കാർ നടപടിയെ അപലപിച്ചു. കേസ് പിൻവലിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ചരിത്രപാഠം
സമാകാലീന രാഷ്ട്രീയചരിത്രം തരുന്ന ഒരു സത്യംകൂടി ഓർമിപ്പിക്കട്ടെ. ഉപ്പു തിന്നവരാരും വെള്ളം കുടിക്കാതിരുന്നിട്ടില്ല. എല്ലാ കുടുക്കുകളും വെട്ടിച്ചു കളിച്ച കരുണാകരൻ വീണത് അദ്ദേഹത്തിന് വലിയ ബന്ധമൊന്നും ഇല്ലാത്ത ചാരക്കേസിൽ. പൈപ്പു കുംഭകോണത്തിന് ആരോപണങ്ങളുടെ ശരശയ്യ ഉണ്ടായിട്ടും എംപി. ഗംഗാധരൻ വീണത് മകളുടെ വിവാഹപ്രായ പ്രശ്‌നത്തിൽ. രാഷ്ട്രീയക്കളികളുടെ രാജഗുരുവായ മാണി വീണത് ഒരു കോടിയുടെ ബാർകോഴ കേസിൽ. എല്ലാ കളിക്കാർക്കും ഒരു കുരുക്ക് ഒരുങ്ങുന്നുണ്ട്; ഊനങ്കുരുക്കാകാവുന്ന ഒരു കുരുക്ക്.
മറുനാടന് മലയാളി ബ്യൂറോ